ബിജെപിയിലേക്ക് തിരിച്ചെത്തുമോ? നദ്ദ കേരളത്തിലേക്ക്, കൊഴിഞ്ഞുപോക്കില്‍ വിശദീകരണം നല്‍കണം
ന്യൂഡല്‍ഹി: അടുത്തിടെ കേരളത്തില്‍ നിന്നും ബി ജെ പി നേതാക്കള്‍ രാജിവച്ച സംഭവത്തില്‍ ദേശീയ നേതൃത്വം ഇടപെടും. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ പറയുന്നത്. നാളെ കേരളത്തിലെത്തുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടുമെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബി ജെ പിയില്‍ നിന്ന് രാജിവച്ചത്. കൂടാതെ രാജസേനനും ഭീമന്‍ രഘുവും പാര്‍ട്ടിയില്‍ നിന്ന് അകന്നിരുന്നു. ഇത് സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ച് ബി ജെ പി ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നതിനിടെയാണ് കേരളത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. കൂടാതെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ എത്തിയെങ്കിലും സജീവമായ പ്രവര്‍ത്തനങ്ങളൊന്നും കാഴ്ചവയ്ക്കുന്നില്ല. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്ത് ഇടപെടാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരത്താണ് നദ്ദ എത്തുന്നത്. നേതാക്കളുടെ കൊഴിഞ്ഞു പോക്കും സംഘടനതലത്തിലെ പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ദേശീയ നേതൃത്വം വിശദാംശങ്ങള്‍ തേടും.
അതേസമയം, പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് രാജസേനന്‍ അടക്കമുള്ളവര്‍ ബി ജെ പി വിട്ടത്. കലാകാരന്മാര്‍ക്ക് ബി ജെ പി പ്രധാന്യം നല്‍കുന്നില്ലെന്ന് പാര്‍ട്ടി വിട്ടതിന് പിന്നാലെ രാജസേനന്‍ ആരോപിച്ചിരുന്നു. ബി ജെ പിയില്‍ കലാകാരന് പൊതുവേ പ്രാധാന്യം കിട്ടുന്നില്ല. ഒരുപാട് ആശയങ്ങള്‍ സംസ്ഥാന നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്, ഒന്നും സ്വീകരിക്കുന്ന അവസ്ഥയില്ലെന്ന് രാജസേനന്‍ പറഞ്ഞിരുന്നു.
സി പി എമ്മിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഭീമന്‍ രഘു പാര്‍ട്ടി വിട്ടത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും പിണറായി വിജയന്‍ തന്റെ ഇഷ്ട നേതാവാണെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. 'കേരളത്തിന് വേണ്ടി അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. മുഖ്യമന്ത്രി നാട്ടില്‍ എത്തിയാല്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും'- ഭീമന്‍ രഘു പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാന ബി ജെ പി നേതൃത്വവുമായി അകന്നു നില്‍ക്കുന്നയാളാണ് രാമസിംഹന്‍. പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ബി ജെ പി സംസ്ഥാന സമിതി അംഗത്വമുള്‍പ്പെടെയുള്ള ഭാരവാഹിത്വവും രാമസിംഹന്‍ ഒഴിഞ്ഞിരുന്നു. ബി ജെ പിയിലേക്ക് ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം അലി അക്ബര്‍ എന്ന പേര് മാറ്റി രാമസിംഹന്‍ അബൂബക്കര്‍ എന്നാക്കി മാറ്റിയത്.












Click it and Unblock the Notifications