കേരള ബജറ്റ്; കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ
തിരുവനന്തപുരം; കെ എസ് ആർ ടി സിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിപ്പോകളിൽ സൗകര്യം ഒരുക്കാൻ മുപ്പത് കോടിയും കെ എസ് ആർ ടി സിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

അനാവശ്യ ചെലവുകൾ തടഞ്ഞ് വരുമാനം വർധിപ്പിക്കാനും കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനുമാണഅ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ദീർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ഓട്ടോകൾ ഇലക്ട്രിക്ക് ഓട്ടോകളാക്കാൻ സബ്സിഡി അനുവദിക്കുമെന്നും ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു. ഇ ഓട്ടോയാക്കുന്നതിന് ഒരു വണ്ടിക്ക് 15000 രൂപയാണ് സബ്സിഡി നൽകുക. വനിതകൾക്കായിരിക്കും മുൻഗണന ലഭിക്കുക. കുറഞ്ഞത് 50 ശതമാനം ഗുണഭോക്താക്കൾ വനിതകൾ ആണെന്ന് ഉറപ്പാക്കും.
മോട്ടോർ വാഹന വകുപ്പിന് 44 കോടി രൂപ അനുവദിക്കും. ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് ഉൾപ്പെടെയാണിത്. സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളെ ജി പി എസ് വഴി നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ കൈക്കൊള്ളും. 24 മണിക്കൂറും ഇവ ഉറപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കിഫ്ബിയിൽ നിന്ന് പണം വകയിരുത്തും. ധനസഹായമായി 200 കോടിയായകും അനുവദിക്കുക. ഗതാഗത കുരുക്ക് കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമ്മിക്കാനുള്ള നടപടികളും കൈക്കൊള്ും. ഇത്തരത്തിൽ ആറ് ബൈപ്പാസുകൾ നിർമ്മിക്കാനുള്ള ഫണ്ടുകൾ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.
തുറമുഖ വികസനത്തിനും ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിച്ചു. അഴീക്കൽ കൊല്ലം, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങളുടെ വികസനത്തിനായി 41. 5 കോടി രൂപയാണ് അനുവദിച്ചത്. വിഴിഞ്ഞം കാർഗോ തുറമുഖത്തിനും തങ്കശേരി തുറമുഖത്തിനും 10 കോടി വീതം നൽകും. കൊച്ചി ജല മെട്രോ പദ്ധതിക്കായി 150 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും പ്രാഥമികമായി 2000 കോടി അനുവദിക്കുമെന്നും ബജറ്റിൽ ധനമന്ത്രി അറിയിച്ചു. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകൾ നടത്താനുള്ള എയർസ്ട്രിപ്പ് സ്ട്രിപ്പ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications