13-ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവും... ഐസക് കൂള്‍ ആയി സഭയിലെത്തി
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒഴിവാക്കപ്പെട്ട രണ്ട് സംഭവങ്ങളായിരുന്നു പതിമൂന്നാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവും. രണ്ടിനേയും അപശകുനങ്ങളായാണ് കണ്ടിരുന്നത്.(ബജറ്റിന്റെ പൂര്‍ണ രൂപം വായിക്കാം)
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പതിമൂന്നാം നമ്പര്‍ കാര്‍ വീണ്ടും വിവാദത്തിലായി. അപ്പോള്‍ ധൈര്യസമേതം മുന്നോട്ട് വന്നത് ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. മന്ത്രിമാര്‍ വാഴാത്ത മന്‍മോഹന്‍ ബംഗ്ലാവും ഐസക് തന്നെ ഏറ്റെടുത്തു.

ബജറ്റ് അവതരണത്തിന് മുമ്പ് മന്‍മോഹന്‍ ബംഗ്ലാവിൽ താമസമാക്കേണ്ടെന്ന് പലരും ഉപദേശിച്ചെങ്കിലും നാസ്തികനായ ഐസക് അത് ചെവിക്കൊണ്ടില്ല. ബജറ്റിന് മുമ്പ് തന്നെ അദ്ദേഹം മന്‍മോഹന്‍ ബംഗ്ലാവില്‍ താമസമാക്കി. ഗൃഹപ്രവേശനത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ആദ്യ ബജറ്റ് അവതരിപ്പിയ്ക്കാന്‍ തോമസ് ഐസക് നിയമസഭയില്‍ എത്തിയത് മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നാണ്. അതും പതിമൂന്നാം നമ്പര്‍ കാറില്‍ തന്നെ. ഐസക്കിന്റെ ബജറ്റിന് എന്തെങ്കിലും സംഭവിയ്ക്കുമോ?
നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിക്കൊണ്ടാണ് ഐസക് നിയമസഭയില്‍ എത്തിയത്. എന്നാല്‍ നികുതി അടയ്ക്കാതെ രക്ഷപ്പെട്ട് നടക്കുന്നവര്‍ക്ക് അത്ര രക്ഷയുണ്ടാകില്ലെന്ന് ഐസക് പറഞ്ഞുകഴിഞ്ഞു. മന്‍മോഹന്‍ ബംഗ്ലാവും പതിമൂന്നാം നമ്പര്‍ കാറും ചിലപ്പോള്‍ നികുതി വെട്ടിപ്പുകാര്‍ക്കായിരിക്കും അപശകുനം.












Click it and Unblock the Notifications