ഈ വര്‍ഷം 8 ലക്ഷം തൊഴിലവസരം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികം നല്‍കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ഈ വര്‍ഷം എട്ട് ലക്ഷം തൊഴില്‍ അവസരങ്ങളാണുണ്ടാക്കുമെന്നും പറഞ്ഞു. ആരോഗ്യവകുപ്പില്‍ 4000 തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്ടിക്കും.
കമ്പനികള്‍ക്ക് ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം നല്‍കും. ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ അഞ്ച് വര്‍ഷത്തിനിടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 50 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്ക് വഴി പരിശീലനം നല്‍കും. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. 1500 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ബജറ്റ് പ്രഖ്യാപനം നടത്തി തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വികസന വെല്ലുവിളി തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതി തുടങ്ങും. ഫെബ്രുവരി മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. വര്‍ക്ക് നിയര്‍ ഹോം രീതിയിലുള്ള വര്‍ക്ക് സ്റ്റേഷനുകള്‍ക്ക് 20 കോടി രൂപ നീക്കിവച്ചു. കമ്പനികള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങാനടക്കം വായ്പകള്‍ അനുവദിക്കും.