Kerala Budget 2022: തുറമുഖ വികസനങ്ങള്‍ക്ക് കോടികള്‍; തിരക്കേറിയ 20 ജങ്ഷനുകളും വികസിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളുടെ മുഖഛായ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍. ബൃഹദ് പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഴീക്കല്‍, കൊല്ലം, പൊന്നാനി, ബേപ്പൂര്‍ തുറമുഖങ്ങള്‍ക്ക് 41.5 കോടി രൂപ വകയിരുത്തി. ബേപ്പൂര്‍ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടിയും നീക്കിവയ്ക്കും. ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് വേണ്ടി രണ്ടര കോടി രൂപ മാറ്റിവയ്ക്കും. വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശേരി തുറമുഖം എന്നിവയ്ക്ക് പത്ത് കോടി രൂപ വീതം വകയിരുത്തി.

സംസ്ഥാനത്തെ തിരക്കേറിയ 20 ജങ്ഷനുകള്‍ കണ്ടെത്തും. ഇവ വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. 200 കോടി രൂപ ചെലവിലാകും വികസന പ്രവര്‍ത്തനങ്ങള്‍. ഇതിനുള്ള ഫണ്ട് കിഫ്ബിയില്‍ നിന്ന് കണ്ടെത്തും. ഗതാഗത കുരുക്കുള്ള സ്ഥലങ്ങളില്‍ ബൈപ്പാസ് നിര്‍മിക്കും. ആറ് ബൈപ്പാസുകള്‍ നിര്‍മിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം-അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം-ചെങ്കോട്ട റോഡിനുമായി 1500 കോടി രൂപയാണ് വകയിരുത്തുക. കിഫ്ബി വഴിയാണ് പണം ലഭ്യമാക്കല്‍. റോഡ് നിര്‍മാണത്തിന് നവീന സാങ്കേതിക വിദ്യ നടപ്പാക്കുന്നത് തുടരും.
തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലമേറ്റെടുക്കാന്‍ 1000 കോടി രൂപ അനുവദിച്ചു. പ്രളയം ബാധിച്ച് നശിച്ച പാലങ്ങളുടെ നിര്‍മാണത്തിന് 92 കോടി രൂപ വകയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപയാണ് ലഭ്യമാക്കുക. ജില്ലാ റോഡുകളുടെ വികസനത്തിന് 62 കോടി രൂപ നീക്കിവയ്ക്കും. സംസ്ഥാന പാതയ്ക്ക് സമീപം അന്താരാഷ്ട്ര നിലവാരത്തില്‍ റെസ്റ്റ് സ്റ്റോപ്പ് പദ്ധതിക്ക് രണ്ട് കോടി രൂപയും നീക്കിവയ്ക്കും.












Click it and Unblock the Notifications