'കേരളം സാമ്പത്തിക പ്രതിസന്ധിയിൽ'; 'ബജറ്റ് ജന ജീവിതം മെച്ചപ്പെടുത്തും'; - കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: കേരള ബജറ്റ് നാളെ നടക്കാനിരിക്കെ സംസ്ഥാന ബജറ്റിൽ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.
കൊവിഡ് സാഹചര്യത്തിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് മറികടക്കാൻ സാധിക്കുന്ന തരത്തിലുള്ള ബജറ്റാകും പ്രഖ്യാപിക്കുക.

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബജറ്റ് അവതരണം ആരംഭിക്കും. അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകുന്നതായിരിക്കും ഈ സർക്കാരിന്റെ രണ്ടാം ബജറ്റ്. പുതിയ നികുതി നിർദേശങ്ങളും ബജറ്റിലുണ്ടാകും എന്നാണ് വിവരം. ജനത്തിന്റെ ദൈനംദിന ജീവിതത്തിൽ കടുത്ത ബാധ്യത ഏൽപ്പിക്കാതെ, എന്നാൽ സംസ്ഥാനത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് വർധനവുകൾക്ക് ബജറ്റിൽ ശുപാർശയുണ്ടായേക്കും.
അതേസമയം, പ്രതിസന്ധികൾ നിലനിൽക്കെ, വരുമാനം ഉയർത്തുകയെന്നതാകും ധനമന്ത്രി നേരിടുന്ന വലിയ വെല്ലുവിളി. പ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞപ്പോൾ ചെലവ് കുതിച്ചുയർന്നു. ഈ അന്തരം മറികടക്കുകയാണ് ലക്ഷ്യം. ഉൽപ്പാദന മേഖലയിലടക്കം ഉണർവിനുള്ള പരിപാടികൾക്ക് ഊന്നൽ നൽകിയാകും ബജറ്റ്. വരുമാനം വർധിപ്പിക്കേണ്ടതിനാൽ സംരംഭക മേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്കും അതേപോലെ കുടുംബശ്രീ വഴിയുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.
മൃഗസംരക്ഷണ-പരിപാലന മേഖലയെ കൂടുതൽ കാര്യക്ഷമമാക്കിയേക്കും. എന്നാൽ സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പെട്രോളിനും ഡീസലിനും നികുതി വർധിപ്പിക്കില്ല. ഇന്ധന വില വർധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ, മാവേലി സ്റ്റോറുകൾ വഴിയുള്ള ഇടപെടൽ ഉണ്ടാകും.
കോഴി വില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന മാഫിയകളുടെ ചൂഷണം നേരിടാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഫാം ഉടമകൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായം ലഭിച്ചേക്കും. യുക്രൈൻ - റഷ്യ സംഘർഷം പലചരക്ക് സാധനങ്ങളുടെയാകെ വില ഉയർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിപണിയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ഹോട്ടലുടമകളുടെ ഭാഗത്തുമുണ്ട്.












Click it and Unblock the Notifications