kerala budget 2022: സഞ്ചരിക്കുന്ന റേഷന്‍ കട 140 മണ്ഡലങ്ങളിലേക്കും; എല്ലാം കൈയ്യെത്തും ദൂരത്ത്
തിരുവനന്തപുരം: സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ പ്രഖ്യാപിച്ചു. നിലവില്‍ ആദിവാസി മേഖലകളില്‍ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു വിപുലീകരിക്കുകയാണ് ചെയ്യുക. എല്ലാവര്‍ക്കും റേഷന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. പല കാരണങ്ങളാല്‍ പ്രയാസം നേരിടുന്നവര്‍ റേഷന്‍ വാങ്ങാതെയും കിട്ടാതെയും പോകുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് തീരുമാനം.

സമീപത്തെ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ഒരു നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന റേഷന്‍ കട. ഓരോ പ്രദേശത്തും വാഹനം എത്തുന്ന തിയ്യതി നേരത്തെ അറിയിക്കും. ഇതുപ്രകാരം രേഖകളുമായി എത്തി ധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കും. സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ ഈ സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുമായി സഹകരിച്ചും ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിന് ബൃഹദ് പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഴീക്കല്‍, കൊല്ലം, പൊന്നാനി, ബേപ്പൂര്‍ തുറമുഖങ്ങള്‍ക്ക് 41.5 കോടി രൂപ വകയിരുത്തി. ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് രണ്ടര കോടി രൂപ മാറ്റിവയ്ക്കും. ബേപ്പൂര്‍ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടിയും നീക്കിവയ്ക്കും. വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശേരി തുറമുഖം എന്നിവയ്ക്ക് പത്ത് കോടി രൂപ വീതം വകയിരുത്തി.
സംസ്ഥാനത്തെ തിരക്കേറിയ 20 ജങ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും. 200 കോടി രൂപ ചെലവിലാകും വികസനം. ഗതാഗത കുരുക്കുള്ള സ്ഥലങ്ങളില്‍ ബൈപ്പാസ് നിര്‍മിക്കും. ആറ് ബൈപ്പാസുകള്‍ നിര്‍മിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലമേറ്റെടുക്കാന്‍ 1000 കോടി രൂപ അനുവദിച്ചു. പ്രളയം ബാധിച്ച് നശിച്ച പാലങ്ങളുടെ നിര്‍മാണത്തിന് 92 കോടി രൂപ വകയിരുത്തി.












Click it and Unblock the Notifications