ഐസക്കിന്റൈ ബജറ്റ് പോലെ തന്നെ; ബാലഗോപാലിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ബാലഗോപാലിന്റെ കഴിഞ്ഞ ബഡ്ജറ്റിലെ 70% പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇത്തവണയും അദ്ദേഹം വീണ്ടും ആയിരക്കണക്കിന് കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതിരൂക്ഷമായ കടക്കെണിയില്‍പ്പെട്ട് കിടക്കുന്ന സംസ്ഥാനത്തെ അതില്‍ നിന്ന് കരകയറ്റാനുള്ള വഴികളൊന്നും ബഡ്ജറ്റ് നിര്‍ദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നികുതി പിരിവ് കാര്യക്ഷമമല്ലെന്നും കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന ജി എസ് ടി നഷ്ടപരിപാരം അവസാനിക്കാന്‍ പോകുകയാണെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബജറ്റിനെതിരെ രംഗത്തെത്തിയിരുന്നു. വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എന്നാണ് സതീശന്‍ പറഞ്ഞത്. നികുതി പിരിവ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആംനെസ്റ്റി സ്‌കീമുകളെന്നും സതീശന്‍ പറഞ്ഞിരുന്നു. യു ഡി എഫ് ഭരണകാലത്ത് നികുതി പിരിവ് ലക്ഷ്യം ഒരു പരിധി വരെ പൂര്‍ത്തികരിക്കാന്‍ സാധിച്ചിരുന്നുവെന്നും സതീശന്‍ വ്യക്തമാക്കി. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.
രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന തോമസ് ഐസക്ക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. ബഡ്ജറ്റിംഗ് സംവിധാനത്തെ തന്നെ പ്രഹസനമാക്കി മാറ്റിയയാളാണ് തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും ആ സ്വഭാവം ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബഡ്ജറ്റ് പ്രസംഗം തെളിയിക്കുന്നത്.
ബാലഗോപാലിന്റെ കഴിഞ്ഞ ബഡ്ജറ്റിലെ 70% പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല. അദ്ദേഹം വീണ്ടും ആയിരക്കണക്കിന് കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനൊക്കെ പണം എവിടെ നിന്നാണ് വരുന്നതെന്ന് ബഡ്ജറ്റില്‍ പറയുന്നുമില്ല. അതിരൂക്ഷമായ കടക്കെണിയില്‍പ്പെട്ടു കിടക്കുന്ന സംസ്ഥാനത്തെ അതില്‍ നിന്ന് കരകയറ്റാനുള്ള വഴികളൊന്നും ബഡ്ജറ്റ് നിര്‍ദ്ദേശിക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമല്ല.
കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന ജി.എസ്.ടി നഷ്ടപരിപാരം അവസാനിക്കാന്‍ പോകുകയാണ്. അതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇത് എങ്ങനെ മറികടക്കുമെന്ന് ബാലഗോപാല്‍ മിണ്ടുന്നേയില്ല












Click it and Unblock the Notifications