സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം..നികുതി വർധനവിന് സാധ്യത, ക്ഷേമ പെൻഷനുകൾ കൂടിയേക്കും
സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നതായി കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും.സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ മറികടക്കാനുള്ള എന്തെല്ലാം നിർദ്ദേശങ്ങളായിരിക്കും ബജറ്റിൽ ഉണ്ടാകുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്.വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനും ചെലവും ചുരുക്കാനുമുള്ള കർശന നടപടികൾ കൈക്കൊള്ളാതെ സാമ്പത്തിക സ്ഥിതി മുന്നോട്ട് പോകുന്നില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹഹചര്യത്തിൽ നികുതികളും ഫീസുകളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബജറ്റിലെ പരിഗണന എങ്ങനെയാകും എന്നതും ശ്രദ്ധേയമാകും.
ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ഇത് 100 രൂപ വർധിപ്പിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന ബജറ്റിൽ നികുതി വർധനവ് ഉണ്ടായേക്കും. ഭൂമിയുടെ ന്യായ വില , മോട്ടോർവാഹന നികുതി എന്നിവയിൽ അടക്കം മാറ്റം വന്നേക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വർധന നടപടികൾക്ക് ഊന്നൽ നൽകിയേക്കും. സർക്കാർ സേവനങ്ങൾക്ക് നിരക്ക് കൂടും.
കിഫ്ബിക്ക് എത്ര തുകമാറ്റി വെയ്ക്കുമെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. നാളിതുവരെ 73,851 കോടിയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്.31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് .അതേസമയം സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നതായി കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. 2012-13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്.
എന്നാൽ സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നതാണ് ഇതിന് കാരണം.സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാര‍് നടപടി വലിയ തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. റെവന്യൂ വരുമാനം 12.86 ശതമാനമായി ഉയർന്നിട്ടുണ്ട്. കേന്ദ്രവിഹിതം കുറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ഉത്പാദനം ഉയർന്നത് പ്രതീക്ഷയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റും രണ്ടാമത്തെ സമ്പൂർണ്ണ ബജറ്റുമാണിത്. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന പ്രവർത്തന പദ്ധതിയാകും ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുകയെന്ന്
ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.












Click it and Unblock the Notifications