വിദേശസര്‍വകലാശാലകള്‍ക്ക് അനുമതി; സിപിഎം നയത്തിന് വിരുദ്ധം, കേന്ദ്ര നേതൃത്വം ഇടപെടുന്നു
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സര്‍വത്ര മേഖലയിലും സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പ്രഖ്യാപനങ്ങളില്‍ സി പി എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി നയത്തിന് വിരുദ്ധമായി വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തില്‍ സി പി എം കേന്ദ്രനേതൃത്വം ഇടപെടുന്നതാാണ് വിവരം. സി പി എമ്മിന്റെ ദേശീയനയത്തിന് വിരുദ്ധമാണ് ബജറ്റിലെ പ്രഖ്യാപനം എന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്വയംഭരണാധികാരത്തോടെയുള്ള വിദേശസര്‍വകലാശാലകള്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കും എന്നാണ് സി പി എം നിലപാട്. സംസ്ഥാന നേതൃത്വവും ഈ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിദേശസര്‍വകലാശാലയ്ക്കുള്ള യു ജി സി. നടപടികളെ വിമര്‍ശിച്ച് 2023 ജനുവരി ഏഴിന് സി പി എം പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായാണ് ബജറ്റില്‍ നിര്‍ദേശം വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പുമായും കൂടിയാലോചന നടന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശസര്‍വകലാശാലയോടുള്ള സമീപനത്തില്‍ സി പി എം. നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് പി ബി അംഗം നീലോല്‍പല്‍ ബസു പറഞ്ഞത്.
ബജറ്റിലെ നിര്‍ദേശം വിശദമായി വായിച്ചിട്ടില്ല എന്നും അതു മനസിലാക്കിയശേഷം പാര്‍ട്ടി പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബജറ്റ് നിര്‍ദേശങ്ങളെ ന്യായീകരിക്കുകയാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. സിപിഎമ്മിന് നയം മാറ്റമില്ലെന്നും കേന്ദ്ര നിയമമാണ് അനുമതി നല്‍കാന്‍ കാരണം എന്നുമാണ് ഇ പി ജയരാജന്‍ പറയുന്നത്.
തുല്യതയുടെയും സുതാര്യതയുടെയും തത്ത്വങ്ങള്‍ അടിത്തറയാക്കി പുതിയ യു ജി സി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കേരളത്തില്‍ വിദേശസര്‍വകലാശാലാ കാംപസുകള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ പരിശോധിക്കും എന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഫീസ് നിശ്ചയിക്കാനും അധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം നല്‍കി വിദേശസര്‍വകലാശാലാ കാംപസുകള്‍ സ്ഥാപിക്കാനുള്ള യു ജി സി നീക്കത്തെ എതിര്‍ക്കുന്നു എന്നായിരുന്നു 2023 ല്‍ സി പി എം പി ബി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തെ ഇകഴ്ത്തുന്ന ഈ നടപടി ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതല്‍ ദുഷിപ്പിക്കും എന്നും യു ജി സിയുടെ നീക്കം ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി നേരിടാന്‍ സഹായകരമല്ല എന്നുമായിരുന്നു അന്ന് സി പി എം പറഞ്ഞിരുന്നത്.












Click it and Unblock the Notifications