Kerala Budget 2025: സർക്കാരിന്റെ പഴഞ്ചൻ വാഹനങ്ങൾ മാറ്റി പുത്തൻ വാങ്ങാൻ 100 കോടി, കെഎസ്ആർടിസിക്ക് 178 കോടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പഴഞ്ചന്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ ബജറ്റില്‍ തുക വകയിരുത്തി ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. 100 കോടി രൂപയാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. അതേസമയം ഞെരങ്ങി നീങ്ങുന്ന കെഎസ്ആര്‍ടിസിക്കും ബജറ്റില്‍ സര്‍ക്കാര്‍ കൈസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി വികസനത്തിനായി 178.98 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസിക്ക് പുതിയ ബിഎസ്-6 ബസ്സുകള്‍ വാങ്ങാന്‍ 106 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്കിന് പിന്നാലെ കെഎസ്ആര്‍ടിസിക്ക് 103.10 കോടി അധിക സഹായം അനുവദിച്ചതായി കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പെന്‍ഷന്‍ വിതരണത്തിന് 73.10 കോടി രൂപ അനുവദിച്ചു. അതേസമയം മറ്റ് ചിലവുകള്‍ക്കായി 30 കോടിയും അധിക സഹായമായി നല്‍കി.

ബജറ്റില്‍ കെഎസ്ആര്‍ടിസിയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ 500 കോടിയുടെ വിപുലമായ സഹായ പാക്കേജ് ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. ശമ്പളത്തിനും പെന്‍ഷനുമായി മാസത്തില്‍ 120 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത്.
പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി ഈ ബജറ്റില്‍ 3061 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തീരദേശ പാത യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഭൂമി ഏറ്റെടുക്കും. ഓരോ 25 കിലോമീറ്ററിനുമുളള സ്ഥലം ലാന്‍ഡ് പൂളിംഗിലൂടെ കണ്ടെത്തും. റോഡ് പദ്ധതിക്ക് 80 കോടി വകയിരുത്തി. അതേസമയം ഉള്‍നാടന്‍ ജലഗതാഗതത്തിന് 500 കോടിയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
ആറ് വരി ദേശീയപാത വികസനം യാഥാര്‍ത്ഥ്യമായതായി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 2025 അവസാനത്തോടെ ദേശീയപാത ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നത്. അടുത്ത ബജറ്റ് സമ്മേളനത്തിന് വടക്കന്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് ഈ ദേശീയപാത വഴി തിരുവനന്തപുരത്ത് എത്താമെന്നും ധനമന്ത്രി പറഞ്ഞു.
Download











Click it and Unblock the Notifications