കേരള ബജറ്റ് 2025: സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടം കഴിഞ്ഞെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റിന് ഇനി മണിക്കൂറുകള്‍ മാത്രം. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ക്ഷേമപെന്‍ഷനായി നിലവില്‍ നല്‍കി വരുന്ന് 1600 എന്നത് പരിഷ്കരിച്ച് 1800 രൂപവരെയാക്കുമെന്നാണ് പ്രതീക്ഷ. പത്ത് ശതമാനത്തിലേറെ വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ കഴിഞ്ഞ നാല് വർഷമായി ക്ഷേമ പെൻഷൻ വർധിപ്പിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ 100-200 രൂപയുടെ വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ അനർഹർ കൈപ്പറ്റുന്നത് തടയാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.
വിഴിഞ്ഞത്തിനും വയനാടിനും ബജറ്റില്‍ പ്രത്യേക ഊന്നലുണ്ടായിരിക്കും. സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണെന്നാണ് ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

'ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.'- കെഎന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു.
ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്. നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Download











Click it and Unblock the Notifications