Kerala Budget 2026: കേരളത്തെ തകർക്കാൻ ശ്രമം, എന്നിട്ടും പിടിച്ച് നിന്നു, കേന്ദ്ര അവഗണനയ്ക്ക് എതിരെ ധനമന്ത്രി
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ കേന്ദ്ര അവഗണനയ്ക്ക് എതിരെ ആഞ്ഞടിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്കിടയിലും കേരളം പിടിച്ച് നിന്നുവെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല കേന്ദ്ര അവഗണനകൾ മന്ത്രി അക്കമിട്ട് നിരത്തി.
കടുത്ത കേന്ദ്ര അവഗണന ഉണ്ടായിട്ടും എങ്ങനെ കേരളം പിടിച്ച് നിന്നു എന്നതിലാണ് ചിലര്‍ക്ക് വിഷമമെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. '' തനത് വരുമാനം ഉയര്‍ത്തിക്കൊണ്ടാണ് കേരളം പിടിച്ച് നിന്നത്. കടുത്ത അവഗണന ഇല്ലായിരുന്നുവെങ്കില്‍ കേരളം എത്രത്തോളം ഉയരുമായിരുന്നു എന്ന ചോദ്യമാണ് ഉയര്‍ത്തേണ്ടത്. കേരളം കടം കയറി തളര്‍ന്നിരിക്കുന്നു എന്നുളള ആക്ഷേപം കാര്യഗൗരവമുളള ആരും ഇന്ന് ഉന്നയിക്കുന്നില്ല.
കേരളത്തിന്റെ കടപരിധിയുടെ കാര്യത്തില്‍ പല തൊടുന്യായങ്ങളും പറഞ്ഞ് വെട്ടിക്കുറവ് വരുത്തുകയാണ്. കേന്ദ്രത്തില്‍ നിന്നുളള ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങും. കേരളത്തിന്റെ കഥ നേര്‍ വിപരീതമാണ്. കേന്ദ്ര അവഗണനയുടെ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ സന്തോഷിക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് പോലും അതുണ്ടായി.

കേന്ദ്ര അവഗണനയുടെ കണക്കുകള്‍ കിട്ടുന്ന വേദികളിലെല്ലാം വിളിച്ച് പറയുന്നുണ്ട്. കേന്ദ്ര അവഗണനയെ പ്രതിരോധിക്കാനുളള ഒന്നാമത്തെ മാര്‍ഗം അനീതിയാണ് നടക്കുന്നത് എന്ന് വിളിച്ച് പറയുകയെന്നതാണ്.കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നുളള സംയുക്ത ഗവണ്‍മെന്റിന്റെ വലുപ്പം കുറയ്ക്കാന്‍ കേന്ദ്രം നിരന്തരം പരിശ്രമിക്കുന്നു. അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുകളിലാണ് കെട്ടി വെയ്ക്കുന്നത്.
സംസ്ഥാനങ്ങളുടെ നികുതി വരുമാനവും വായ്പാ പരിധിയും വെട്ടിക്കുറയ്ക്കുന്നു. കൂടുതല്‍ ചെലവുത്തരവാദിത്തങ്ങള്‍ കെട്ടിയേല്‍പ്പിക്കുന്നു. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീതം വെയ്‌ക്കേണ്ട തുകയുടെ അനുവാദം വെട്ടിക്കുറയ്ക്കുന്നു. വീതം വെയ്‌ക്കേണ്ട കോര്‍പറേറ്റ് നികുതിയിലും മറ്റും വലിയ ഇളവ് നല്‍കുന്നു'' .
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ മുഖ്യ സ്രോതസ്സായ ജിഎസ്ടി നിരക്കുകള്‍ പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നുമില്ല. സംസ്ഥാനങ്ങള്‍ക്ക് വീതം വെയ്‌ക്കേണ്ട തുക കുറയുന്നതിനൊപ്പം കേരളത്തിനുളള വിഹിതം കുത്തനെ വെട്ടിക്കുറയ്ക്കുന്നു. മാത്രമല്ല റവന്യൂ കമ്മി ഗ്രാന്റും ജിഎസ്ടി കോമ്പന്‍സേഷന്‍ ഗ്രാന്റും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിര്‍ത്തലാക്കി.
ഇതിന് പുറമേ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചു. കൊവിഡ് കാലത്ത് അനുവദിച്ച അധിക വായ്പാ പരിധി ഇല്ലാതായി. കിഫ്ബിയെ പൂര്‍ണമായും റദ്ദ് ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ സംസ്ഥാനത്തിന് ലഭിച്ചിരുന്ന പ്ലാന്‍ ഗ്രാന്റ് ഇല്ലാതായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രത്തിന്റെ പുതിയ സമീപനം കാരണം അധികമായി 2000 കോടി കണ്ടെത്തേണ്ട സ്ഥിതിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും നടക്കുകയാണ്, കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications