പുതിയ ബജറ്റിലെ ഏറ്റവും വലിയ വെല്ലുവിളി ഇതാണ്, ഇന്ദിരാ ഗാരണ്ടി ഏതെല്ലാം നടപ്പാക്കും? ചോദ്യങ്ങളുമായി ഐസക്
വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കുകയാണ്. കേന്ദ്ര സഹായത്തിൽ വന്ന 20000 കോടി രൂപയുടെ കുറവ് എങ്ങനെ നികത്തുമെന്ന് അറിയാനാണ് ബജറ്റിന് വേണ്ടി കാത്തിരിക്കുന്നതെന്ന് മുൻ ധനവകുപ്പ് മന്ത്രി കൂടിയായ ഡോ. ടിഎം തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
ഏതെങ്കിലും മാർഗ്ഗത്തിലൂടെ അധികവിഭവ സമാഹരണത്തിന് പരിപാടിയിട്ടിട്ടുണ്ടോ എന്നതും അറിയേണ്ടതുണ്ടെന്നും തോമസ് ഐസക് കുറിക്കുന്നു. ഐ.ജി.എസ്.ടി ഫലപ്രദമായി പിരിച്ചെടുക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത് എന്നും തോമസ് ഐസക് ചോദിക്കുന്നു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' നാളെയാണ് വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്. 2026-27-ലേക്കുള്ള പൂർണ്ണ ബജറ്റും ധനവിനിയോഗ ബില്ലും നിയമസഭ പാസ്സാക്കിക്കഴിഞ്ഞതാണ്. അതുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുക ഒരു ഭേദഗതി ബജറ്റ് (Alteration Memorandum) ആകാനാണ് സാധ്യത. 2016ൽ ഇതാണ് ചെയ്തതെന്ന് ഓർക്കുന്നു.

അപ്പോൾ ഏറ്റവും കൗതുകപൂർവ്വം അറിയാൻ കാത്തിരിക്കുന്ന കാര്യം ഇതാണ്. നിയമസഭ പാസ്സാക്കിയ ബജറ്റിൽ കേന്ദ്ര ധനസഹായമായി വകയിരുത്തിയിരിക്കുന്നതിൽ 20000 കോടി രൂപയുടെ കുറവുണ്ട്. ഇത് എങ്ങനെ നികത്തും? കേന്ദ്ര ബജറ്റ് അവതരണത്തിനു മുമ്പാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ച അത്രയും തുക കേന്ദ്രത്തിൽ നിന്ന് കേരളത്തിനു ലഭിക്കില്ലായെന്ന് ഉറപ്പായിരുന്നു.
കേന്ദ്ര ബജറ്റിനു ശേഷമാണ് നിയമസഭ സംസ്ഥാന ബജറ്റ് ചർച്ച ചെയ്തു പാസ്സാക്കിയത്. പക്ഷേ, 20000 കോടി രൂപയുടെ വിടവിനെക്കുറിച്ച് ഗൗരവമായ ചർച്ച നിയമസഭയിലോ മാധ്യമങ്ങളിലോ ഉണ്ടായില്ലായെന്നത് എന്നെ അന്ന് അത്ഭുതപ്പെടുത്തിയിരുന്നു. ഇനി അത് സാധ്യമല്ല. പുതിയ ബജറ്റിലെ ഏറ്റവും വലിയ വെല്ലുവിളി ഇതാണ്. വിഭവസമാഹരണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വലിയ പ്രചാരം ലഭിച്ച പോഡ്കാസ്റ്റിലൂടെ താഴെ പറഞ്ഞിട്ടുള്ള ഏതെങ്കിലും മാർഗ്ഗത്തിലൂടെ അധികവിഭവ സമാഹരണത്തിന് പരിപാടിയിട്ടിട്ടുണ്ടോ എന്നുള്ളതായിരിക്കും ഞാൻ ആദ്യം അന്വേഷിക്കുന്ന കാര്യങ്ങളിലൊന്ന്.
ഒന്ന്, 25000 കോടി രൂപയുടെ നികുതി കുടിശിക ഉണ്ടെന്നും അവ പിരിക്കാൻ കുറ്റകരമായ അനാസ്ഥ എൽഡിഎഫ് സർക്കാർ കാണിച്ചെന്നുമായിരുന്നു ആക്ഷേപം. ഇതിൽ എത്ര കോടി രൂപ ഈ വർഷം പിരിച്ചെടുക്കും? പ്രതിസന്ധി തീർക്കാൻ കുടിശിക മാത്രം പിരിച്ചെടുത്താൽ മതിയെന്നായിരുന്നല്ലോ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാദം.
രണ്ട്, സ്വർണ്ണത്തിൽ നിന്ന് ഇപ്പോൾ ജി.എസ്.ടി വരുമാനം ഏതാണ്ട് 600 കോടി രൂപയാണ്. സ്വർണ്ണ വില്പനയുടെ ടേണോവർ വച്ചു നോക്കിയാൽ 15000 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനാകുമെന്നാണ് അന്ന് വാദിച്ചത്. ഈ വർഷം എത്ര കോടി രൂപ സ്വർണ്ണത്തിൽ നിന്നും പിരിച്ചെടുക്കും? മൂന്ന്, സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമത ഇല്ലാത്തതുകൊണ്ട് 25000 കോടി രൂപ ഐ.ജി.എസ്.ടി കേരളത്തിന് നഷ്ടപ്പെട്ടുവെന്നതാണ് മറ്റൊരു വിമർശനം. ഐ.ജി.എസ്.ടി ഫലപ്രദമായി പിരിച്ചെടുക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത്? അടുത്ത അഞ്ച് വർഷംകൊണ്ട് ഐ.ജി.എസ്.ടി എത്ര കൂടുതൽ പിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു?
വരുമാന മേഖലയിലെ ഈ പരിശോധന കഴിഞ്ഞാൽ പിന്നെ എന്റെ ശ്രദ്ധ റവന്യു ചെലവുകളിലായിരിക്കും. ഇന്ദിരാ ഗാരണ്ടി ഏതെല്ലാം നടപ്പാക്കും? എത്ര തുക ഓരോന്നിനുമായി നീക്കിവയ്ക്കുന്നുണ്ട്? ഇതിനു പണം കണ്ടെത്തുമ്പോൾ നിലവിലുള്ള സ്കീമുകൾക്കു വകയിരുത്തിയിരിക്കുന്ന തുക എത്ര വെട്ടിക്കുറയ്ക്കും? സ്ത്രീ സുരക്ഷാ സഹായ പദ്ധതിക്കുള്ള പണം വകയിരുത്തിയിരിക്കുന്നത് തുടരുമോ?
സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഡിഎയുടെ കുടിശികയുടെ ഒരു ഭാഗമെങ്കിലും കൊടുക്കുമോ? ശമ്പള പരിഷ്കരണം ഉണ്ടാകുമോ? കെഎസ്ആർടിസിക്ക് എത്ര തുക വകയിരുത്തുന്നു? 800 കോടി രൂപയെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വകയിരുത്തണമല്ലോ? അടുത്തതായി മൂലധനച്ചെലവാണ് പരിശോധിക്കുക. മൂലധനച്ചെലവിൽ എന്തെങ്കിലും വർദ്ധനയുണ്ടോ? കിഫ്ബി ഇനി വായ്പയെടുക്കേണ്ട. ബജറ്റിൽ നിന്ന് ബില്ലിനുള്ള പണം കൊടുത്തുകൊള്ളാമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്.
45000 കോടി രൂപയുടെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. 10000 കോടി രൂപയുടെയെങ്കിലും ബില്ല് ഈ വർഷം വരും. ഈ തുക പ്രത്യേകം വകയിരുത്തിയിട്ടില്ലെങ്കിൽ അതിനർത്ഥം കിഫ്ബി ബില്ലുകൾ കുടിശികയാകും എന്നാണ്. നിർമ്മാണ പ്രവൃത്തികൾ സ്തംഭിക്കും. വിമർശിക്കുക എളുപ്പമാണ്. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുക പ്രയാസകരമാണ്. കാത്തിരുന്നു കാണാം''.














Click it and Unblock the Notifications