ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് സതീശൻ, അലവൻസുകൾ കൈപറ്റുന്നത് പിന്നെ എവിടെ നിന്നെന്ന് ശിവൻകുട്ടി
പ്രതിപക്ഷ നേതാവിന്റെ ബജറ്റ് വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രിമാര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിന് വിശ്വാസ്യത ഇല്ലെന്നും കേരളത്തിലെ ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണ് എന്നുമാണ് വിഡി സതീശന്റെ വിമര്‍ശനം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി രാജീവും അടക്കമുളളവരാണ് പ്രതിപക്ഷ നേതാവിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
വി ശിവൻകുട്ടിയുടെ പ്രതികരണം: '' വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും.. ബജറ്റ് അവതരണത്തിന് പിന്നാലെ "ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും", സർക്കാർ പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു കണ്ടു. ഖജനാവ് കാലിയാണെന്ന് രാപ്പകൽ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവൻസുകൾ ഇതേ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത്.
ഖജനാവ് അത്രയ്ക്ക് ശൂന്യമാണെങ്കിൽ താങ്കൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങൾ എവിടെ നിന്നാണ് വരുന്നത്? നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ക്ഷേമത്തിനുമായി സർക്കാർ നീക്കിവെക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നത്. പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലെ തന്നെ, ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട പെൻഷനും മറ്റ് ക്ഷേമ പദ്ധതികളും സർക്കാർ കൃത്യമായി ഉറപ്പാക്കുന്നുണ്ട്.

ഖജനാവ് കാലിയാണെന്ന് പറയുന്നവർ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുത്.
ബജറ്റിലുള്ളത് വെറും വാക്കുകളല്ല, മറിച്ച് ഈ നാടിന്റെ പുരോഗതിക്കുള്ള കൃത്യമായ റോഡ് മാപ്പാണ്. അത് ജനങ്ങൾക്ക് ബോധ്യമുണ്ട്. നെഗറ്റീവ് വാർത്തകൾ പടച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണ്. ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്. നമുക്ക് ഒരുമിച്ച് മുന്നേറാം, നാടിന്റെ നന്മയ്ക്കായി''.
മന്ത്രി പി രാജീവിന്റെ പ്രതികരണം ഇങ്ങനെ: '' 2021 ഫെബ്രുവരി മാസം ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിൻ്റെ പ്രതിപക്ഷം പറഞ്ഞത് ഇതൊക്കെ ഇവർ പ്രഖ്യാപിച്ചിട്ട് പോകുമെന്നും വരാനിരിക്കുന്ന സർക്കാരിൻ്റെ ചുമലിലായിരിക്കും എല്ലാ ഭാരവും എന്നുമാണ്. ഇടതുപക്ഷം അവതരിപ്പിച്ച ജനക്ഷേമ പ്രഖ്യാപനങ്ങളുടെ ഭാരം താങ്ങാൻ യുഡിഎഫിന് കഴിയില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു അന്നവർ നടത്തിയത്.
കേരളത്തിലെ പ്രബുദ്ധരായ ജനത ക്ഷേമകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവർ മതിയെന്ന് തീരുമാനിച്ചതോടെയാണ് ഒന്നാം പിണറായി സർക്കാരിന് തുടർച്ചയുണ്ടാകുന്നത്. അന്നത്തെ പ്രതിപക്ഷം പറഞ്ഞതിന് സമാനമായ കാര്യമാണ് ഇന്ന് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവും പറയുന്നത്. ഇതൊക്കെ വെറുതെ പറയുന്നതാണെന്നും ഭാരം മുഴുവൻ അടുത്ത സർക്കാരിനാണെന്നും പറഞ്ഞുകൊണ്ട് ഇവരെന്തൊക്കെയാണ് മുടക്കാൻ നോക്കുന്നത്.? എല്ലാ മേഖലയിലും വികസനമെത്തിക്കും വിധത്തിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നടപ്പിലാക്കിയ ബജറ്റ് മാറ്റിയെഴുതുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികളോ ചെറുപ്പക്കാരോ സ്ത്രീകളോ സംരംഭകരോ വയോജനങ്ങളോ കേരളത്തോടുള്ള യുഡിഎഫിൻ്റെ ഈ യുദ്ധപ്രഖ്യാപനത്തോട് ചേർന്ന് നിൽക്കുമോ.? ധനമന്ത്രിയുടെ ഏത് പ്രഖ്യാപനമാണ് ഇവർക്ക് റദ്ദ് ചെയ്യേണ്ടത്? വ്യവസായ വകുപ്പിനെ സംബന്ധിച്ച് ഏറ്റവും മികച്ച പിന്തുണയാണ് ഈ വർഷത്തെ ബജറ്റും നൽകിയിരിക്കുന്നത്. വ്യവസായം-ധാതുക്കൾ മേഖലയ്ക്കായി 1973.51 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അനുവദിച്ചതിനേക്കാൾ 154 കോടിയിലധികം രൂപയാണ് ഞങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. എം എസ് എം ഇ - വാണിജ്യമേഖലയ്ക്ക് മാത്രമായി 310.84 കോടി രൂപ അനുദിച്ചിട്ടുണ്ട്.
സംരംഭകവർഷം പോലൊരു പദ്ധതിയിലൂടെ 3.51 ലക്ഷത്തിലധികം സംരംഭങ്ങളും 7,50,000 തൊഴിലുമുണ്ടായ കേരളം വലിയ ശ്രദ്ധ കൊടുക്കുന്ന മേഖലയാണ് എം എസ് എം ഇ. മിഷൻ 1000, മിഷൻ 1,00,000 തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തിയതിനൊപ്പം സംരംഭക സഹായ പദ്ധതിക്കായി 110 കോടി രൂപയും വകയിരുത്തി. ചെറുകിട വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 39.45 കോടി രൂപയും സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക പാക്കേജിനായി 63 കോടി രൂപയും വകയിരുത്തി. ഇടത്തരം - വൻകിട വ്യവസായങ്ങൾക്കായി 853.74 കോടി രൂപ വകയിരുത്തുകയും ഇതുവഴി കെ എസ് ഐ ഡി സിയ്ക്കും കിൻഫ്രയ്ക്കും നൽകുന്ന തുക വർധിപ്പിക്കുകയും ചെയ്തു.
സ്വകാര്യ വ്യവസായ പാർക്കുകൾക്കും വനിതാ - പ്രവാസി - പരമ്പരാഗത വ്യവസായ പാർക്കുകൾക്കുമുള്ള വിഹിതം ഉയർത്തുകയും പിപിപി മാതൃകയിൽ സർക്കാർ ആരംഭിക്കാനൊരുങ്ങുന്ന കേരള യൂണിവേഴ്സിറ്റി ഫോർ സ്കിൽ ഡെവലപ്മെൻ്റ് & എൻ്റർപ്രണർഷിപ്പിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി തുക വകയിരുത്തുകയും ചെയ്തു. വിഴിഞ്ഞത്ത് 1000 കോടി ചിലവ് വരുന്ന പുതിയ വ്യാവസായ - ലോജിസ്റ്റിക്സ് പാർക്കും ബജറ്റിൽ ഇടം നേടി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തിൽ കേരളം മികച്ചുനിൽക്കുന്ന വേളയിൽ സമഗ്ര പദ്ധതിക്കായി 294.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെപിപിഎലിൻ്റെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്കായി 741 കോടി രൂപയുടെ ബൃഹദ് പദ്ധതി തയ്യാറാക്കുകയും ഇതിൽ സർക്കാർ വിഹിതമായി 175 കോടി രൂപ അധികമായി അനുവദിക്കുകയും ചെയ്തു. പരമ്പരാഗത വ്യവസായങ്ങൾക്കും സംസ്ഥാന സർക്കാർ ബജറ്റിലൂടെ മികച്ച പിന്തുണയാണ് നൽകിയത്. 242.34 കോടി രൂപ വകയിരുത്തിക്കൊണ്ട് വിഹിതത്തിൽ വർധനവ് വരുത്തി.
ഐടി മേഖലയിൽ 548 കോടി രൂപ വകയിരുത്തുകയും സ്റ്റാർട്ടപ്പ്, ടെക്നോളജി ഇന്നവേഷൻ, എവിജിസി-എക്സ് ആർ, സെമികോൺ, ഡ്രോൺ റിസേർച്ച്, എ ഐ മിഷൻ തുടങ്ങിയ മേഖലകളെയെല്ലാം ഉൾക്കൊള്ളുകയും ചെയ്തു. ഇങ്ങനെ വ്യവസായ മേഖലയ്ക്ക് ഏറ്റവും മികച്ച പിന്തുണ നൽകിയ ബജറ്റ് യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കില്ലെന്ന് പറയുമ്പോൾ, ജനം കാണുകയും ചിന്തിക്കുകയും ചെയ്യട്ടെ''.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!











Click it and Unblock the Notifications