2133 കോടിയുടെ 'കേരള ബംബര്‍ ലോട്ടറി'; അവകാശി ഇല്ലാതെ കെട്ടിക്കിടക്കുന്നു, വിതരണം നാളെ
കേരളത്തില്‍ ഓണം ബംബര്‍ ലോട്ടറിയാണ് ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്ന ഭാഗ്യപരീക്ഷണം. ആര്‍ക്കാണ് ലോട്ടറി അടിക്കുക എന്ന് അറിയാന്‍ നറുക്കെടുപ്പ് വരെ കാത്തിരുന്നാല്‍ മതിയാകും. എന്നാല്‍ ഇവിടെ പറയുന്നത് മറ്റൊരു ലോട്ടറിയെ കുറിച്ചാണ്. പണത്തിന്റെ അവകാശിയാണ് എന്ന് തെളിയിക്കുന്ന കൃത്യമായ രേഖയുമായി വന്നാല്‍ പണം കിട്ടും.
അവകാശികള്‍ ഇല്ലാതെ കേരളത്തിലെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക 2133 കോടി രൂപയാണ്. ഇതിന്റെ ഉടമകളെ കാത്തിരിക്കുകയാണ് ബാങ്കുകള്‍. അനന്തരവകാശികള്‍ വന്നാലും പണം കൈമാറും. നവംബര്‍ മൂന്നിന് കേരളത്തിലെ ആറ് ജില്ലകളിലെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക കൈമാറാന്‍ ക്യാമ്പ് നടത്തുകയാണ് ലീഡ് ബാങ്കുകള്‍. അറിയാം കൂടുതല്‍ വിവരങ്ങള്‍...

പ്രധാന ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കെട്ടിക്കിടക്കുന്ന തുകയാണ് വിതരണം ചെയ്യാന്‍ പോകുന്നത്. അവകാശികളില്ലാതെ ഇടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് ഈ തുക. പത്ത് വര്‍ഷം മുമ്പ് വരെ ഇടപാടുകള്‍ നടക്കുകയും പിന്നീട് നിശ്ചലമായി പോകുകയും ചെയ്ത അക്കൗണ്ടുകളാണിത്. കെവൈസി അപ്‌ഡേഷനും നടക്കാറില്ല.
10 വര്‍ഷം ഇടപാടുകള്‍ നടക്കുന്നില്ലെങ്കില്‍ അത്തരം അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ ബാങ്കുകള്‍ ശ്രമിക്കും. ഫലം കണ്ടില്ലെങ്കില്‍ ഈ അക്കൗണ്ടുകളിലെ പണം റിസര്‍വ് ബാങ്കിന്റെ ഡെപോസിറ്റര്‍ എജ്യുക്കേഷന്‍ ആന്റ് അവയര്‍നസ് (ഡിഇഎ) ഫണ്ടിലേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുക. ഈ പണം അവകാശികള്‍ വന്നാല്‍ കൈമാറും.
ഈ ആറ് ജില്ലകളിലാണ് നാളെ ക്യാമ്പ്
ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന പണം ആറ് ജില്ലകളില്‍ അവകാശികള്‍ക്ക് കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. മലപ്പുറം, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നവംബര്‍ മൂന്നിന് ക്യാമ്പ് നടത്തുന്നത്. ഇവിടെ രേഖകള്‍ സഹിതം എത്തിയാല്‍ പണം ലഭിക്കും. ആര്‍ബിഐയുടെ ഉദ്ഗം പോര്‍ട്ടല്‍ വഴി ബാങ്ക് നിക്ഷേപങ്ങളെ കുറിച്ച് അറിയാം. അല്ലെങ്കില്‍ ക്യാമ്പില്‍ എത്തിയാലും വിവരങ്ങള്‍ ലഭിക്കും.
10 വര്‍ഷത്തിലേറെയായി അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് അറിയാന്‍ രണ്ട് വര്‍ഷം മുമ്പ് റിസര്‍വ് ബാങ്ക് തുടങ്ങിയതാണ് ഉദ്ഗം പോര്‍ട്ടല്‍. കേരളത്തില്‍ എറണാകുളം ജില്ലയിലാണ് അവകാശികളില്ലാത്ത കൂടുതല്‍ പണമുള്ളത്. 307 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു. തിരുവനന്തപുരത്ത് 266 കോടി, തൃശൂരില്‍ 241 കോടി, കോട്ടയത്ത് 138 കോടി എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
ഒമ്പതര ലക്ഷത്തോളം വരുന്ന അക്കൗണ്ടുകളിലാണ് 2133 കോടി രൂപ കേരളത്തിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത്. അക്കൗണ്ട് ഉടമ മരിക്കുക, വിദേശത്ത് പോകുക, അസുഖം കാരണം ബാങ്കുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വരിക തുടങ്ങിയ ഘട്ടങ്ങളിലാണ് ഇടപാടുകള്‍ അസാധ്യമാകുന്നത്. കോട്ടയം ജില്ലയിലെ ക്യാമ്പ് ശാസ്ത്രി റോഡിലെ സെയ്ന്റ് ജോസഫ് കത്തീഡ്രല്‍ ഹാളിലാണ്.












Click it and Unblock the Notifications