മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍, നടന്നത് കള്ളവോട്ട് ശ്രമമല്ലെന്ന് ഉണ്ണിത്താന്‍
കാസര്‍കോഡ്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. മണ്ഡലത്തിലെ 42-ാം ബൂത്തിലാണ് സംഭവം. കള്ളവോട്ടിന് ശ്രമിച്ച നബീസ എന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. വോട്ട് ചെയ്യാനെത്തിയ നബീസക്ക് ഈ ബൂത്തില്‍ വോട്ടില്ല എന്ന് ബൂത്ത് ഏജന്‍റുമാര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
നേരത്തെ നബീസക്ക് ഈ ബൂത്തില്‍ വോട്ട് ഉണ്ടായിരുന്നു. പിന്നീട് വിവാഹം കഴിച്ച ശേഷം ഈ ബൂത്തില്‍ നിന്ന് പേര് വെട്ടുകയും ചെയ്തു. അതേസമയം ഈ ബൂത്തില്‍ മറ്റൊരു നബീസക്ക് വോട്ട് ഉണ്ട്. ഈ വോട്ട് ചെയ്യാനാണ് ഇപ്പോള്‍ അറസ്റ്റിലായ നബീസ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ കയ്യില്‍ പാര്‍ട്ടിക്കാര്‍ നല്‍കിയ സ്ലിപ് മാത്രമാണ് ഉണ്ടായിരുന്നു. വോട്ട് ചെയ്യാനായി ഇവര്‍ ബൂത്തില്‍ കയറിയതോടെ ചില ബൂത്ത് ഏജന്‍റുമാര്‍ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മഞ്ചേശ്വരം പോലീസ് നബീസയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കള്ളവോട്ട് ആരോപണം ഉണ്ടായിരുന്നതിനാല്‍ ഇത്തവണ ശക്തമായ നിരീക്ഷണമാണ് മഞ്ചേശ്വരത്തെ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, യുവതി അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും കാസര്‍കോഡ് എംപിയുമായ ഉണ്ണിത്താന്‍ രംഗത്ത് എത്തി. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തത് അനാവശ്യമായാണെന്നും ഉണ്ണിത്താന്‍ അവകാശപ്പെട്ടു. ഒരു വീട്ടില്‍ രണ്ട് നബീസമാര്‍ ഉള്ളതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications