കോന്നിയില്‍ സുരേന്ദ്രന് 'വീഡിയോ കെണി'; കൃത്രിമമായി നിര്‍മ്മിച്ചതെന്ന് സുരേന്ദ്രന്‍, പരാതികള്‍
പത്തനംതിട്ട: നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന കോന്നിയിലാണ്. രണ്ട് പതിറ്റാണ്ടായി യുഡിഎഫ് നിലനിര്‍ത്തുന്ന മണ്ഡലമാണെങ്കിലും എല്‍ഡിഎഫിനും ബിജെപിക്കും ഇത്തവണ പ്രതീക്ഷകള്‍ ഏറെയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ കെ സുരേന്ദ്രന്‍ തന്നെ കോന്നയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതാണ് മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനെ തന്നെ ത്രികോണ പോരിലേക്ക് നയിച്ചത്. അവസാന നിമിഷങ്ങളിലും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഈ ഘട്ടത്തിലാണ് ബിജെപി സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്ത് വന്നിരിക്കുന്നത്. ഇതിന് സുരേന്ദ്രന്‍ മറുപടിയും നല്‍കിയിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

മത ചിഹ്നം ദുരുപയോഗപ്പെടുത്തി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മത ചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന ആരോപണമാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ യുഡിഎഫും എല്‍ഡിഎഫും ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇരുമുന്നണികളും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് പരാതി.

പരാതി
ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും, ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡി വീഡിയോ ഗാനം രചിച്ച് പ്രചരിപ്പിച്ചു. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വാസികുളുടെ വോട്ട് നേടുന്നതിന് വേണ്ടി മനഃപ്പൂര്‍വം പ്രവര്‍ത്തിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

യുഡിഎഫ് നേതൃത്വം
ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും അഴിമതി പ്രവര്‍ത്തി നടത്തിയതിനും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കോന്നി മണ്ഡലം യുഡിഎഫ് നേതൃത്വം കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

എല്‍ഡിഎഫിന് വേണ്ടി
കോന്നിയിലെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ ആണ് എല്‍ഡിഎഫിന് വേണ്ടി കെ സുരേന്ദ്രനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമായതിനാല്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വീഡോയ പ്രചരണം തടയണമെന്നും എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നു.

അടിസ്ഥാന രഹിതം
അതേസമയം, തന്‍റെ പ്രചരണത്തിനായി മത ചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ രംഗത്ത് എത്തി. വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വി ഭയന്ന സിപിഎം
ബിജെപിയുടെ വിജയം ഉറപ്പായതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. കോന്നിയിലെ തോല്‍വി ഭയന്ന സിപിഎം ആണ് ഇത്തരമൊരു പ്രചാരണത്തിന് പിന്നില്‍. തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ട് പരിഭ്രാന്തരായിട്ടുള്ള മുന്നണികള്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള പല അടവുകളും പ്രയോഗിക്കാറുണ്ട്.

ജനവികാരം
കോന്നിയിലെ ജനവികാരം എന്താണെന്ന് വ്യക്തമാണ്. ഞങ്ങള്‍ ജയിക്കാന്‍ പോകുന്ന മണ്ഡലത്തില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കില്ലല്ലോ. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ്. സിപിഎം സൈബര്‍ സംഘവും യുഡിഎഫുമാണ് ഇതിന് പിന്നില്‍. ഒരു പ്രമുഖ സിപിഎം നേതാവിന്‍റെ പ്രൊഫൈലില്‍ നിന്നാണ് ഈ വീഡിയോ ആദ്യം പുറത്തുവന്നത്

തികഞ്ഞ വിജയ പ്രതീക്ഷ
ത്രികോണ മത്സരം നടന്നെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളത്. മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ചില കാര്യങ്ങള്‍ തുടങ്ങിവെച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്രസഹായം ആവശ്യമായി വരും. മതന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രചരണത്തിന് പുരോഹിതനും
പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അങ്കമാലി അതിരൂപതയിൽ നിന്നുള്ള ഓർത്തഡോക്സ് വൈദികനെ ബിജെപി കോന്നിയില്‍ പ്രചാരണത്തിന് ഇറക്കിയിരുന്നു. ഫാദർ വർഗീസാണ് പരസ്യപ്രചരണത്തിന്‍റെ അവസാന ദിനത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി വോട്ട് തേടിയത്. സഭാ തര്‍ക്കത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ഓര്‍ത്ത്ഡോക്സ് സഭ നേരിട്ടത് വലിയ അനീതിയാണെന്ന് ഫാദര്‍ വര്‍ഗീസ് ആഞ്ഞടിച്ചു.

ബിജെപി നീങ്ങുന്നത്
കോന്നി മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ ലക്ഷ്യമിട്ടാണ് ബിജെപി നീങ്ങുന്നത്. പള്ളിത്തര്‍ക്ക വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവത്ത സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ കോന്നിയില്‍ വോട്ടുറപ്പിക്കാനാണ് ബിജെപി ശ്രമം.

കൂടിക്കാഴ്ച്ചകള്‍
ബിജെപി നേതാക്കളും ഓര്‍ത്തഡോക് സഭാ ഭാരവാഹികളുമായി ഇതിനോടകം തന്നെ നിരവധി തവണ കൂടിക്കാഴ്ച്ച നടത്തികഴിഞ്ഞു. ബിജെപിയുടെ പ്രചാരണ ചുമതലയുള്ള എ എൻ രാധാകൃഷ്ണൻ കത്തോലിക്കാ ബാവയെ നേരിട്ട് കണ്ട് തെരഞ്ഞെടുപ്പിൽ പിന്തുണ തേടുകയും ചെയ്തു. ഇതിന് പിന്നാലെ കെ സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥിച്ച് ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications