എന്‍എസ്എസിന്‍റെ ശരിദൂരം; സിപിഎമ്മിന് കിട്ടാത്ത മുന്തിര പുളിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ശരിദൂര നിലപാടിന്‍റെ പേരില്‍ എന്‍എസ്എസിനെ വിമിര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിട്ടാത്ത മുന്തിരങ്ങ പുളിക്കുമെന്നാണ് സിപിഎമ്മിനോട് പറയാനുള്ളത്. തങ്ങളുടെ നയങ്ങള്‍ക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ങ്ങള്‍ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആണ്. ആ സ്ഥാനത്തേക്ക് ഇപ്പോള്‍ വേക്കന്‍സിയില്ലെന്നും കോടിയേരിയെ പരിഹസിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വട്ടിയൂർകാവിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എൻഎസ്എസ്സിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ മറുപടി.

കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് വഴിതെളിച്ചത് ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഏകപക്ഷീയമായി ഒരുവിഭാഗം ആളുകളെ വിളിച്ചുകൂട്ടി നവോത്ഥാന സമിതിയുണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് സാമുദായിക വേര്‍തിരിവുണ്ടാക്കാന്‍ വഴിതെളിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications