കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയെ മാതൃകയാക്കി മുരളീധരൻ, വട്ടിയൂർക്കാവിൽ പത്മജ വേണ്ട... സഹോദരന് പത്മജയുടെ മറുപടി

Google Oneindia Malayalam News

തൃശൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ 5 മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂട് പിടിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലം ഈ അഞ്ചില്‍ കേരളം ഏറ്റവും അധികം ഉറ്റ് നോക്കുന്ന മണ്ഡലമാണ്. ബിജെപി വട്ടിയൂര്‍ക്കാവ് ഇക്കുറി പിടിക്കുമോ എന്ന ചോദ്യം തന്നെയാണ് ഇവിടെ പ്രധാനം.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താനാവും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. മൂന്നാം സ്ഥാനത്തുളള എല്‍എഡിഎഫിനും പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. ഇക്കുറി കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലില്ല എന്നതാണ് ബിജെപിയേയും ഇടതുപക്ഷത്തേയും മോഹിപ്പിക്കുന്നത്. തനിക്ക് പകരം സഹോദരി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കേണ്ട എന്നാണ് മുരളിയുടെ നിലപാട്. സഹോദരന് മറുപടിയുമായി പത്മജ കൂടി രംഗത്ത് എത്തിയതോടെ വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് അങ്കം കൊഴുക്കുകയാണ്.

മുരളിയുടെ വട്ടിയൂർക്കാവ്

മുരളിയുടെ വട്ടിയൂർക്കാവ്

മണ്ഡല പുനര്‍ നിര്‍ണയത്തില്‍ വട്ടിയൂര്‍ക്കാവായി മാറിയ തിരുവനന്തപുരം നോര്‍ത്ത് ആദ്യമായി 2011ലാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെ മലര്‍ത്തിയടിച്ച് നിയമസഭയിലെത്തി. വിജയം 16167 വോട്ടുകള്‍ക്ക്. 2016ലെ അടുത്ത തിരഞ്ഞെടുപ്പിലും കെ മുരളീധരനെ വട്ടിയൂര്‍ക്കാവ് കൈവിട്ടില്ല.

രണ്ടാമത് ബിജെപി

രണ്ടാമത് ബിജെപി

ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ച് മുരളീധരന്‍ എംഎല്‍എ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ഭൂരിപക്ഷം 7622 ആയി കുറഞ്ഞു. അന്ന് ഇടത് സ്ഥാനാര്‍ത്ഥി ടിഎന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് മൂക്ക് കുത്തി വീണു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജനെ തോല്‍പ്പിക്കാന്‍ മുരളീധരന്‍ വടകരയ്ക്കും അവിടെ നിന്ന് ദില്ലിക്കും വണ്ടി കയറിയതോടെ വട്ടിയൂര്‍ക്കാവിന് എംഎല്‍എ ഇല്ലാതായി.

പകരം പത്മജയോ

പകരം പത്മജയോ

മുരളീധരനല്ല വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നതാണ് ബിജെപിക്കും ഇടതുപക്ഷത്തിനും ഒരുപോലെ ആശ്വാസകരമായ സംഗതി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ശക്തി തെളിയിക്കാന്‍ സാധിച്ചു എന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. മുരളീധരന്‍ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയായി പത്മജ വേണുഗോപാലിനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ ആ നീക്കത്തിന് തടയിട്ടിരിക്കുകയാണ് മുരളീധരന്‍.

രാഹുൽ ഗാന്ധി മാതൃക

രാഹുൽ ഗാന്ധി മാതൃക

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് മുരളീധരന്‍ പ്രതികരണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട പേര് സഹോദരി പ്രിയങ്ക ഗാന്ധിയുടേതാണ്. എന്നാല്‍ പ്രിയങ്ക ഗാന്ധി വേണ്ടെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ ആരും അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടെന്നും രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചിരുന്നു.

പത്മജ വേണ്ട

പത്മജ വേണ്ട

സമാനമായി, പത്മജ വട്ടിയൂര്‍ക്കാവിലേക്ക് വേണ്ടന്നും താന്‍ ഒഴിഞ്ഞ സീറ്റിലേക്ക് തന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരിക്കേണ്ടതില്ലെന്നുമാണ് കെ മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്മജയെ വട്ടിയൂര്‍ക്കാവിലേക്ക് മത്സരിപ്പിച്ചാല്‍ കുടുംബ വാഴ്ച എന്ന ആരോപണം ഉയരുമെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഒരു വശത്ത് നില്‍ക്കെ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയുളള സോണിയാ ഗാന്ധിയാണ് പാര്‍ട്ടി ഇടക്കാല പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നത് മറുവശം.

സീറ്റ് ആവശ്യപ്പെട്ടിട്ടില്ല

സീറ്റ് ആവശ്യപ്പെട്ടിട്ടില്ല

സമാനമായി വട്ടിയൂർക്കാവിൽ പത്മജ തന്നെ വന്നേക്കുമോ എന്ന് കാത്തിരുന്ന് കാണണം. അതിനിടെ മുരളീധരന്‍ തുടക്കമിട്ടിരിക്കുന്ന സീറ്റ് വിവാദത്തിന് മറുപടിയുമായി പത്മജ വേണുഗോപാല്‍ തന്നെ രംഗത്ത് എത്തിയതോടെ തിരഞ്ഞെടുപ്പ് പോര് ചൂട് പിടിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണം എന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തൃശൂര്‍ ആണ് തന്റെ പ്രവര്‍ത്തന മണ്ഡലം. മുരളിയുടെ പ്രസ്താവന എന്തുകൊണ്ടാണ് എന്ന് അറിയില്ലെന്നും പറഞ്ഞ പത്മജ തന്നെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും ആവശ്യപ്പെട്ടു.

English summary
Kerala By-Election: Padmaja Venugopal reply to K Muraleedharan on Vattiyoorkkav seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X