കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലിടത്ത് മൂന്നാം സ്ഥാനം, മഞ്ചേശ്വരത്ത് രണ്ടാമത്; ബിജെപിയുടെ കേരള സ്വപ്നങ്ങൾ ഇനിയും അകലെ

Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്ര മോദിയെ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാമതും അധികാരത്തിലെത്തിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും ബിജെപിയോട് കേരളം മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു. തൊട്ട് പിന്നാലെ പാല അടക്കം ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കേരളം ബിജെപിയെ തീണ്ടാപാടകലത്ത് നിർത്തിയിരിക്കുകയാണ്. ശബരിമല അടക്കമുളള അനുകൂല വിഷയങ്ങള്‍ ഉണ്ടായിട്ട് കൂടി കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപിക്ക് വിജയം നേടാൻ സാധിച്ചില്ല എന്നത് ദേശീയരാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചയാകും.

പാലായില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ ബിജെപിക്ക് മറ്റ് മണ്ഡലങ്ങളിലും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. വിജയ പ്രതീക്ഷയുണ്ടായിരുന്ന കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വട്ടിയൂർക്കാവിലും കോന്നിയിലും ബിജെപി മുന്നേറ്റത്തിന് തടയിട്ടത് എൽഡിഎഫ് ആയിരുന്നു. മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലൂടെ ആ ദൌത്യം യുഡിഎഫ് നിർവഹിച്ചു.

ബിജെപി കണ്ട സ്വപ്നങ്ങൾ

ബിജെപി കണ്ട സ്വപ്നങ്ങൾ

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തുമാണ് ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നത്. 2016 ൽ നേമത്ത് ഒ രാജഗോപാലിലൂടെ ഒരു എംഎല്‍എയെ കിട്ടിയ ബിജെപി ഇക്കുറി രണ്ടാം എംഎല്‍എയെന്ന വലിയ സ്വപ്‌നവും കണ്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും കിട്ടിയില്ലെങ്കിലും വോട്ട് ഉയര്‍ത്താനായതിന്റെ ആത്മവിശ്വാസവും ബിജെപിക്ക് കൈമുതലായുണ്ടായിരുന്നു. ശബരിമല ഫാക്ടര്‍ ഇക്കുറിയും നിര്‍ണായകമാവുമെന്നും ബിജെപി കണക്ക് കൂട്ടി.

മഞ്ചേശ്വരത്ത് രണ്ടാമത്

മഞ്ചേശ്വരത്ത് രണ്ടാമത്

എന്നാല്‍ വോട്ടെണ്ണിക്കഴിയുമ്പോള്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിലൂടെ രണ്ടാം സ്ഥാനം നിലനിര്‍ത്താനായി എന്നത് മാത്രമാണ് ബിജെപിയുടെ ആശ്വാസം. അഞ്ച് മണ്ഡലങ്ങളിൽ ബിജെപിക്ക് നേരിയ തോതിലെങ്കിലും വോട്ട് കൂടിയതും മഞ്ചേശ്വരത്ത് മാത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 380 വോട്ടുകൾ മാത്രമാണ് ബിജെപിക്ക് കൂടുതൽ ലഭിച്ചത്. ശബരിമല നായകനായി കോന്നിയിൽ അങ്കത്തിനിറങ്ങിയ കെ സുരേന്ദ്രനടക്കമുളളവര്‍ക്ക് മറ്റിടങ്ങളിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കോന്നിയിൽ മൂന്നാമത്

കോന്നിയിൽ മൂന്നാമത്

കോന്നിയില്‍ മൂന്നാം സ്ഥാനത്ത് പോയെങ്കിലും കണക്ക് കൂട്ടിയത് പ്രകാരമുളള വോട്ട് കിട്ടി എന്നത് ബിജെപി കേന്ദ്രങ്ങളെ ആഹ്‌ളാദിപ്പിക്കുന്നുണ്ട്. 39786 വോട്ടുകളാണ് കെ സുരേന്ദ്രന്‍ കോന്നിയില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാമതുളള യുഡിഎഫിന് 31.79 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ബിജെപി 28.65 ശതമാനം വോട്ടുമായി തൊട്ട് പിറകില്‍. അതുകൊണ്ട് വരും തിരഞ്ഞെടുപ്പുകളില്‍ കോന്നി ബിജെപിക്ക് വിജയ പ്രതീക്ഷയുളള മണ്ഡലമായി തന്നെ തുടര്‍ന്നേക്കും.

വോട്ട് ചോർന്നു

വോട്ട് ചോർന്നു

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ മണ്ഡലമായ കോന്നിയില്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം തന്നെയാണ് ബിജെപി പ്രധാനമായും ഉയര്‍ത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച സുരേന്ദ്രന്‍ കോന്നിയില്‍ 46,506 വോട്ടുകളാണ് നേടിയത്. 2016ല്‍ നേടിയ 16,713 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലായി കിട്ടിയത് 29,793 വോട്ടുകള്‍. കോണ്‍ഗ്രസിലെ തമ്മിലടി യുഡിഎഫിനേയും ശബരിമല വിഷയം എല്‍ഡിഎഫിനേയും തിരിച്ചടിക്കുമെന്ന് ബിജെപി കണക്ക് കൂട്ടി.

വട്ടിയൂർക്കാവിൽ അടിപതറി

വട്ടിയൂർക്കാവിൽ അടിപതറി

എന്നാല്‍ ഫലം വന്നപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് പോലും ബിജെപിക്ക് നിലനിര്‍ത്താനായിട്ടില്ല. വട്ടിയൂര്‍ക്കാവിലും അവസ്ഥ സമാനമാണ്. കുമ്മനം രാജശേഖരന്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016ല്‍ ബിജെപിക്ക് 43700 വോട്ടുകളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50709 വോട്ടുകളും ലഭിച്ചിരുന്നു.

കുമ്മനത്തെ ഒഴിവാക്കിയത് തിരിച്ചടി

കുമ്മനത്തെ ഒഴിവാക്കിയത് തിരിച്ചടി

ഉപതിരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തോളം വോട്ടുകളാണ് ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ ചോര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫിന് 54782 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് നേടാനായത് 27425 വോട്ടുകള്‍ മാത്രം. മെയ് മാസത്തില്‍ നിന്ന് ഒക്ടോബറിലേക്ക് എത്തുമ്പോള്‍ ബിജെപിക്ക് കുറഞ്ഞത് 23284 വോട്ടുകള്‍. എസ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുളള അതൃപ്തി ബിജെപിക്ക് മണ്ഡലത്തില്‍ വലിയ തിരിച്ചടിയായി.

പ്രചാരണത്തെ ബാധിച്ചു

പ്രചാരണത്തെ ബാധിച്ചു

കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും എന്നായിരുന്നു അവസാന നിമിഷം വരെയുളള പ്രതീതി. എന്നാല്‍ അനിശ്ചിതത്വങ്ങൾക്കൊടുവില്‍ ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ് സ്ഥാനാര്‍ത്ഥിയായി. ഇത് പാർട്ടിയ്ക്കുള്ളിൽ പലരിലും അതൃപ്തിഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഇത് ബിജെപിയുടെ പ്രചാരണത്തെ അടക്കം ബാധിച്ചിരുന്നു. അരൂരിലും എറണാകുളത്തും ബിജെപിക്ക് വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്.

അരൂരിലും എറണാകുളത്തും ചോർന്നു

അരൂരിലും എറണാകുളത്തും ചോർന്നു

അരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന് ലഭിച്ചിരിക്കുന്നത് 13351 വോട്ടുകള്‍ മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17769 വോട്ടുകള്‍ ബിജെപിക്ക് ഇവിടെ നിന്ന് ലഭിച്ചിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14878 വോട്ടുകളും കിട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27753 വോട്ടുകള്‍ പിടിച്ച അരൂരില്‍ ബിജെപിയുടെ പ്രകാശ് ബാബുവിന് ഇക്കുറി ലഭിച്ചത് 16215 വോട്ടുകള്‍ മാത്രം. ബിഡിജെഎസ് ഉടക്കിയത് അരൂരില്‍ ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

ഇനിയെന്ത്?

ഇനിയെന്ത്?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ്മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. ഇക്കുറി 34.71 ശതമാനം വോട്ടുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തി. 53622 വോട്ടുകളാണ് രവീശ തന്ത്രി കുണ്ടാറിന് ലഭിച്ചത്. ജയപ്രതീക്ഷയുളള മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് പോയതും വന്‍ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായതും സംസ്ഥാന ബിജെപിയില്‍ വരും ദിവസങ്ങളില്‍ വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. ദേശീയ നേതൃത്വത്തിന് മുന്നിലും ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരും.

ഒരേയൊരു എംഎൽഎ മാത്രം

ഒരേയൊരു എംഎൽഎ മാത്രം

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബിജെപിക്ക് ഇതുവരെയുളള വലിയ വിജയം നേമത്ത് നിന്ന് ഒ രാജഗോപാലിനെ നിയമസഭയില്‍ എത്തിക്കാനായി എന്നത് മാത്രമാണ്. 67813 വോട്ടുകള്‍ നേടിയാണ് നേമത്ത് നിന്ന് ആദ്യത്തെ ബിജെപി എംഎല്‍എയായി രാജഗോപാല്‍ നിയമസഭയുടെ പടി കടന്നത്. 2016ലെ ആ തിരഞ്ഞെടുപ്പില്‍ 7 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിക്ക് സാധിച്ചിരുന്നു.

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്
പതിയെ വേരുറപ്പിക്കാൻ നീക്കം

പതിയെ വേരുറപ്പിക്കാൻ നീക്കം

തിരഞ്ഞെടുപ്പ് വിജയങ്ങളൊന്നും നേടുന്നില്ലെങ്കിലും കേരളത്തില്‍ പതിയെ വേരുറപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി അംഗസംഖ്യ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 5 ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട്. 2014ല്‍ ബിജെപിക്ക് സംസ്ഥാനത്താകെ കിട്ടിയത് 1,944,204 വോട്ടുകളാണെങ്കില്‍ 2019ല്‍ അത് 3,170,016 ആയി ഉയര്‍ന്നു. 12,25,812 വോട്ടുകളുടെ വര്‍ധനവ്. ഉപതിരഞ്ഞെടുപ്പിനെ കാര്യമായി കണക്ക് കൂട്ടിയിട്ടില്ലെന്നും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം എന്നും പറയാൻ ബിജെപി കേന്ദ്രങ്ങള്‍ പ്രേരിപ്പിക്കുന്നത് ഈ കണക്കുകളാണ്.

English summary
Kerala by election results 2019: BJP in third positions in 4 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X