പേരാമ്പ്രയില്‍ ഐടിഐ; ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കി
ആറന്മുള വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. കോഴിക്കോട് പേരാമ്പ്രയില്‍ പുതിയ ഐടിഐ സ്ഥാപിക്കാനും മന്ത്രിസഭ യോഗത്തില്‍ ധാരണയായി
തിരുവനന്തപുരം: ആറന്മുള വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആറന്മുള വിമാനത്താവളത്തിനായി 2011ലാണ് സര്‍ക്കാര്‍ 350 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതും ഇതിനെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതും.
സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ഉത്തരവ്, ഏറ്റെടുത്ത ഭൂമിക്ക് പ്രത്യേക വ്യവസായ മേഖലാ പദവി നല്‍കിയ തീരുമാനം, വിമാനത്താവളത്തിന് എന്‍ഒസി നല്‍കിയ ഉത്തരവ് എന്നിവയാണ് മന്ത്രിസഭ റദ്ദാക്കിയത്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്തായിരുന്നു പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയത്. അതേസമയം കോഴിക്കോട് പേരാമ്പ്രയില്‍ പുതിയ ഐടിഐ സ്ഥാപിക്കാനും മന്ത്രിസഭ യോഗത്തില്‍ ധാരണയായി. മന്ത്രിസഭ തീരുമാനങ്ങള്‍ ചുവടെ.

റദ്ദാക്കി
ആറന്മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ എല്ലാം റദ്ദാക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് പേരാമ്പ്ര
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ ഐടിഐ സ്ഥാപിക്കാന്‍ തീരുമാനിച്ചു.

സ്റ്റാറ്റിയൂട്ടറി കമ്മീഷന്‍
സ്റ്റാറ്റിയൂട്ടറി കമ്മീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത അംഗങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ അംഗങ്ങളായിരുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയും അഞ്ചോ അതിലധികമോ വര്‍ഷം അംഗങ്ങളായിരുന്നവര്‍ക്ക് പ്രതിമാസം 10000 രൂപയുമാണ് ആനുകൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.

എംകെ അര്‍ജുനന്‍
പ്രശസ്ത സംഗീതസംവിധായകനായ എംകെ അര്‍ജുനന്റെ ചികിത്സാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു.

പുഷ്പന്
1994 നവംബര്‍ 25ന് കൂത്തുപ്പറമ്പില്‍ നടന്ന വെടിവയ്പില്‍ പരിക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീല്‍ച്ചെയറും നല്‍കാന്‍ തീരുമാനിച്ചു. 8000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചു.

ഊര്‍ജ്ജസ്വലമാക്കും
ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഇരുപത്തിയെട്ടാം തീയതി മേഖലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു.

പ്രതിനിധികള്‍
സംസ്ഥാനമിഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷനില്‍ നിന്നും, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരുടെ ചേമ്പറില്‍ നിന്നും, മേയര്‍ കൗണ്‍സിലില്‍ നിന്നും ഓരോ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജില്ലാപ്രഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നും ഓരോരുത്തരെ വീതവും ഉള്‍പ്പെടുത്തും.

നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും
മതധര്‍മസ്ഥാപനങ്ങള്‍ക്ക് 'തിരുപ്പുവാരം' എന്ന പേരില്‍ നല്‍കുന്ന നഷ്ടപരിഹാര തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഓരോ 5 വര്‍ഷം കഴിയുമ്പോഴും തുകയില്‍ 25% വര്‍ധന വരുത്താനും തീരുമാനിച്ചു.

പിന്നോക്ക വിഭാഗ കമ്മീഷന്‍
കേരളസംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷനില്‍ നിലവിലൊഴിവുള്ള മെമ്പറുടെ സ്ഥാനത്തേക്ക് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയെ (തൃശൂര്‍) നിയമിക്കാന്‍ തീരുമാനിച്ചു.

കില
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫി റൂറല്‍ ഡവലപ്പ്‌മെന്റിനെ കിലയുമായി സംയോജിപ്പിക്കാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications