മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച
മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് കൂടികാഴ്ച നടത്തും. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും അടങ്ങുന്ന സംഘം നോർവേയിലെത്തിയത്.
നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ സംഘത്തെ സ്വീകരിച്ചു. നോർവേയിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തുന്ന സംഘം, വ്യാപാരികളുമായും കൂടിക്കാഴ്ച നിശ്ചിയിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ചിരുന്ന യാത്ര മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.

കൊച്ചിയില്‍ നിന്ന് പുലർച്ചെ 3. 55നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയ മാതൃകൾ സംഘം പരിചയപ്പെടും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് നോർവേ സന്ദര്‍ശനത്തില്‍ പ്രധാന്യം നല്‍കുക.നോർവേയിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം സംഘം യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും.
ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സണ്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിരുന്നു.രാജ്യത്തെ വിദ്യാഭ്യാസ രീതി പഠിക്കുകയാണ് ലക്ഷ്യം.ഫിൻലഡിലെ ഐടി മേഖലയുംവ്യവസായ സ്ഥാപനങ്ങളും സംഘം സന്ദർശിക്കും. ടൂറിസം,ആയുർവേദ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തും.
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആരോഗ്യ മേഖലയെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പഠനങ്ങൾ നടത്തുക. ആരോഗ്യ മന്ത്രി വീണ ജോർജും ഇവിടെക്കുള്ള യാത്രയിൽ സംഘത്തിനൊപ്പം ചേരും. വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യമായി മുന്നോട്ട് വയ്ക്കുന്നത്.
ലോക കേരളസഭയുടെ പ്രാദേശിക യോഗം ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിക്കും.യുകെയിലെ വിവിധ സർവകലാശാലകളുമായി ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് ധാരണ പത്രം ഒപ്പ് വയ്ക്കും. ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടാകും. 13 ന് നടക്കുന്ന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി ഒാണ്‍ലൈനായി പങ്കെടുക്കും.
അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകാത്തതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതൃപ്തി രേഖപ്പെടുത്തി. മന്ത്രിമാർ വിദേശങ്ങളിലേക്ക് പോകുമ്പോൾ ഗവർണറെ രേഖമൂലം അറിയിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഗവർണറർക്ക് അറിയിപ്പൊന്നും നൽകാതെയാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയതെന്നാണ് ഗവർണർ അറിയിക്കുന്നത്. ഇതാണ് മുഖ്യമന്ത്രി ഗവർണർ പോര് തുടരുന്നതിനിടെ ഗവർണറെ വീണ്ടും ചൊടിപ്പിച്ചത്.












Click it and Unblock the Notifications