വേട്ടയ്ക്കുള്ള കുതന്ത്രം; പകപോക്കലിന്റെ തുടര്‍ച്ച, കേസില്‍ കുടുക്കി അയോഗ്യരാക്കാന്‍ ശ്രമം എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്ന സംഘപരിവാറിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും കേസില്‍പ്പെട്ട് 30 ദിവസം തടവില്‍ കഴിയുന്ന മുഖ്യമന്ത്രി, പ്രധാനമന്ത്രി, മന്ത്രിമാര്‍ എന്നിവരെ പുറത്താക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് പിണറായി വിജയന്‍.
ബിജെപി ഇതര സര്‍ക്കാരുകളെ വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടക്കുന്ന വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച മാത്രമാണ് പുതിയ ഭേദഗതി ബില്ല്. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെയുള്ളതാണ്. കള്ളക്കേസില്‍ കുടുക്കി ജയില്‍ അടയ്ക്കുക, ശേഷം അയോഗ്യരാക്കുക എന്ന ഫാഷിസ്റ്റ് രാഷ്ട്രീയ പരീക്ഷണമാണിത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പിണറായി വിജയന്റെ കുറിപ്പ് വായിക്കാം: ''ബിജെപിഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നത്. അതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാന്‍ കഴിയൂ.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയുപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകള്‍ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീര്‍ഘകാലം ജയിലില്‍ അടച്ചിരുന്നു.
എന്നാല്‍ അവര്‍ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നില്‍. കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കുക; അതിന്റെ പേരില്‍ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്നു കൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ട്.
സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവരാനും നിയമസഭക്കുമേല്‍ ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളില്‍ നിന്നാകെ ഉയരണം. രാഷ്ട്രീയ ദുരുപയോഗത്തിന് വഴിവെക്കുന്ന 130-ാം ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്.''












Click it and Unblock the Notifications