സംസ്ഥാനങ്ങള്‍ക്ക് അർഹമായ വാക്സിൻ നൽകണം: സാമ്പത്തിക പ്തിസന്ധിയിലേക്ക് തള്ളി വിടരുത്, കേന്ദ്രത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതിനു പകരം, സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. വാക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടി കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് പെട്ടെന്നു തന്നെ ഉണ്ടാകേണ്ടതുണ്ടെന്നും സാധാരണ ജനങ്ങളുടെ ജീവന് സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

ഒന്നിച്ച് നീങ്ങണം
ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ചുമതലയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വാക്സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസ്സുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും കത്തിൽ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാക്സിന് ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അടങ്ങുന്ന ഗവണ്മെന്റ് ചാനലാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ബാക്കി വാക്സിൻ എപ്പോള്‍
കേരളത്തിൽ വാക്സിൻ ദൌർലഭ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും മുഖ്യമന്ത്രി അയച്ച കത്തില്‍ പരാമർശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിന് അടിയന്തരമായി നല്‍കണമെന്നാണ് കഴിഞ്ഞയാഴ്ച കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, 5.5 ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. വാക്സിന്റെ വരവ് തടസ്സപ്പെട്ടതോടെ കൊവിഡ് വാക്സിനേഷനുള്ള സ്പോട്ട് രജിസ്ട്രേഷനും വാക്സിനേഷനും തടസ്സപ്പെട്ടിട്ടുണ്ട്. കേരളം ആവശ്യപ്പെട്ടതില്‍ ബാക്കിയുള്ള വാക്സിന് അടിയന്തരമായി ലഭ്യമാക്കണം എന്ന് കത്തില്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

പോളിസി തിരിച്ചടി
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിനേഷന് പോളിസി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. പുതിയ പോളിസി അനുസരിച്ച് വാക്സിന് ഉത്പാദകര്‍ 50 ശതമാനം വാക്സിന് മാത്രം കേന്ദ്ര സര്‍ക്കാരിനു നല്കിയാല് മതി. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റിവെക്കുന്നത്. ഓരോ സംസ്ഥാനങ്ങളും നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുള്ളത്.
കൊവിഡ് മൂലം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തികബാധ്യത നേരിടുകയാണ്. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിൻ വാങ്ങാനുള്ള അധികബാധ്യത വലിയ പ്രയാസങ്ങള്‍ക്ക് കാരണമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടി
കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് ലഭിക്കുന്ന കോവിഷീല്‍ഡ് വാക്സിന് സംസ്ഥാന ഗവണ്മെന്റുകള്ക്ക് 400 രൂപയ്ക്കായിരിക്കും നല്‍കുക എന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഒരു ഡോസ് വാക്സിന് 600 രൂപയും ഈടാക്കും. ഇത്തരത്തില്‍ വാക്സിന്റെ വില കുതിച്ചുയര്‍ന്നാല്‍ കോവിഡ് പ്രതിസന്ധി തീര്‍ത്ത സാമ്പത്തിക വിഷമതകളില്‍ ഉഴലുന്ന അതു സംസ്ഥാനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
ആരെയും ആശ്ചര്യപ്പെടുത്തുന്ന വേഷത്തില്‍ നോറ ഫത്തേഹിയുടെ പുതിയ ചിത്രങ്ങള്‍



Click it and Unblock the Notifications
