ചൂടിൽ ഉരുകി കേരളം; 9 ജില്ലകളിൽ ചൂട് കൂടും; മഴയ്ക്ക് സാധ്യത ഉള്ള ജില്ലകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ കൂടാൻ സാധ്യത. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം കൊല്ലം ജില്ലയിൽ സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും ( സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ്- 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ) താപനില ഉയരാൻ സാധ്യത ഉണ്ട്. സെപ്റ്റംബർ പകുതിയോടെ നിലവിലെ വരണ്ട അന്തരീക്ഷ സ്ഥിതിയിൽ മാറ്റം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേ സമയം വരുന്ന 5 ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നിലവിൽ ഇല്ല. കേരള-കർണാടക- ലക്ഷ്യദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
അതേസമയം, പൊതുജനങ്ങൾ പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് തുടർച്ചയായി വെയിൽ ഏൽക്കാതെ നോക്കണം. നിർജലീകരണം തടയാൻ കുടി വെള്ളം എപ്പോഴും ചെറിയ കുപ്പിയിൽ കരുതുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞ വസ്ത്രം ധരിക്കുക.
പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ഇടുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണം. കുട്ടികൾ കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ ചെയ്യുക. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സകൂളുകൾ രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.












Click it and Unblock the Notifications