'പൊന്ന് കോൺഗ്രസേ, ഇങ്ങനെ വെറുപ്പിക്കരുത്', മൂന്ന് പേരും കൂടി മുഖ്യമന്ത്രിയെ നറുക്കിട്ടെടുക്കെന്ന് നടൻ സുധീർ
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുളളില്‍ എങ്ങുമെത്താതെ തുടരുകയാണ്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് കെസി വേണുഗോപാല്‍ വിഭാഗം അവകാശപ്പെടുന്നത്. അതേസമയം തെരുവിലും സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ് അണികള്‍ ഭൂരിപക്ഷവും വാദിക്കുന്നത് വിഡി സതീശന് വേണ്ടിയാണ്.
ഒരു വശത്ത് കെസി വേണുഗോപാലിന്റെയും ഉമ്മന്‍ചാണ്ടിയുടേയും പോസ്റ്ററുകള്‍ കീറുകയും മറുവശത്ത് വിഡി സതീശന്റെ ഫ്‌ളക്‌സിന് മേല്‍ തുപ്പുകയും ചെയ്യുന്നത് അടക്കമുളള വിചിത്ര കാഴ്ചകളാണ് കേരളം പ്രതിഷേധമെന്ന പേരില്‍ കോണ്‍ഗ്രസ് അണികളില്‍ നിന്ന് കണ്ട് കൊണ്ടിരിക്കുന്നത്. ഇങ്ങനെ വെറുപ്പിക്കരുതെന്നും മുഖ്യമന്ത്രിയെ വേഗം തീരുമാനിക്കണം എന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സുധീര്‍.
സുധീറിന്‌റെ വാക്കുകള്‍: '' പൊന്നു കോണ്‍ഗ്രസ് നേതാക്കന്മാരേ, എല്ലാവരോടും കൂടി പറയുകയാണ്.നിങ്ങളൊരു തീരുമാനം എടുക്ക്. മനുഷ്യന് ടിവി കാണാന്‍ രക്ഷയില്ല, ഇന്‍സ്റ്റ തുറക്കാന്‍ രക്ഷയില്ല, ഫേസ്ബുക്ക് തുറക്കാന്‍ രക്ഷയില്ല. എന്താണ് ഇത്. നിങ്ങളോടുളള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നും അല്ല ജനങ്ങള്‍ നിങ്ങളെ തിരഞ്ഞെടുത്തത്. ഒരു ഭരണമാറ്റം ആഗ്രഹിച്ചു, അതുകൊണ്ടാണ്. അത് നിങ്ങളുടെ വലിയ ക്രഡിറ്റ് ആയിട്ടോ, നിങ്ങളുടെ വലിയ സംഭവം ആയിട്ടോ കാണരുത്.

കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരൊന്നും അല്ല. ആരും വെറുപ്പിക്കല്ലേ. നിങ്ങള്‍ മൂന്ന് പേരും കൂടി നറുക്കിട്ട് തീരുമാനമെടുത്തിട്ട് ഒരാള്‍ മുഖ്യമന്ത്രിയാക്. ആ മനുഷ്യന്‍ കുറേ കിടന്ന് കഷ്ടപ്പെട്ടതല്ലേ, അങ്ങേരെ ആക്കണം എന്നാണ് എന്റെ അഭിപ്രായം. പിന്നെ നിങ്ങള്‍ തമ്മിലുളള അഡ്ജസ്റ്റ്‌മെന്റ്, എന്ത് വേണമെങ്കിലും ചെയ്‌തോ.
വെറുപ്പിക്കല്ലേ, വെറുപ്പിച്ച് കഴിഞ്ഞാലേ ഇന്ത്യയുടെ ഭൂപടത്തില്‍ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ ഉളളൂ നിങ്ങള്‍, ഇവിടെക്കൂടി ഇല്ലാതാകും. കെസി വേണുഗോപാല്‍ സാറിനോട് ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ കഴിയുന്നതും കേരളത്തിലേക്ക് വരാതിരിക്കുക. ഡല്‍ഹിയില്‍ ഇരുന്ന് കൊണ്ട് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുക. ഇവിടുത്തെ മുഖ്യമന്ത്രിയേക്കാളും വലിയ പവറുളള ആളാണ് നിങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് നിങ്ങള്‍ ഇങ്ങോട്ട് പോന്നാല്‍ അവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ നിങ്ങള്‍ മാത്രമേ ഉളളൂ. അവിടെ അവിടെ അടുപ്പില്‍ പൂച്ച കയറി പെറ്റ് കിടക്കും, ആരും ഉണ്ടാകില്ല. തലപ്പത്തിരിക്കുന്ന മൂപ്പരെ കണ്ട് കൊണ്ടൊന്നും ഒരു കാര്യവും പ്ലാന്‍ ചെയ്യരുത്, ചീറ്റിപ്പോകും. അപ്പോള്‍ ഇങ്ങോട്ട് വരേണ്ട, നിങ്ങള്‍ക്ക് ഡല്‍ഹി തന്നെയാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം''.














Click it and Unblock the Notifications