കോളേജുകൾ ജനുവരി നാലിന് തുറക്കും.. ശനിയാഴ്ച പ്രവൃത്തി ദിനം..ക്ലാസുകളുടെ സമയക്രമത്തിലും മാറ്റം
തിരുവനന്തപുരം; സംസ്ഥാനത്തെ കോളേജുകൾ തുറക്കാനൊരുങ്ങി സർക്കാർ. ജനവരി 4 മുതലാണ് ക്ലാസുകൾ ആരംഭിക്കുക. ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കൊവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കർശന നിർദേശങ്ങൾ പാലിച്ചാകും കോളേജുകൾ തുറന്ന് പ്രവർത്തിക്കുക.

രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ നടക്കുക. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെയാകും ക്ലാസുകൾ. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനും മാര്‍ഗനിര്‍ദേശം പുറത്തിറക്കി.കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്.പരമാവധി അഞ്ച് മണിക്കൂറുകൾ ആയിരിക്കും ക്ലാസുകൾ.
ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസ്സുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ക്ലാസുകൾ തുടങ്ങുന്നത്.
അദ്ധ്യാപകർ, അനദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ ഡിസംബർ 28 മുതൽ കോളേജിലെത്തണം.പത്ത് ദിവസത്തിനുശേഷം ക്ലാസുകൾ ആരംഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ സമർപ്പിക്കണം. ഇത് പരിശോധിച്ച ശേഷമേ മറ്റ് സെമസ്റ്റർ ക്ലാസുകൾ തുടങ്ങണമോ എന്നത് സംബന്ധിച്ച് സർക്കാർ തിരുമാനമെടുക്കൂ.












Click it and Unblock the Notifications