രാജ്യസഭാംഗത്വം രാജിവെച്ചേക്കും;പാർട്ടിയുടെ ജന്മദിനത്തിൽ ജോസ് കെ മാണി സുപ്രധാന പ്രഖ്യാപനത്തിനെന്ന്
കോട്ടയം; കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മുന്നണി പ്രവേശം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. സീറ്റ് ധാരണകൾ സംബന്ധിച്ച അനിശ്ചിതത്വമാണ് കേരള കോൺഗ്രസ് എമ്മിനെ ഔദ്യോഗിക പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴും ചില നേതാക്കൾ ഇടതുമുന്നണിയുമായി കൈകോർക്കുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം ഇനിയും ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാതിരിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കൾ. ഈ സാഹചര്യത്തിൽ പാർട്ടിയുടെ 56ാം ജൻമദിനമായ 9 ന് സുപ്രധാന പ്രഖ്യാപനം ജോസ് കെ മാണി നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിലപാട് വ്യക്തമാക്കും
ജോസ് കെ മാണിയുമായി സഹകരിക്കുമോയെന്ന ചോദ്യങ്ങൾക്കെല്ലാം സിപിഐയും സിപിഎമ്മും പ്രതികരിച്ചത് ആദ്യം കേരള കോൺഗ്രസ് എം അവരുടെ നിലപാട് പ്രഖ്യാപിക്കട്ടെയെന്നാണ്. അതുകൊണ്ട് തന്നെ ഇടതുമുന്നണിയിലേക്കെന്ന പ്രഖ്യാപനം ജോസ് കെ മാണിക്ക് ഉടനെ നടത്തേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ ജൻമദിനമായ വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത അതിനാൽ ഏറെയാണ്.

ഗുണകരമല്ലെന്ന്
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടതുപ്രവേശം എന്നാണ് നിലവിലെ ധാരണ. നേരത്തേ തിരഞ്ഞെടുപ്പിൽ പുറത്ത് നിന്ന് സഹകരിക്കാമെന്നായിരുന്നു പാർട്ടിയിലെ ആലോചന. തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വിലപേശി നേടാമെന്നും കണക്ക് കൂട്ടിയിരുന്നു. എന്നാൽ മുന്നണി പ്രവേശം വൈകുന്നത് ഗുണകരമല്ലെന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിർദ്ദേശം.

സീറ്റുകളിൽ ധാരണ
ഇതോടെയാണ് തിരുമാനം മാറ്റിയത്. നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സിപിഎമ്മുമായി ജോസ് കെ മാണി വിഭാഗം ധാരണയിൽ എത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംത്തിട്ട ജില്ലകളിൽ ഏതൊക്കെ സീറ്റുകളിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ടെന്ന പട്ടിക കേരള കോൺഗ്രസ് സിപിഎമ്മിന് കൈമാറിയിട്ടുണ്ട്.

സഹകരിച്ച് പ്രവർത്തിക്കണമെന്ന്
തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് സിപിഎം ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ജോസിന്റേയും കൂട്ടരുടേയും മുന്നണി പ്രവേശത്തിൽ ഇപ്പോഴും സിപിഐ കടുംപിടിത്തം തുടരുന്നത് ഇടതുമുന്നണിക്ക് തലവേദനയാണ്.

പുറത്ത് നിർത്തി സഹകരണം
തദ്ദേശ ഭരണ തിരഞ്ഞെടുപ്പു വേളയിൽ എൽഡിഎഫിലെടുക്കാതെ, പുറത്തുനിർത്തി സഹകരിപ്പിക്കാമെന്ന അഭിപ്രായമാണ് സിപിഐക്ക് ഉള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്താമെന്നും സിപിഐ സൂചന നൽകുന്നുണ്ട്. എന്നാല് ഘടകക്ഷിയായി തന്നെ എല്ഡിഎഫില് എടുക്കണമെന്നാണ് കേരള കോൺഗ്രസ്(എം)ന്റെ ആവശ്യം.

നിലപാട് കടുപ്പിച്ച് എൻസിപി
അതേസമയം ജോസിന്റെ വരവിന് പ്രതിസന്ധി തീർത്ത് എൻസിപിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പാലാ സീറ്റ് വിട്ട് നൽകില്ലെന്ന് എൻസിപി ആവർത്തിക്കുകയാണ്. മാണി സി കാപന് രാജ്യസഭ സീറ്റ് നൽകി ജോസ് കെ മാണിക്ക് പാലാ സീറ്റ് കൊടുക്കാം എന്നാണ് സിപിഎം ഉയർത്തുന്ന ഫോർമുല.

പാലാ സീറ്റിൽ
ജോസ് കെ മാണി എൽഡിഎഫിലേക്ക് വരുന്നതിനോട് യാതൊരു എതിർപ്പും ഇല്ല എന്നാൽ പാലാ സീറ്റും എൻസിപിയുടെ മറ്റൊരു സീറ്റായ കുട്ടനാട് സീറ്റും സ്വപ്നം കാണേണ്ടതില്ലെന്നാണ് പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ വ്യക്തമാക്കിയത്.
എന്നാൽ ജോസ് കെ മാണിയെ സംബന്ധിച്ച് പാലാ സീറ്റ് അഭിമാന പ്രശ്നമാണ്.

ഉപാധികൾ തള്ളി
നഷ്ടപ്പെട്ടു പോയ പാലാ തിരിച്ച് പിടിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വൻ തിരിച്ച് വരന് നടത്താനാണ് ജോസ് കെ മാണിയുടെ പദ്ധതി. അത് സാധ്യമായില്ലേങ്കിൽ ജോസിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ സീറ്റ് നൽകില്ലെന്ന് കടുപ്പിക്കുകയാണ് കാപ്പൻ.
പൂഞ്ഞാർ സീറ്റ് നൽകി ഒത്തുതീർപ്പിന് ശ്രമിച്ചാലും അതിനും വഴുങ്ങേണ്ടതില്ലെന്ന നിലപാടിലാണ് എൻസിപി നേതൃത്വം.
വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടായേക്കും.

9 സീറ്റുകൾ
അതേസമയം എൻസിപിയുടെ ഉടക്ക് ജോസ് കെ മാണി വിഭാഗത്തെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പാലായും കുട്ടനാടും ഉൾപ്പെടെ 9 സീറ്റുകളിൽ അന്തിമ ധാരണ എത്താതെ മുന്നണി പ്രവേശം പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. രണ്ടില ചിഹ്നത്തിൽ ഹൈക്കോടതി തിരുമാനത്തെ കാത്ത ശേഷം പ്രഖ്യാപനം നടത്തിയാൽ മതിയെന്നും ചിലനേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

രാജ്യസഭ സീറ്റ്
വരുന്ന 8 നാണ് ഹൈക്കോടതി ഹർജി പരിഗണിക്കുക. 9 ന് ശേഷം അന്തിമ തിരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്, മുന്നണി പ്രവേശം പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ജോസ് കെ മാണി രാജ്യസഭ സീറ്റ് രാജിവെച്ചേക്കും.
ഹത്രാസിൽ മലയാളി മാധ്യമ പ്രവര്ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നും
നടപടിയെടുക്കാന് വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി