കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി... പ്രസിഡന്റ് സ്ഥാനമില്ലെന്ന് ജോസ്, ധാരണ തെറ്റി, ജോസഫ് ഇടത്തോട്ട്!!

Google Oneindia Malayalam News

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. ജില്ലാ പഞ്ചായത്ത് സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി വിഭാഗം എല്ലാ ധാരണകളും തെറ്റിച്ചിരിക്കുകയാണ്. പിജെ ജോസഫിന് പിന്നില്‍ കോണ്‍ഗ്രസ് അണിനിരന്നെങ്കിലും കാര്യമുണ്ടായിട്ടില്ല. ഒരു തരത്തിലും വിട്ടുവീഴ്ച്ചയില്ലെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. യുഡിഎഫ് നേതാക്കളുടെ അഭ്യര്‍ഥനയെല്ലാം തള്ളിയിരിക്കുകയാണ്. ഇതോടെ മുന്നണി തന്നെ പിളരുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇടതുപക്ഷം വളരെ ഗൗരവത്തോടെയാണ് ഇത് നിരീക്ഷിക്കുന്നത്. ജോസഫ് എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ്.

ജോസ് പറയുന്നത്

ജോസ് പറയുന്നത്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകിട്ടണമെന്ന പിജെ ജോസഫിന്റെ ആവശ്യം ജോസ് കെ മാണി തള്ളിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടാക്കിയ കരാര്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രാജിവെക്കണമെന്ന് പിജെ ജോസഫ് സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ കെഎം മാണിയുടെ കാലത്തെ കരാര്‍ അനുസരിച്ച് രാജി വേണ്ടെന്ന് ജോസ് പ്രഖ്യാപിച്ചതാണ് ജോസഫിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ചെന്നിത്തലയെ തള്ളി

ചെന്നിത്തലയെ തള്ളി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശം പരസ്യമായി തള്ളിയാണ് ജോസ് കെ മാണി രംഗത്തെത്തിയത്. 2015ല്‍ കെഎം മാണിയുമായി ഉണ്ടാക്കിയ ധാരണയാണ് നിലവിലുള്ളത്. പ്രസിഡന്റ് പദവി വിട്ടുകൊടുക്കില്ലെന്നും ജോസ് പറഞ്ഞു. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം ഉണ്ടായ തര്‍ക്കത്തില്‍ ആദ്യ എട്ട് മാസം ജോസ് പക്ഷത്തിനും ശേഷിക്കുന്ന ആറ് മാസം ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയ്ക്കും പ്രസിഡന്റ് പദവി എന്നായിരുന്നു മുന്നണി ധാരണ. ഈ കരാര്‍ ഉണ്ടെന്ന് ചെന്നിത്തല അടക്കം വ്യക്തമാക്കിയിരുന്നു. വിട്ടുവീഴ്ച്ച ചെയ്യണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. പക്ഷേ ജോസ് വഴങ്ങിയില്ല.

ഇടപെട്ട് കോണ്‍ഗ്രസ്

ഇടപെട്ട് കോണ്‍ഗ്രസ്

ജോസ് പക്ഷം കരാര്‍ പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് കരാര്‍ തയ്യാറാക്കിയത്. ഇരുവിഭാഗവും യുഡിഎഫില്‍ തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. യുഡിഎഫിലെ ധാരണ അനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് 24 വരെയായിരുന്നു സെബാസ്റ്റിയന്‍ കുളത്തുങ്കലിന്റെ കാലാവധി. ഇത്തരമൊരു ധാരണ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വവും സമ്മതിക്കുന്നു. ഇതാണ് ജോസ് അട്ടിമറിച്ചിരിക്കുന്നത്.

മുന്നണി മാറുമോ

മുന്നണി മാറുമോ

ജോസ് ഇടതുമുന്നണിയിലേക്ക് മാറുമോ എന്ന ചോദ്യത്തില്‍ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇടതുമുന്നണിയെ പ്രകീര്‍ത്തിക്കുന്നത് ജോസഫാണെന്ന് ജോസ് പറയുന്നു. എന്നാല്‍ ജോസിന്റെ ചതിക്ക് പകരം വീട്ടാനുള്ള ഒരുക്കത്തിലാണ് ജോസഫ്. മുന്നണി മാറാനുള്ള തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തുന്നത്. ഇടത്തോട്ടാണ് അദ്ദേഹത്തിനുള്ള ചായ്‌വ്. കോടിയേരി അടക്കമുള്ളവര്‍ ജോസഫിനെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ നേരത്തെ ശ്രമിച്ചിരുന്നു.

സജീവമാക്കി സിപിഎം

സജീവമാക്കി സിപിഎം

മുന്നണി വിപുലീകരണ ചര്‍ച്ച സിപിഎം സജീവമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ വിട്ടുവീഴ്ച്ച ചെയ്താല്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ജോസഫ് കണക്ക് കൂട്ടുന്നു. വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ പ്രമുഖര്‍ ജോസഫിനൊപ്പമാണ്. ഇവരെയെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ഇന്നത്തെ നിലയില്‍ യുഡിഎഫില്‍ അത് നടക്കില്ലെന്നാണ് ജോസഫ് കരുതുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇടതുപക്ഷത്തേക്ക് മാറുന്നത് ഗുണമാകില്ലെന്ന് കണ്ടാണ് നേരത്തെയുള്ള നീക്കം.

കോണ്‍ഗ്രസ് വഞ്ചിച്ചു

കോണ്‍ഗ്രസ് വഞ്ചിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജോസ് പക്ഷവും തങ്ങളെ വഞ്ചിച്ചെന്ന് ജോസഫ് പക്ഷം പറയുന്നു. നിലവില്‍ ജോസ് പക്ഷത്തിന്റെ കൈവശമാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനമുള്ളത്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ജോസഫിനെ എല്‍ഡിഎഫിലെത്തിക്കാന്‍ രംഗത്തുണ്ട്. മുന്നണിയുടെ മതനിരപക്ഷേ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാനൊരുങ്ങുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് വാഗ്ദാനമുണ്ട്.

സിപിഎം ലക്ഷ്യമിടുന്നത്

സിപിഎം ലക്ഷ്യമിടുന്നത്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90ന് മുകളില്‍ സീറ്റ് നേടിയെങ്കിലും ക്രൈസ്തവമേഖലയില്‍, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറില്‍ ഇടതിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. കെഎം മാണിയുടെ അഭാവത്തില്‍ ക്രൈസ്തവ മേഖലയിലെ തലയെടുപ്പുള്ള നേതാവായ ജോസഫ് വരുന്നത് ഗുണമാകുമെന്ന് ഇടതുപക്ഷ ംകരുതുന്നു. അഴിമതി വിരുദ്ധ പ്രതിച്ഛായയും അദ്ദേഹത്തിനുണ്ട്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. മുഖ്യമന്ത്രിയെയും അഭിനന്ദിച്ചിരുന്നു.

ജോസഫിന്റെ കരുത്ത്

ജോസഫിന്റെ കരുത്ത്

ജോസഫ് പക്ഷം യുഡിഎഫില്‍ ശക്തി അളക്കാനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്. ജോസിനെ നിയന്ത്രിക്കാന്‍ തയ്യാറായില്ലെങ്കില്‍ വന്‍ നീക്കങ്ങളാണ് ജോസഫ് കളിക്കാന്‍ പോകുന്നത്. കോട്ടയം ജില്ലാപഞ്ചായത്തില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും ബാധിക്കുമെന്ന് ജോസഫ് കരുതുന്നുണ്ട്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ചങ്ങനാശ്ശേരിയില്‍ സിഎഫ് തോമസുമാണ് സിറ്റിംഗ് അംഗങ്ങള്‍. ഇവര്‍ ജോസഫിനൊപ്പമാണ്. രണ്ടും ജോസ് പക്ഷം അവകാശവാദമുന്നയിക്കുന്ന സീറ്റുകളാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടതുപക്ഷം സേഫ് സോണാണെന്ന് ജോസഫ് കരുതുന്നുണ്ട്.

English summary
kerala congress joseph group may join ldf, after differences with jose k mani grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X