കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥത ഫലിച്ചു; കെഎം മാണി വീണ്ടും യുഡിഎഫിലേക്ക്
തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും വിട്ടുപോയ കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മാണി യുഡിഎഫിലേക്ക് തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടായേക്കും.
യുഡിഎഫിലേക്ക് ഒരു കാരണവശാലും തിരിച്ചുപോകില്ലെന്നായിരുന്നു മാണിയുടെ നിലപാട്. ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന കാരണത്താലാണ് യുഡിഎഫ് വിട്ടത്. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നലെന്നും ആരോപണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജോസ് കെമാണി ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് എതിര്‍ത്തു.

എന്നാല്‍, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിലേക്ക് തിരിച്ചുപോവുകയല്ലാതെ മറ്റൊരു മാര്‍ഗം കേരള കോണ്‍ഗ്രസിനില്ല. പ്രത്യേകിച്ചും എല്‍ഡിഎഫ് പ്രവേശനത്തെ സിപിഐ നിശതമായി എതിര്‍ക്കുന്നത് കേരള കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിമാറ്റം ആവശ്യമാണെന്നതും ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ട്.
അതേസമയം, ജോസ് കെ മാണി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം ഇപ്പോഴും യുഡിഎഫ് പ്രവേശനത്തെ അനുകൂലിക്കുന്നില്ല. യുഡിഎഫിലെത്തിയാല്‍ കോണ്‍ഗ്രസ് കാലുവാരുമെന്ന ആശങ്ക ഇവര്‍ പങ്കുവെക്കുന്നു. എന്നാല്‍, പിജെ ജോസഫ് വിഭാഗമാകട്ടെ യുഡിഎഫ് തന്നെയാണ് ശരിയായ വഴിയെന്ന നിലപാടുകാരാണ്. എന്തായാലും പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ത്ത് വിശ്വാസ്യതയോടെ മുന്നോട്ടുപോകാന്‍ തീരുമാനമായാല്‍ മാണിയുടെ യുഡിഎഫ് പ്രവേശനം പരസ്യമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications