കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പിളര്‍ത്തിയുണ്ടാക്കിയ കേരള കോണ്‍ഗ്രസ്... ഇപ്പോള്‍ അതിനെ പിളര്‍ത്തി മാണിയുടെ മകന്‍

Google Oneindia Malayalam News

കോട്ടയം: പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് പറഞ്ഞത് മറ്റാരും ആയിരുന്നില്ല. യശശ്ശരീരനായ സാക്ഷാല്‍ കരിങ്കോഴക്കല്‍ മാണി മാണി എന്ന കെഎം മാണി ആയിരുന്നു. ഇപ്പോഴിതാ മാണി വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടി വീണ്ടും പിളര്‍ന്നിരിക്കുകയാണ്. ആ പിളര്‍പ്പിന് വഴിവച്ചതാകട്ടെ മാണിയുടെ സ്വന്തം മകനായ ജോസ് കെ മാണിയും.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

കെഎം മാണിയുടെ മരണശേഷം ആരാണ് പാര്‍ട്ടിയിലെ സര്‍വ്വാധിപതി എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പില്‍ എത്തിച്ചത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാവും മുന്‍ മന്ത്രിയും ആയ പിജെ ജോസഫുമായുള്ള തര്‍ക്കമാണ് ഇപ്പോള്‍ പാര്‍ട്ടി പിളര്‍ത്തിയത്.

1964 ല്‍ കോണ്‍ഗ്രസ് നേതാവ് കെഎം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആയിരുന്നു കേരള കോണ്‍ഗ്രസ് രൂപീകൃതമാകുന്നത്. കോണ്‍ഗ്രസ്സിലെ അസംതൃപ്തരായിരുന്നു പാര്‍ട്ടിയിലെ അംഗങ്ങള്‍. അന്ന് കെഎം ജോര്‍ജ്ജിന് ശേഷം ആര്‍ ബാലകൃഷ്ണ പിള്ളയായിരുന്നു പാര്‍ട്ടിയിലെ രണ്ടാമന്‍. പാര്‍ട്ടി രൂപീകരിച്ച് 13 വര്‍ഷത്തിന് ശേഷം ആദ്യ പിളര്‍പ്പ് സംഭവിച്ചു. പിന്നീടങ്ങോട്ട് പിളര്‍പ്പുകളുടെ പരമ്പരയായിരുന്നു.

പിള്ളയെ വെട്ടിയപ്പോള്‍ ആദ്യ പിളര്‍പ്പ്

പിള്ളയെ വെട്ടിയപ്പോള്‍ ആദ്യ പിളര്‍പ്പ്

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കള്‍ ആയിരുപന്നു കെഎം ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണ പിള്ളയും. കെഎം ജോര്‍ജ്ജിന് ശേഷം താന്‍ തന്നെ പാര്‍ട്ടി ചെയര്‍മാന്‍ ആകും എന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ വിശ്വാസം. എന്നാല്‍ 1976 ല്‍ കെഎം ജോര്‍ജ്ജിന്റെ മരണശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.

പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാക്കളായിരുന്ന കെഎം മാണിയും പിജെ ജോസഫും ചേര്‍ന്ന് കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി പിളര്‍ന്നു. അങ്ങനെ 1977 ല്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ബി രൂപീകരിക്കപ്പെട്ടു.

മാണിയും ജോസഫും

മാണിയും ജോസഫും

ആര്‍ ബാലകൃഷ്ണ പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ ഒരുമിച്ച് നിന്നവര്‍ ആയിരുന്നു കെഎം മാണിയും പിജെ ജോസഫും. എന്നാല്‍ ഈ ഐക്യം അധികനാള്‍ നീണ്ടുനിന്നില്ല. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. അങ്ങനെയാണ് കേരള കോണ്‍ഗ്രസ് എം രൂപീകരിക്കപ്പെടുന്നത്. 1979 ല്‍ ആയിരുന്നു ഇത്.

ഗംഭീര ലയനം

ഗംഭീര ലയനം

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് മൂന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും ഒന്നാകുന്ന കാഴ്ചയും പിന്നീട് കണ്ടു. 1985 ല്‍ ആയിരുന്നു ഇത്. ബാലകൃഷ്ണ പിള്ളയും കെഎം മാണിയും മാതൃസംഘടനയിലേക്ക് തിരികെ വന്നു. പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍ ആയി തുടര്‍ന്നു. 1985 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് 25 സീറ്റുകള്‍ ആണ് നേടിയത്. കരുണാകരന്‍ മന്ത്രിസഭയില്‍ പാര്‍ട്ടിയ്ക്ക് നാല് മന്ത്രിമാരും ഉണ്ടായിരുന്നു.

'പഞ്ചാബ് മോഡലില്‍' കരുണാകരന്റെ പഞ്ച്

'പഞ്ചാബ് മോഡലില്‍' കരുണാകരന്റെ പഞ്ച്

കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ച ശരിക്കും അസ്വസ്ഥനാക്കിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ ആയിരുന്നു. ഇതിന് തടയിടാന്‍ കനിഞ്ഞുകിട്ടിയ അവസരം ആയിരുന്നു ബാലകൃഷ്ണ പിള്ളയുടെ 'പഞ്ചാബ് മോഡല്‍' പ്രസംഗം. ഇതേ തുടര്‍ന്ന് പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട് പിള്ളയെ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ആയിരുന്നു കരുണാകരന്റ കളി.

ബാലകൃഷ്ണ പിള്ളയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണം എന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ കെഎം മാണിയുടെ ധനവകുപ്പ് കോണ്‍ഗ്രസ്സിന് നല്‍കണം എന്നായി കരുണാകരന്‍. അങ്ങനെ രണ്ട് വര്‍ഷം മാത്രം നീണ്ട ഐക്യത്തിന് ശേഷം മാണി വീണ്ടും കേരള കോണ്‍ഗ്രസ്സ് എം രൂപീകരിച്ച് പാര്‍ട്ടിയെ പിളര്‍ത്തി.

മാണി ഗ്രൂപ്പും പിളര്‍ന്നു

മാണി ഗ്രൂപ്പും പിളര്‍ന്നു

കെഎം മാണിയുടെ കേരള കോണ്‍ഗ്രസ്സിലെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്നു ടിഎം ജേക്കബ്. മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജേക്കബ് പാര്‍ട്ടി വീണ്ടും പിളര്‍ത്തി. അങ്ങനെയാണ് 1993 ല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാകുന്നത്. തന്നെ കൂടാതെ മൂന്ന് എംഎല്‍എമാരെ കൂടെകൂട്ടിയായിരുന്നു അന്ന് ജേക്കബ് പാര്‍ട്ടി പിളര്‍ത്തിയത്.

പിളര്‍പ്പോട് പിളര്‍പ്പ്

പിളര്‍പ്പോട് പിളര്‍പ്പ്

പിടി ചാക്കോയുടെ മകന്‍ ആയ പിസി തോമസ് കെഎം മാണിയ്‌ക്കൊപ്പം ആയിരുന്നു. മൂവാറ്റുപുഴയില്‍ നിന്നുള്ള എംപി ആയിരുന്നു അന്ന് തോമസ്. ഒടുവില്‍ മാണിയോടുള്ള അഭിപ്രായ വ്യത്യാസം മൂത്ത് പിസി തോമസ് പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതായിരുന്നു ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന ഐഎഫ്ഡിപി. കേരള കോണ്‍ഗ്രസ്സില്‍ നിന്ന് പിളര്‍ന്ന് ആ പേര് ചേര്‍ത്തുവയ്ക്കാതെ പാര്‍ട്ടിയുണ്ടാക്കിയ ഏക വ്യക്തി പിസി തോമസ് മാത്രം ആയിരിക്കും. 2000 ല്‍ ആയിരുന്നു ഇത്.

ജോര്‍ജ്ജും പിളര്‍ന്നു

ജോര്‍ജ്ജും പിളര്‍ന്നു

ഇതിനിടെ ആണ് ജോസഫ് ഗ്രൂപ്പില്‍ മറ്റൊരു പിളര്‍പ്പ് നടക്കുന്നത്. പിസി ജോര്‍ജ്ജ് ആയിരുന്നു അതിന് പിന്നില്‍. അങ്ങനെ പിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. എന്നാല്‍ അധിക നാള്‍ ജോര്‍ജ്ജ് ഒറ്റയ്ക്ക് നിന്നില്ല. അധികം വൈകുന്നതിന് മുമ്പ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കുകയും ചെയ്തു.

ഐഎഫ്ഡിപിയുടേയും വിധി അങ്ങനെ തന്നെ ആയിരുന്നു. ഐഎഫ്ഡിപി ലയിച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ആയിരുന്നു.

വീണ്ടും ലയനം

വീണ്ടും ലയനം

മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും അപൂര്‍വ്വം സമയങ്ങളില്‍ മാത്രമായിരുന്നു ഒരേ മുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. 2010 ല്‍ എല്‍ഡിഎഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് മുന്നണി വിട്ടു. ഒടുവില്‍ കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. രണ്ട് മൂന്ന് ദശകങ്ങളുടെ ചരിത്രത്തില്‍ കേരള കോണ്‍ഗ്രസിലെ ഏറ്റവും നിര്‍ണായക സംഭവം ആയിരുന്നു ലയനം. മാറി നിന്നിരുന്ന പിസി ജോര്‍ജ്ജ് കൂടി എത്തിയതോടെ കേരള കോണ്‍ഗ്രസ് എം കേരളത്തിലെ ശക്തമായ പാര്‍ട്ടികളില്‍ ഒന്നായി മാറി.

പിന്നേയും പിളര്‍പ്പ്

പിന്നേയും പിളര്‍പ്പ്

പിസി ജോര്‍ജ്ജ് എന്നും പ്രശ്‌നക്കാരനായിരുന്നു. ലയനത്തിന് ശേഷവും ആ രീതിയില്‍ തന്നെ അദ്ദേഹം തുടരുകയും ചെയ്തു. ബാര്‍കോഴയും സോളാറും എല്ലാം ആയി ഒടുവില്‍ പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്ത് പോയി.

ഇതിനിടെ മറ്റൊരു പിളര്‍പ്പിന് കൂടി കേരള കോണ്‍ഗ്രസ് എം സാക്ഷ്യം വഹിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെഎം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് ആയിരുന്നു ആ പിളര്‍പ്പിന് വഴിവച്ചത്. ഫ്രാന്‍സിസ് ജോര്‍ജ്ജും ആന്റണി രാജുവും ചേര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു.

ഒടുവില്‍ മാണിയുടെ മകന്‍...

ഒടുവില്‍ മാണിയുടെ മകന്‍...

കേരള കോണ്‍ഗ്രസിനെ ഒരുപാട് പിളര്‍പ്പുകളിലേക്ക് നയിച്ച ആളാണ് കെഎം മാണി. ഇപ്പോള്‍ മാണിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകന്‍ ആണ് പിളര്‍പ്പിന് വഴിവച്ചത്. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ ആയി ഒരു വിഭാഗം തിരഞ്ഞെടുത്തിരിക്കുകയാണ്. എന്താണ് പിജെ ജോസഫിന്റെ അടുത്ത നടപടി എന്നാണ് ഇനി അറയാനുള്ളത്.

English summary
Kerala Congress M Splits- The History of splits in Kerala Congress in Kerala Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X