പിസി ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിസി ജോര്‍ജ്ജിനെ സസ്‌പെന്റ് ചെയ്തു. കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പിസി ജോര്‍ജ്ജിനെ മാറ്റി. പാര്‍ട്ടിയുടെ ഉന്നധാതികാരസമിതി യോഗത്തിലാണ് തീരുമാനം.
പിസി ജോര്‍ജ്ജ് പാര്‍ട്ടിയേയും മുന്നണിയേയും അധിക്ഷേപിച്ചുവെന്നാണ് കെഎം മാണി പറഞ്ഞത്. ജോര്‍ജ്ജിനോട് പ്രതികാര മനോഭാവം ഇല്ലെന്നും കെഎം മാണി പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോര്‍ജ്ജിനെ കുടുക്കുന്നതാണ് കേരള കോണ്‍ഗ്രസിന്റെ നടപടി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടാത്തിടത്തോളം കാലം പിസി ജോര്‍ജ്ജിന് കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ ഭാഗമായി എംഎല്‍എ സ്ഥാനം നിലനിര്‍ത്തി പ്രവര്‍ത്തിക്കാനാവില്ല. ഇത് തന്നെയാണ് കെഎം മാണിയും ലക്ഷ്യമിടുന്നത്.
പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന് മാണി ആവര്‍ത്തിച്ചു. ജോര്‍ജ്ജ് ഇപ്പോള്‍ വഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ആണ് സസ്‌പെന്‍ഷന്‍ എന്നാണ് യോഗത്തിന് ശേഷം കെഎം മാണി അറിയിച്ചത്. അന്വേഷണ വിധേയമായാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്റെ അധികാരമുപയോഗിച്ചാണ് തീരുമാനം. അന്വേഷേണ കമ്മിറ്റി സംബന്ധിച്ച തീരുമാനം അടുത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ എടുക്കും.












Click it and Unblock the Notifications