കേരള കോണ്‍ഗ്രസിനെ അങ്ങോട്ട് നോക്കണ്ട: ചെന്നിത്തലയുടെ ക്ഷണത്തിന് മറുപടിയുമായി റോഷി അഗസ്റ്റിന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ വിണ്ടും യു ഡി എഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനായിരുന്നു ജോസിനേയും കൂട്ടരേയും മുന്നണിയിലേക്ക് തിരികെ വിളിച്ചതെങ്കില്‍ ഇന്ന് രമേശ് ചെന്നിത്തലയുടെ ഊഴമായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ രംഗത്ത് വരികയും ചെയ്തു.
കേരളാ കോൺഗ്രസ് (എം) യു ഡി എഫിലേക്കില്ലെന്നും എൽ ഡി എഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നുമാണ് റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസിനെ യു ഡി എഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ തല്‍ക്കാലം എല്‍ ഡി എഫില്‍ തന്നെ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യു ഡി എഫ് പുറത്താക്കിയതാണെന്ന് ഓര്‍മ്മിക്കണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ യു ഡി എഫില്‍ നിന്നും പുറത്താക്കിയ തീരുമാനം തെറ്റായിപ്പോയെന്ന് മനസ്സിലാക്കിയതില്‍ സന്തോഷം. എന്ത് തന്നെയായാലും പാർട്ടി ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസ് കെ മാണി യു ഡി എഫിലേക്ക് വന്നാൽ വല്ലതാണെന്നായിരുന്നു നേരത്തെ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.
'കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു ഡി എഫിലേക്ക് വരുന്നതില്‍ സന്തോഷമാണ്. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. അവര്‍ യു ഡി എഫിന്റെ ഭാഗമായിരുന്നു. തിരിച്ചുവന്നാല്‍ സന്തോഷം,' എന്നായിരുന്നു ചെന്നിത്തല ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
കേരളാ കോൺഗ്രസ് എമ്മിനെ യു ഡി എഫിൽ തിരികെയെത്തിക്കാൻ ശ്രമം നടത്തുമെന്ന കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്റെ അവകാശവാദം തള്ളി ജോസ് കെ മാണിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ അവിഭാജ്യഘടകമാണ്. ഇടതുമുന്നണിയേയും സംസ്ഥാന സർക്കാരിനെയും ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. ഇത് ആദ്യമായല്ല, നേരത്തേയും കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications