കോട്ടയത്ത് കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും: പക്ഷെ സ്ഥാനാർത്ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കും
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയേക്കും. സീറ്റ് സംബന്ധിച്ച ചർച്ചകള്‍ക്കായി ഇന്ന് തിരുവനന്തപുരം കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ഉഭയകക്ഷി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സീറ്റ് വിട്ടുനല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച യു ഡി എഫ് കണ്‍വീനർ എം എം ഹസനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചർച്ചയില്‍ പങ്കെടുക്കും. കേരള കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും പാർട്ടി ചെയർമാന്‍ പിജെ ജോസഫും മോന്‍സ് ജോസഫ് എം എല്‍ എയുമായിരിക്കും പങ്കെടുക്കുക.

മുന്‍ എംപി പിസി തോമസ്, ഫ്രാന്‍സിസ് ജോർജ്, കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് എന്നിവരുടെ പേരുകള്‍ക്കാണ് അവസാന ഘട്ടത്തില്‍ മുന്‍തൂക്കം. അഡ്വ.പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ എന്നിവരുടെ പേരുകളും ആദ്യ ഘട്ടത്തില്‍ ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് ചർച്ചകളില്‍ ഇടം പിടിച്ചില്ല.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുമെങ്കിലും സ്ഥാനാർത്ഥി ആരാകണം എന്നത് സംബന്ധിച്ച് തങ്ങളുടെ താല്‍പര്യം കൂടി പരിഗണിക്കണമെന്ന ഉപാധി കോണ്‍ഗ്രസ് ജോസഫിനും കൂട്ടർക്കും മുന്നില്‍ വെച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോർജ് അല്ലെങ്കില്‍ എംപി ജോസഫ് എന്നതാണ് കോണ്‍ഗ്രസിന്റെ താല്‍പര്യം. കെഎം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെയുള്ള ആളായതിനാല്‍ എംപി ജോസഫിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യവുമുണ്ട്.
ജോസ് കെ മാണിയും കൂട്ടരും പാർട്ടി വിട്ടുപോയ സാഹചര്യത്തില്‍ കോട്ടയം സീറ്റ് തിരികെ എടുക്കാനുള്ള നീക്കം കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാട് ജോസഫ് സ്വീകരിച്ചു. "കെ എം മാണിയും പിജെ ജോസഫും ഉള്‍പ്പെട്ട ഐക്യ കേരള കോണ്‍ഗ്രസിനായിരുന്നു കോട്ടയം സീറ്റ്. കെ എം മാണി മരണം വരെ യുഡിഎഫിലായിരുന്നു. പിന്നീട് ഒരു വിഭാഗം എല്‍ ഡി എഫിലേക്ക് പോയെങ്കിലും ഭൂരിഭാഗം കേരള കോണ്‍ഗ്രസ് പ്രവർത്തകരും ഇപ്പോഴും യു ഡി എഫിനൊപ്പം തുടരുകയാണ്. സ്വാഭാവികമായും കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റില്‍ അവകാശമുണ്ട്." എന്നായിരുന്നു ജോസഫ് നേരത്തെ വ്യക്തമാക്കിയത്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍ ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎന്‍ വാസവന് 314787 വോട്ടുകളായിരുന്നു നേടാന്‍ സാധിച്ചത്. എന്‍ ഡി എയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പിസി തോമസായിരുന്നു മണ്ഡലത്തില്‍ പോരിനിറങ്ങിയത്. 154658 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനും അദ്ദേഹത്തിന് സാധിച്ചു.
എല്‍ ഡി എഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസിനായിരിക്കുമെന്നതില്‍ സംശയമില്ല. തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും. ബി ജെ പിയില്‍ നിന്നും പ്രധാനമായും ഉയർന്ന് കേള്‍ക്കുന്നത് അനില്‍ ആന്റണിയുടെ പേരാണ്.












Click it and Unblock the Notifications