കോട്ടയത്തിന് പിന്നാലെ ചങ്ങനാശേരിയിലും കേരള കോണ്‍ഗ്രസ് പോര്; വശം കെട്ട് യുഡിഎഫ് നേതൃത്വം
കോട്ടയം: യുഡിഎഫിന് വീണ്ടും തലവേദനയായി കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള പോര്. ചങ്ങനാശ്ശേരി നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനം പങ്കിടുന്നത് സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. രണ്ടര വര്‍ഷം വീതം ചെയര്‍മാന്‍ സ്ഥാനം പങ്കിടാനാണ് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ധാരണ ഉണ്ടായിരുന്നത്. ഇതാണ് കേരള കോണ്‍ഗ്രസ് (എം)ലെ പിളര്‍പ്പോടെ തര്‍ക്കത്തില്‍ എത്തിയിരിക്കുന്നത്.

ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന്‍റെ ലാലിച്ചന്‍ കുന്നിപറമ്പില്‍ ചെയര്‍മാനായി. എന്നാല്‍ മാണി വിഭാഗം പിളര്‍ന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ സീറ്റിനായി ജോസഫ് പക്ഷം പിടിമുറുക്കിയിരിക്കുകയാണ്.
ഇനിയുള്ള രണ്ടരവര്‍ഷം തങ്ങള്‍ക്ക് വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ വാദം. കേരള കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളില്‍ ആറ് പേരും ജോസഫ് പക്ഷത്താണ്.
ജോസ് വിഭാഗക്കാരനാണ് ഇപ്പോള്‍ ചെയര്‍മാന്‍. എന്നാല്‍ അടുത്ത ഊഴം തങ്ങള്‍ക്കാണെന്നാണ് ജോസഫ് പക്ഷം അവകാശപ്പെടുന്നത്. യുഡിഎഫ് നേതൃത്വത്തെ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു. സിഎഫ് തോമസ് എംഎല്‍എയുടെ സഹോദരനായ കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസിനെയാണ് ജോസഫ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതം വെയ്ക്കുന്നത് സംബന്ധിച്ചും നേരത്തേ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഒടുവില്‍ യുഡിഎഫ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരിന്നു. ഇതോടെ 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്‍റ് സ്ഥാനം ലഭിക്കാമെന്ന തിരുമാനത്തില്‍ എത്തുകയായിരുന്നു.












Click it and Unblock the Notifications