ഡിജിപി നിയമനം അമിത് ഷാ-പിണറായി കൂട്ടുകെട്ടിന് തെളിവ്; രക്തസാക്ഷികളെ വഞ്ചിച്ചെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡിജിപി നിയമനത്തിലൂടെ പുറത്തുവന്നിരിക്കുന്നത് അമിത് ഷാ-പിണറായി വിജയന്‍ അവിശുദ്ധ ബന്ധമാണെന്ന് രമേശ് ചെന്നിത്തല. കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള കടുത്ത വഞ്ചനയാണ് ഡിജിപി നിയമനം. സിപിഎം പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെയാണ് ഇന്ന് ഡിജിപിയായി നിയമിച്ചിരിക്കുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു.
പുതിയ ഡിജിപിയെ നിയമിച്ചിരിക്കുന്നത് അമിത് ഷായെ സംതൃപ്തിപ്പെടുത്താനാണ്. ഇക്കാര്യത്തില്‍ പി ജയരാജന്‍ സ്വീകരിക്കുന്നത് അഴകൊഴമ്പന്‍ സമീപനമാണ്. സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം അംഗീകകരിക്കുമ്പോള്‍ തന്നെ തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ഇത് വ്യക്തതയില്ലാത്ത നയമാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൂത്തുപറമ്പ് സമരം തെറ്റായിരുന്നു എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും സമ്മതിക്കാന്‍ തയ്യാറാകണം. അമിത് ഷായുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ ഡിജിപിയാക്കിയത് ബിജെപിയുമായുള്ള ധാരണയുടെ പുറത്താണ്. പണ്ട് മോദിയുടെ വിശ്വസ്തനായ ബെഹ്‌റയെ നിയമിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും പിണറായി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ചെന്നിത്തലയുടെ കുറിപ്പ് വായിക്കാം: ''സംസ്ഥാനത്തെ പുതിയ ഡിജിപിയുടെ നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള കടുത്ത വഞ്ചനയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവുമാണ്.
കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് സിപിഎം അന്ന് ആരുടെ പേരിനാണോ സമരം ചെയ്തത്, ആരെയാണോ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചത്, അതേ ഉദ്യോഗസ്ഥനെ ഇന്ന് ഡിജിപിയായി നിയമിക്കുന്നത് രക്തസാക്ഷികളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഈ നിയമനം നടത്തുന്നത് അമിത്ഷായെ സംതൃപ്തിപ്പെടുത്താനാണ്.
സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്ത് അഞ്ച് യുവാക്കളുടെ ജീവന്‍ ബലി നല്‍കിയവര്‍, ഇന്ന് അതേ സ്വാശ്രയ നയങ്ങള്‍ സ്വീകരിക്കുകയും സ്വന്തമായി കോളേജുകള്‍ നടത്തുകയും ചെയ്യുന്നു എന്നത് വേറെ കാര്യം. ഡി.ജി.പി നിയമന വിഷയത്തില്‍ പി. ജയരാജന്‍ സ്വീകരിക്കുന്നത് അഴകൊഴമ്പന്‍ നയമാണ്. ഒരേസമയം സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുകയും എന്നാല്‍ തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് വ്യക്തതയില്ലാത്ത സമീപനമാണ്.
കൂത്തുപറമ്പ് സമരം ഒരു തെറ്റായിരുന്നു എന്ന് പരസ്യമായി സമ്മതിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറാകണം. അമിത് ഷായുമായി ഏറ്റവും അടുപ്പമുള്ള, കേന്ദ്രത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച ഒരു ഉദ്യോഗസ്ഥനെ ഡിജിപിയായി നിയമിക്കുന്നത് പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമാണ് എന്നത് എല്ലാര്‍ക്കും മനസിലായിട്ടുണ്ട്. പണ്ട് നരേന്ദ്രമോദിയുടെ വിശ്വസ്തനായിരുന്ന ലോകനാഥ് ബഹ്‌റയെ നിയമിച്ച അതേ നയത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്.''












Click it and Unblock the Notifications