കെബി ഗണേഷ് കുമാറിനെ വഴി നടക്കാന്‍ അനുവദിക്കില്ലെന്ന് സിഐടിയു: സമരം ശക്തമാകുന്നു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ വിഷയത്തില്‍ ഗതാഗത വകുപ്പിനും മന്ത്രി കെ ബി ഗണേഷ് കുമാറിനുമെതിരെ നിലപാട് ശക്തമാക്കി സി ഐ ടി യു. തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാന്‍ അനുവദിക്കില്ലെന്ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ വ്യക്തമാക്കി. സ്വന്തം സർക്കാറിലെ ഒരു മന്ത്രിക്കെതിരെയാണ് സി ഐ ടി യു പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി ഐ ടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിക്കെതിരായാ കെകെ ദിവാകരന്റെ ഭീഷണി. ഗണേഷിന്റെ പിതാവ് ആർ ബാലകൃഷ്ണ വകുപ്പ് മന്ത്രിയായിരിക്കെ തൊഴിലാളികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്തിരുന്നു. ആ പാരമ്പര്യം ഗണേഷ് കുമാർ കാണിക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ നിലയ്ക്കാണ് ഗതാഗത വകുപ്പും മന്ത്രിയും മുന്നോട്ട് പോകുന്നതെങ്കില്‍ എന്താണ് സി ഐ ടി യു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും. നേരത്തെ ആന്റണി രാജു ഗതാഗത വകുപ്പിന്റെ മന്ത്രിയായിരുന്ന സമയത്ത് മാന്യമായ രീതിയിലാണ് അദ്ദേഹം തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. എന്നാല്‍ കെ ബി ഗണേഷ് കുമാർ അങ്ങനേയല്ല.
താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളത് എന്ന രീതിയിലാണ് കെബി ഗണേഷ് കുമാർ മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നടപടികളുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുന്നതിന് പിന്നിലുള്ള ലക്ഷ്യം കോർപറേറ്റുകളെ സഹായിക്കുകയെന്നതാണ്. ഈ നടപടികളിലൂടെ സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലാകുന്നത്. ഈ സാഹചര്യത്തില്‍ സി ഐ ടി യു ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദിവാകരന്‍ പറഞ്ഞു.
അതേസമയം, ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പൊതുമേഖലയിലെ ആദ്യ ഡ്രൈവിങ് സ്‌കൂള്‍ ഈയാഴ്ച തുറക്കും. കെ എസ് ആര്‍ ടി സിക്ക് കീഴിലാണ് ഡ്രൈവിങ് സ്കൂള്‍ പ്രവർത്തനമാരംഭിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസ് വരെ ഓടിക്കാന്‍ പരിശീലനം നല്‍കുന്നതാണ് സ്ഥാപനം.
കെ എസ് ആര്‍ ടി സിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിന് സ്ഥലം ഒരുക്കിയിട്ടുള്ളത്. അട്ടക്കുളങ്ങര കെ എസ് ആര്‍ ടി സി സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് തീയറി ക്ലാസുകള്‍ നടക്കും. ഇരട്ട നിയന്ത്രണ സംവിധാനമുള്ള (ക്ലച്ച്, ബ്രേക്ക്) ബസുകള്‍ നേരത്തെ തന്നെ കെ എസ് ആര്‍ ടി സിക്കുണ്ടെങ്കിലും കാറും, ഇരുചക്രവാഹനങ്ങളും അടുത്തിടെ വാങ്ങിയതാണ്.












Click it and Unblock the Notifications