മാറിമറിയുന്ന, മറിമായമാകുന്ന ജനമനസ്സ്; 14 ജില്ലകളിലെയും രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ...

ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും ഇടതു-വലതു മുന്നണികളെ മാറിമാറി ഭരണത്തിലെത്തിക്കുന്ന മലയാളികളുടെ പതിവിന് മാറ്റം വന്നത് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. 99 സീറ്റുകള്‍ നല്‍കി കേരള ജനത ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ചു. അതുകഴിഞ്ഞുവന്ന 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പക്ഷേ, കാറ്റ് വലത്തേക്കാണ് വീശിയത്.

വികസനം ഉയര്‍ത്തിക്കാട്ടി ഹാട്രിക് നേട്ടത്തിനായി എല്‍ഡിഎഫും ഭരണവിരുദ്ധ വികാരം ഉണര്‍ത്തി അധികാരത്തില്‍ തിരിച്ചെത്താന്‍ യുഡിഎഫും കച്ചകെട്ടി ഇറങ്ങിയിരിക്കെ, ഓരോ ജില്ലയിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്ന് വിലയിരുത്തി നോക്കാം.

Kerala Election 2026

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ ലോക്‌സഭാ മണ്ഡലപരിധിയിലും വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയതാര്, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ വോട്ടുകള്‍ അനുസരിച്ച് ഓരോ നിയമസഭാ മണ്ഡലത്തില?ും മുന്നിലെത്തിയതാര് എന്നിവ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലേക്ക്...

തിരികെ കിട്ടുമോ തിരുവനന്തപുരം?

കൈവിട്ട പ്രതാപം തിരികെ പിടിക്കാന്‍ യുഡിഎഫും നിലവിലെ ആധിപത്യം വലിയ പരിക്കില്ലാതെ നിലനിര്‍ത്താന്‍ എല്‍ഡിഎഫും വിയര്‍പ്പൊഴുക്കുന്നതിനാണ് തലസ്ഥാന ജില്ല സാക്ഷ്യം വഹിക്കുന്നത്. കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്ത ബിജെപിയുടെ സാന്നിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ത്രികോണ പോരാട്ടമാണ് ജില്ലയുടെ രാഷ്ട്രീയ ചിത്രത്തില്‍ തെളിയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റ് ജില്ലകളിലെല്ലാം താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച യുഡിഎഫിന് തിരുവനന്തപുരത്ത് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ഇത് എല്‍ഡിഎഫ് സാധ്യതയായി കാണുന്നുണ്ടെങ്കിലും ഭരണവിരുദ്ധ വികാരം ഏറ്റവുമധികം പ്രതിഫലിക്കുക ഇവിടെയായിരിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. 2021ല്‍ 14 സീറ്റുകളില്‍ 13ലും എല്‍ഡിഎഫ് ആണ് വിജയക്കൊടി പാറിച്ചത്.

കോവളത്ത് കോണ്‍ഗ്രസിന്റെ എം. വിന്‍സെന്റ് വിജയിച്ചത് മാത്രമായിരുന്നു യുഡിഎഫിന്റെ ഏക ആശ്വാസം. എല്‍ഡിഎഫിന് ലഭിച്ച 13 സീറ്റുകളില്‍ പത്തിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും ഒരിടത്ത് ജനാധിപത്യ കേരള കോണ്‍ഗ്രസുമായിരുന്നു ജയിച്ചത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ തിരുവനന്തപുരവും ആറ്റിങ്ങലും യുഡിഎഫിനെ തുണച്ചു.

2024 ല്‍ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ചിടത്ത് എന്‍ഡിഎയും ഒരിടത്ത് എല്‍ഡിഎഫുമാണ് മുന്നിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ട് വീതം ഇടങ്ങില്‍ യുഡിഎഫും എന്‍ഡിഎയും മുന്നിലെത്തി.

Kerala Election 2026

തിരുവനന്തപുരം- ആകെ 14 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-13 യുഡിഎഫ്-1 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-1 യുഡിഎഫ്-8 എന്‍ഡിഎ-5

2025 തദ്ദേശം: എല്‍ഡിഎഫ്-10 യുഡിഎഫ്-2 എന്‍ഡിഎ-2

ഇ'ക്കൊല്ലം' ആര്‍ക്കൊപ്പം?

എന്നും ഇടതുപക്ഷത്തിനോട് കൂറുപുലര്‍ത്തുന്ന ജില്ലയാണെന്ന പേരുണ്ടായിരുന്ന കൊല്ലത്ത് കുറച്ചുനാളുകളായി മാറ്റത്തിന്റെ കാറ്റ് പ്രകടമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ ഒമ്പതും ഇടതിന് നല്‍കിയ കൊല്ലം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പെത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും കാറ്റ് ഇടതിന് എതിരായി വീശുന്ന പ്രവണതയാണ് കൊല്ലം കാട്ടിയത്.

മുന്നണിയുടെ കുത്തകയായിരുന്ന കൊല്ലം കോര്‍പറേഷന്‍ കാല്‍നൂറ്റാണ്ടിനുശേഷം യുഡിഎഫ് പിടിച്ചെടുത്തു. ത്രിതല തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയവുമായി യുഡിഎഫ് നേട്ടം കൊയ്തപ്പോള്‍ പല നിയമസഭ മണ്ഡലങ്ങളുടെയും സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്.

പഞ്ചായത്തുകളിലെ നേരിയ ഭൂരിപക്ഷവും നഗരസഭകളിലെ മുന്നേറ്റവും എല്‍ഡിഎഫിന് തുണയായെങ്കില്‍ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും ഉണ്ടാക്കിയ മുന്നേറ്റം യുഡിഎഫിന് കരുത്തായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊല്ലം ലോക്‌സഭ മണ്ഡലം കൂടാതെ, മൂന്ന് മണ്ഡലങ്ങള്‍ വരുന്ന മാവേലിക്കര, ഒരു മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴ എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയം നേടി.

2021ലെ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചെങ്കിലും കുന്നത്തൂര്‍, ചവറ, കൊല്ലം മണ്ഡലങ്ങളില്‍ മൂവായിരത്തില്‍ താഴെ വോട്ടിനാണ് യുഡിഎഫ് പരാജയപ്പെട്ടത്. കുന്നത്തൂരില്‍ 2790, ചവറ 1096, കൊല്ലം 2072 എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫ് ഭൂരിപക്ഷം. ഇത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുമുണ്ട്. എന്‍ഡിഎയേയും ഇവിടെ എഴുതിത്തള്ളാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ചാത്തന്നൂരില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്.

കൊല്ലം- ആകെ 11 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-9 യുഡിഎഫ്-2 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-2 യുഡിഎഫ്-9 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-7 യുഡിഎഫ്-4 എന്‍ഡിഎ-0

ആലപ്പുഴ ആര്‍ക്കൊപ്പം?

കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ ഇടതുതിളക്കം കുറയുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ വിമതനായി മത്സരിക്കുന്ന അമ്പലപ്പുഴയുടെ മനസ്സിലെന്താണെന്നും അറിയണം. വിപ്ലവ പോരാട്ടങ്ങളിലൂടെ പാര്‍ട്ടിക്ക് വളക്കൂറുണ്ടാക്കിയ പുന്നപ്ര സമരഭൂമിയിലാണ് ഈ മത്സരം.

സിപിഎമ്മിന് ഏറെ വേരോട്ടമുള്ള കുട്ടനാട് മണ്ഡലത്തിലടക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു തന്ത്രങ്ങള്‍ പാളിയിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമുള്ള മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജില്ലയില്‍ യുഡിഎഫ് വിജയിച്ചത് ഹരിപ്പാട് മാത്രമാണ്. 2011ല്‍ ചെങ്ങന്നൂരിലും 2019ലെ ഉപതെരഞ്ഞെടുപ്പില്‍ അരൂരിലും മാത്രമാണ് മറ്റ് വിജയങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ 6000 വോട്ടില്‍ താഴെ ഭൂരിപക്ഷമുള്ള 7 മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം നടക്കുമെന്നാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടല്‍.

Kerala Election 2026

നവീകരിച്ച എംസി റോഡും പെരുമ്പളം പാലവുമെല്ലാം എല്‍ഡിഎഫ് വികസനനേട്ടമായി ഉയര്‍ത്തി കാണിക്കുമ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചതടക്കമുള്ള പിഴവുകള്‍ യുഡിഎഫും ആയുധമാക്കുന്നു. യുഡിഎഫിന് നേട്ടം കൊയ്യാനുള്ള വളക്കൂറുള്ള മണ്ണായി ആലപ്പുഴ മാറിയെങ്കിലും പടലപ്പിണക്കവും ഗ്രൂപ്പിസവും കഴിഞ്ഞിട്ട് എത്രത്തോളം അവര്‍ക്കത് മുതലാക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചില നിയമസഭ മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ആ മികവ് നിലനിര്‍ത്താനായില്ല. എങ്കിലും പല മണ്ഡലങ്ങളിലും ബിജെപി നിലപാട് നിര്‍ണായകമാണ്.

ആലപ്പുഴ- ആകെ 9 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-8 യുഡിഎഫ്-1 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-1 യുഡിഎഫ്-8 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-7 യുഡിഎഫ്-2 എന്‍ഡിഎ-0

പത്തനംതിട്ടയിലെ പകിടകളി

ശബരിമല സ്വര്‍ണക്കൊള്ളയും യുവതീ പ്രവേശനവും ആഗോള അയ്യപ്പ സംഗമവുമൊക്കെ വോട്ടായി മാറുന്ന പത്തനംതിട്ടയില്‍ വലിയ പ്രതീക്ഷയാണ് ഇക്കുറി യുഡിഎഫ് വെക്കുന്നത്. എന്നാല്‍, അനൈക്യവും വിഭാഗീയതയും മൂലം മുന്നണിക്കുള്ളില്‍ നടക്കുന്ന പകിടകളി ഈ സാധ്യതകളുടെ നിറം കെടുത്തുകയാണ്. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ജില്ലയിലെ അഞ്ച് സീറ്റുകളിലും 2019ലെ കോന്നി ഉപതെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫ് എംഎല്‍എമാരാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയ വലിയ മുന്നേറ്റവും ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാവ് എ. പത്മകുമാര്‍ അറസ്റ്റിലായതും ആരോഗ്യവകുപ്പിന്റെ വീഴ്ചകളുമൊക്കെയാണ് യുഡിഎഫിന് പ്രതീക്ഷയേകുന്നത്. അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ മുന്നണിക്കുള്ളില്‍ തന്നെയുള്ള എതിര്‍പ്പുമൊക്കെ യുഡിഎഫിന് വെല്ലുവിളിയാകുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച് പ്രചാരണം തുടങ്ങിയത് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്‍ഡിഎക്കും ശക്തമായ വേരോട്ടമുള്ള പത്തനംതിട്ടയില്‍ ഘടകകക്ഷികള്‍ക്ക് പ്രാമുഖ്യം നല്‍കിയതിലുള്ള ബിജെപിയുടെ അതൃപ്തി പുകയുന്നുണ്ട്.

പത്തനംതിട്ട- ആകെ 5 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-5 യുഡിഎഫ്-0 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-0 യുഡിഎഫ്-5 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-0 യുഡിഎഫ്-5 എന്‍ഡിഎ-0

'കോട്ട'യം പിടിക്കാന്‍ പതിനെട്ടടവ്

കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ശക്തമായ വേരോട്ടമുള്ള കോട്ടയം ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തോടെയാണ് 2021ല്‍ ചരിത്രഗതി മാറ്റി ചുവപ്പ് പുതച്ചത്. ആകെയുള്ള ഒമ്പത് സീറ്റില്‍ അഞ്ചെണ്ണം നേടിയായിരുന്നു ഇടത് ആധിപത്യം. ഇതിന്റെ കേട് തീര്‍ത്ത ലോക്‌സഭയിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും ഫലത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷകളത്രയും.

ജില്ല പഞ്ചായത്തിലെ 23ല്‍ 16 സീറ്റും 11ല്‍ ഒമ്പത് ബ്ലോക്കും ആറില്‍ ആറ് നഗരസഭയും 71 ഗ്രാമപഞ്ചായത്തുകളില്‍ 43ഉം യുഡിഎഫ് നേടിയിരുന്നു. എന്നാല്‍, ഇവിടെയും മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതുമെല്ലാം യുഡിഎഫിന് തിരിച്ചടിയാകുന്നുമുണ്ട്. മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിനെയും വലക്കുന്നു.

വൈക്കത്ത് സിപിഐയില്‍ നിന്നുള്ള കാര്യമായ കൊഴിഞ്ഞപോക്ക് മുന്നണിക്ക് ക്ഷീണമാണ്. മന്ത്രി വി.എന്‍. വാസവനും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ജയരാജും അടക്കമുള്ള എട്ട് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും കളത്തിലിറങ്ങുന്നത് തീപാറും പോരാട്ടം ഉറപ്പാക്കുന്നുണ്ട്. പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇരുവരെയും എന്‍ഡിഎ മത്സരിപ്പിക്കുന്നുണ്ട്. ഇത് മലയോര മേഖലയില്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

കോട്ടയം- ആകെ 9 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-5 യുഡിഎഫ്-4 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-1 യുഡിഎഫ്-8 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-3 യുഡിഎഫ്-6 എന്‍ഡിഎ-0

ഇടുക്കിയിലാര് കിടുക്കും?

ദുര്‍ഘടമായ ഇടുക്കിയിലെ ചില മലമടക്കുകള്‍ പോലെയാണ് മലയോര ജനതയുടെ മനസ്സും. ജില്ല ഇത്തവണ എവിടേക്ക് തിരിയുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ്. പട്ടയമടക്കമുള്ള ഭൂവിഷയങ്ങളും വന്യമൃഗശല്യവും നിസ്സഹായതയിലെത്തിച്ച കര്‍ഷകരുടെയും കുടിയേറ്റ ജനതയുടെയും വോട്ടുകളാണ് ഇടുക്കിയില്‍ വിധി നിര്‍ണയിക്കുന്നത്.

2021ല്‍ അഞ്ച് മണ്ഡലങ്ങളില്‍ ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ തൊടുപുഴ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാല്‍, ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേടിയ മുന്നേറ്റം തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

15 വര്‍ഷമായി കോണ്‍ഗ്രസിന് എംഎല്‍എമാരില്ലെന്ന അപഖ്യാതി ഇത്തവണ മാറ്റിയെഴുതുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുമുണ്ട്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തി തൊടുപുഴ കൂടി പിടിച്ചെടുക്കുമെന്ന പ്രതീക്ഷ എല്‍ഡിഎഫ് നിലനിര്‍ത്തുന്നുണ്ടെങ്കിലും ദേവികുളത്ത് മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ മറുകണ്ടം ചാട്ടവും ഉടുമ്പഞ്ചോലയില്‍ എം.എം. മണിക്ക് സീറ്റ് നല്‍കാത്തതിലെ പ്രതിഷേധവുമൊക്കെ തിരിച്ചടിയാകുന്നുണ്ട്.

മലയോര ഹൈവേ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഭൂവിഷയങ്ങളും വന്യമൃഗശല്യവുമടക്കമുള്ള ഇടുക്കി ജനതയുടെ പ്രശ്‌നങ്ങളാണ് യുഡിഎഫ് പരിഗണിക്കുന്നത്. തോട്ടം മേഖലയില്‍ കുറച്ചുനാളുകളായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു.

ഇടുക്കി- ആകെ 5 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-4 യുഡിഎഫ്-1 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-0 യുഡിഎഫ്-5 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-1 യുഡിഎഫ്-4 എന്‍ഡിഎ-0

യുഡിഎഫ് കളമായ എറണാകുളം

2021ല്‍ ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിന് കേരളം മുഴുവന്‍ വിധിയെഴുതിയപ്പോഴും യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന ചുരുക്കം ജില്ലകളില്‍ ഒന്നാണ് എറണാകുളം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ് ജില്ല തൂത്തുവാരി. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കുറച്ചെങ്കിലും മികവ് കാണിച്ചിരുന്ന എല്‍ഡിഎഫിന് ഇക്കുറി അവിടെയും പണി പാളി. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം സീറ്റ് നല്‍കി എല്‍ഡിഎഫ് കളത്തിലിറക്കുന്നുണ്ട്.

പെരുമ്പാവൂര്‍, കൊച്ചി മണ്ഡലങ്ങളിലെ അവകാശ തര്‍ക്കങ്ങളും തൃപ്പൂണിത്തുറ, വൈപ്പിന്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാഞ്ഞതുമൊക്കെ യുഡിഎഫിനെ വലക്കുന്നുണ്ട്. ട്വന്റി20യുമായുള്ള സഖ്യത്തിലാണ് എന്‍ഡിഎയുടെ പ്രതീക്ഷയെങ്കിലും അവര്‍ നിര്‍ത്തിയ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ലയെന്ന് വ്യക്തമായത് മുന്നണിക്ക് ചീത്തപ്പേര് ഉണ്ടാക്കിയിട്ടുണ്ട്.

എറണാകുളം- ആകെ 14 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-5 യുഡിഎഫ്-9 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-0 യുഡിഎഫ്-14 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-0 യുഡിഎഫ്-14 എന്‍ഡിഎ-0

തൃശൂരില്‍ ആര്‍ക്കാവും ത്രില്ല്?

തൃശൂരിലെ 13 മണ്ഡലങ്ങളിലും ഇത്തവണ പോരാട്ടം കനക്കും. ചാലക്കുടി ഒഴികെയുള്ള 12 മണ്ഡലങ്ങളും 2021ല്‍ എല്‍ഡിഎഫിനെ തുണച്ചിരുന്നു. കോര്‍പറേഷന്‍ തിരിച്ചുപിടിച്ചതടക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ യുഡിഎഫ് ക്യാമ്പില്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. എങ്കിലും തദ്ദേശത്തിലും 11 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തന്നെയാണ് മുന്നിലെത്തിയത്. ലോക്‌സഭ സീറ്റ് നേടിയതാണ് എന്‍ഡിഎയുടെ നേട്ടം.

ആറ് മണ്ഡലങ്ങളില്‍ എന്‍ഡിഎ ആധിപത്യം പുലര്‍ത്തി. എന്നാല്‍, ഇവിടെയും പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് ട്വന്റി 20ക്ക് പ്രധാന സീറ്റുകള്‍ നല്‍കിയതില്‍ ബിജെപിക്കുള്ള പ്രതിഷേധം ശക്തമാണ്. എല്‍ഡിഎഫിനെ പ്രധാനമായും പ്രതിരോധത്തിലാക്കുന്നത് സഹകരണ ബാങ്ക് കൊള്ളയാണ്. സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖയൊക്കെ യുഡിഎഫ് പ്രചരണായുധമാക്കുന്നുണ്ട്. ദേശീയപാത 544ലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതത് പ്രദേശങ്ങളിലെ എംഎല്‍എമാരെ കുഴപ്പിക്കുന്നുണ്ട്.

Kerala Election 2026

തൃശൂര്‍- ആകെ 13 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-12 യുഡിഎഫ്-1 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-4 യുഡിഎഫ്-3 എന്‍ഡിഎ-6

2025 തദ്ദേശം: എല്‍ഡിഎഫ്-11 യുഡിഎഫ്-2 എന്‍ഡിഎ-0

പാലക്കാട് വെട്ടിപ്പിടിക്കാന്‍...

എല്‍ഡിഎഫിന് ശക്തമായ മുന്‍തൂക്കമുള്ള പാലക്കാട് ജില്ലയില്‍ 2021ല്‍ 12 മണ്ഡലങ്ങളില്‍ പത്തിടത്തും ചെങ്കൊടി പാറി. മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗും പാലക്കാട് ഷാഫി പറമ്പിലും (2024ല്‍ രാഹുല്‍ മാങ്കൂട്ടത്തിലും) മാത്രമാണ് യുഡിഎഫില്‍ ജയിച്ചത്. ഘടക കക്ഷികളായ സിപിഐ പട്ടാമ്പിയിലും ജനതാദള്‍ ചിറ്റൂരിലും ജയിച്ചതൊഴിച്ചാല്‍ ബാക്കി എട്ടിടത്തും സിപിഎം പ്രതിനിധികളാണ്.

ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ പലയിടത്തും നിര്‍ണായകമാകും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും പാലക്കാട് ജില്ല ഉള്‍പ്പെടുന്ന ആലത്തൂരിലെ വിജയം സിപിഎമ്മിന് പ്രതീക്ഷയേകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയില്‍ വാര്‍ഡ് തലങ്ങളില്‍ യുഡിഎഫ് മുന്നേറ്റമുണ്ടായി. തദ്ദേശ ഫലം വിലയിരുത്തുമ്പോള്‍ നിലവില്‍ പട്ടാമ്പി, മണ്ണാര്‍ക്കാട്, പാലക്കാട്, തൃത്താല മണ്ഡലങ്ങള്‍ യുഡിഎഫിന് അനുകൂലമാണ്. മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ അനുകൂല വികാരം ഇത്തവണ തുണക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. പി.കെ. ശശി, എ.സരേഷ് വിഷയങ്ങളും സേവ് സിപിഐ ഫോറവുമൊക്കെ എല്‍ഡിഎഫിന്റെ തലവേദനകളാണ്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് യുഡിഎഫിന് വെല്ലുവിളി. 2021ല്‍ പാലക്കാട്ടും മലമ്പുഴയിലും രണ്ടാം സ്ഥാനത്തെത്തിയത് എന്‍ഡിഎക്ക് പ്രതീക്ഷയുണര്‍ത്തുന്നണ്ടെങ്കിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ മുന്നണിയില്‍ ശക്തമാണ്.

പാലക്കാട്- ആകെ 12 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-10 യുഡിഎഫ്-2 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-4 യുഡിഎഫ്-8 എന്‍ഡിഎ-6

2025 തദ്ദേശം: എല്‍ഡിഎഫ്-8 യുഡിഎഫ്-4 എന്‍ഡിഎ-0

മലപ്പുറമേറാന്‍ യുഡിഎഫ്

2021ല്‍ നാല് സീറ്റാണ് മലപ്പുറത്ത് എല്‍ഡിഎഫ് നേടിയത്. അതുകഴിഞ്ഞെത്തിയ ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ 16 മണ്ഡലങ്ങളില്‍ ഒരിടത്തും നില മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിനായില്ല. 2021ല്‍ പൊന്നാനി, തവനൂര്‍, നിലമ്പൂര്‍, താനൂര്‍ മണ്ഡലങ്ങളില്‍ ജയിച്ച ഇടതുപക്ഷം പെരിന്തല്‍മണ്ണയില്‍ തോറ്റത് വെറും 38 വോട്ടിനാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ വിജയം വണ്ടൂരില്‍ മാത്രമൊതുങ്ങിയപ്പോള്‍ 11 സീറ്റില്‍ മുസ്‌ലിം ലീഗ് ആധികാരിക വിജയം നേടി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥിതിയാകെ മാറി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളും ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട്ടിലും യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. പി.വി. അന്‍വറിന്റെ രാജിയെ തുടര്‍ന്ന് നിലമ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് 11077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് നിഷ്പ്രഭമായി. 33 അംഗ മലപ്പുറം ജില്ല പഞ്ചായത്തില്‍ ഇടതിന് ഒരംഗം പോലുമില്ല. 12 നഗരസഭകളില്‍ പൊന്നാനി ഒഴിച്ച് 11ലും യുഡിഎഫ് ആണ്. 94 പഞ്ചായത്തുകളില്‍ ആറെണ്ണം മാത്രമാണ് ഇടതിനൊപ്പമുള്ളത്. ഇടതുഭരണത്തില്‍ മലപ്പുറം അവഗണിക്കപ്പെട്ടെന്ന പ്രചാരണം തന്നെയാണ് യുഡിഎഫിന്റെ പ്രധാന ആയുധം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നടത്തിയ 'മലപ്പുറം വിരുദ്ധ' പ്രസ്താവനകളും ഇവിടെ ചര്‍ച്ചയാകുന്നുണ്ട്.

ലീഗും ചില സാമുദായിക സംഘടനകളും തമ്മിലുള്ള അകല്‍ച്ചയിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഇടതു തുരുത്തുകള്‍ നിലനിര്‍ത്തുകയെന്ന നേട്ടം മാത്രമാണ് അവരുടെ ലക്ഷ്യവും.
മലപ്പുറം- ആകെ 16 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-4 യുഡിഎഫ്-12 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-0 യുഡിഎഫ്-16 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-0 യുഡിഎഫ്-16 എന്‍ഡിഎ-0

കോഴിക്കോടന്‍ കാറ്റ് എങ്ങോട്ട്?

ഇടത് ആധിപത്യ ചരിത്രമുള്ള കോഴിക്കോട്ട് ഇത്തവണ കടുത്ത പോരാട്ടാമായിരിക്കുമെന്നുറപ്പാണ്. 2021ല്‍ 13ല്‍ 11 മണ്ഡലങ്ങളും എല്‍ഡിഎഫ് തൂത്തുവാരി വ്യക്തമായ ആധിപത്യം നേടിയതാണ്. പക്ഷേ, ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് കനത്ത നഷ്ടമുണ്ടായി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭ മണ്ഡലത്തില്‍ പോലും എല്‍ഡിഎഫിന് ലീഡ് നേടാനായില്ല.

തദ്ദേശത്തിലാകട്ടെ ഇടതിന് ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. കോഴിക്കോട് കോര്‍പറേഷനില്‍ കഷ്ടിച്ച് ഭരണം നിലനിര്‍ത്തിയ എല്‍ഡിഎഫിന് ജില്ല പഞ്ചായത്ത് കൈവിടേണ്ടി വന്നു. ആറ് മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം യുഡിഎഫും രണ്ടെണ്ണം എല്‍ഡിഎഫും നേടി. 12 ബ്ലോക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഏഴും യുഡിഎഫ് നാലും നേടി. ഒന്നില്‍ തുല്യത പാലിച്ചു.

സിപിഎമ്മിന് താഴേത്തട്ടിലുണ്ടായിരുന്ന വലിയ സ്വാധീനം ചോദ്യം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. ജില്ലയില്‍ എന്‍ഡിഎയുടെ ക്രമാനുഗത വളര്‍ച്ചയും മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു. കോഴിക്കോട് കോര്‍പറേഷനില്‍ അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും എന്‍ഡിഎക്ക് കഴിഞ്ഞു.

ന്യൂനപക്ഷ വോട്ടുകള്‍ സമഹാരിക്കാന്‍ ഇരുമുന്നണികളും നടത്തുന്ന ശ്രമങ്ങള്‍ എത്രമാത്രം വിജയിക്കുമെന്നതാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരമടക്കം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ സമരങ്ങളില്‍ പലതിന്റെയും തുടക്കം. കോഴിക്കോടിന്റെ മണ്ണില്‍ നിന്നായിരുന്നെന്ന പ്രത്യേകതയുമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള എന്‍സിപിയിലെ തര്‍ക്കം എല്‍ഡിഎഫിനും സീറ്റ് വിഭജന സമവാക്യങ്ങളിലെ സങ്കീര്‍ണത യുഡിഎഫിനും വെല്ലുവിളിയാകുന്നുണ്ട്.

കോഴിക്കോട്- ആകെ 13 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-11 യുഡിഎഫ്-2 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-0 യുഡിഎഫ്-13 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-3 യുഡിഎഫ്-10 എന്‍ഡിഎ-0

വയനാട് ചുരം ആര് കയറും?

പരമ്പരാഗതമായി യുഡിഎഫിനെ തുണക്കുന്ന വയനാട്ടില്‍ 2021ല്‍ കല്‍പ്പറ്റയും ബത്തേരിയും യുഡിഎഫും മാനന്തവാടി എല്‍ഡിഎഫുമാണ് നേടിയത്. 2024 ജൂലൈ 30ലെ അതിഭീകരമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ അതിജീവിതര്‍ക്ക് രണ്ട് കൊല്ലം തികയും മുമ്പേ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ദുരന്തബാധിതരായ പലരും പുനരധിവാസത്തില്‍ നിന്നടക്കം പുറത്തായെന്ന മറുപ്രചാരണമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ എവിടെയെന്ന മറുചോദ്യം എല്‍ഡിഎഫും ഉയര്‍ത്തുന്നു. മൂന്ന് മണ്ഡലങ്ങളിലെ പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. കല്‍പറ്റയിലെ പത്ത് പഞ്ചായത്തുകളില്‍ എട്ടിലും സുല്‍ത്താന്‍ ബത്തേരിയിലെ ഏഴില്‍ നാലിലും മാനന്തവാടിയിലെ ആറില്‍ അഞ്ചിലും യുഡിഎഫ് ആണുള്ളത്.

ആകെയുള്ള നാല് ബ്ലോക് പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു. മാനന്തവാടിയില്‍ അട്ടിമറി വിജയം നേടുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. ബത്തേരിയിലെങ്കിലും നല്ല മത്സരം കാഴ്ചവെക്കാനാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

വയനാട്- ആകെ 3 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-1 യുഡിഎഫ്-2 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-0 യുഡിഎഫ്-3 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-0 യുഡിഎഫ്-3 എന്‍ഡിഎ-0

കണ്ണൂര്‍ കോട്ട ഇടത് കാക്കുമോ?

ഇടതുകോട്ടയാണ് എന്നും കണ്ണൂര്‍. 2021 ല്‍ 11 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് (ഇരിക്കൂര്‍, പേരാവൂര്‍) വിജയിച്ചത്. ഇത്തവണ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, തലശ്ശേരി, ധര്‍മ്മടം, മട്ടന്നൂര്‍, കൂത്തുപറമ്പ്, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയെന്നത് തന്നെയാണ് എല്‍ഡിഎഫ് നേരിടുന്ന വെല്ലുവിളി. ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ട് അനുപാതമാണ് സമവാക്യങ്ങള്‍ മാറ്റിമറിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം ജില്ലയില്‍ ആറിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ്. തദ്ദേശ ഫലം വിലയിരുത്തിയാല്‍ ആറിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും. മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ജില്ലയില്‍ പോരാട്ടത്തിനിറങ്ങുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പില്‍ മത്സരിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടതടക്കമുള്ള വെല്ലുവിളികള്‍ എല്‍ഡിഎഫും നേരിടുന്നുണ്ട്.

കണ്ണൂര്‍- ആകെ 11 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-9 യുഡിഎഫ്-2 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-5 യുഡിഎഫ്-6 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-6 യുഡിഎഫ്-5 എന്‍ഡിഎ-0

കാസര്‍കോടില്‍ ആര് കസറും?

രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ലഭിച്ച മേല്‍ക്കൈയാണ് കാസര്‍കോട്ട് എല്‍ഡിഎഫ് നേരിടുന്ന വെല്ലുവിളി. 35 വര്‍ഷം കയ്യാളിയ ലോക്‌സഭ ആധിപത്യം 10 വര്‍ഷമായി എല്‍ഡിഎഫിനില്ല. അഞ്ച് നിയമസഭ മണ്ഡലങ്ങളുള്ള ജില്ലയില്‍ കാസര്‍കോടും മഞ്ചേശ്വരത്തും യുഡിഎഫും ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും എല്‍ഡിഎഫുമാണ്.

ലോക്‌സഭയിലും തദ്ദേശത്തിലും മുന്നേറ്റമുണ്ടായ ഉദുമ ഇത്തവണ പിടിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. യുഡിഎഫ് തേരോട്ടം കേരളത്തിലുണ്ടായാല്‍ ഉദുമ മറിയുമെന്നാണ് കണക്കുകൂട്ടല്‍. മഞ്ചേശ്വരത്ത് 2016ല്‍ 89 വോട്ടിനും 2021ല്‍ 745 വോട്ടിനുമാണ് എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തിയതെന്നതും എടുത്തുപറയേണ്ടതുണ്ട്.

പത്ത് വര്‍ഷം കേരളം ഭരിച്ചിട്ടും മെഡിക്കല്‍ കോളജില്‍ ആശുപത്രി കെട്ടിടം പണിത് കിടത്തി ചികിത്സ ആരംഭിക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങളാകും എല്‍ഡിഎഫ് പ്രധാനമായും നേരിടേണ്ടി വരിക. പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രതിഷേധങ്ങള്‍ യുഡിഎഫിന് തലവേദനയാകുന്നുണ്ട്.

കാസര്‍കോട്- ആകെ 5 നിയമസഭ മണ്ഡലങ്ങള്‍

2021 നിയമസഭ: എല്‍ഡിഎഫ്-3 യുഡിഎഫ്-2 എന്‍ഡിഎ-0

2024 ലോക്‌സഭ: എല്‍ഡിഎഫ്-0 യുഡിഎഫ്-5 എന്‍ഡിഎ-0

2025 തദ്ദേശം: എല്‍ഡിഎഫ്-2 യുഡിഎഫ്-3 എന്‍ഡിഎ-0

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
!--#include virtual="/common/login-common-scripts.html"--> q