കേരള ചരിത്രം മാറ്റിയെഴുതിയ 2021 ലെ തിരഞ്ഞെടുപ്പ്! ആ വോട്ടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2021 നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തന്നെ ഏറെ പ്രാധാനപ്പെട്ട ഒന്നായിരുന്നു. 1977 ന് ശേഷം കേരള ചരിത്രത്തില്‍ ആദ്യമായി ഒരേ മുന്നണിക്ക് തുടര്‍ഭരണം നേടിക്കൊടുത്ത തിരഞ്ഞെടുപ്പായിരുന്നു അത്. മാത്രമല്ല അഞ്ച് വര്‍ഷത്തെ പൂര്‍ണ്ണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി.
15-ാം കേരള നിയമസഭയിലേക്ക് 2021 ഏപ്രില്‍ 6 നായിരുന്നു തിരഞ്ഞെടുപ്പ്. മേയ് രണ്ടിനായിരുന്നു ഫലം പ്രഖ്യാപിച്ചത്. 140 അംഗ നിയമസഭയില്‍ 99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയത്. 2016 ല്‍ നേടിയ 91 സീറ്റിനേക്കാള്‍ 8 സീറ്റ് അധികമായിരുന്നു ഇത്. സിപിഎം 62 സീറ്റും സിപിഐ 17 സീറ്റും നേടി. മറുവശത്ത് യുഡിഎഫ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് 22, മുസ്ലീം ലീഗ് 15 എന്നിങ്ങനെയായിരുന്നു യുഡിഎഫിലെ പ്രബലകക്ഷികളുടെ സീറ്റ് നില.

ബിജെപിക്ക് 2016 ല്‍ ആദ്യമായി ലഭിച്ച ഒരു സീറ്റ് 2021 ല്‍ നഷ്ടമായി എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന ജയത്തിന്റെ പിന്‍ബലത്തിലാണ് 2021 ല്‍ യുഡിഎഫ് മത്സരിച്ചത്. എന്നാല്‍ 2016 ല്‍ ലഭിച്ച 6 സീറ്റുകള്‍ നഷ്ടപ്പെടുന്നതായിരുന്നു നിയമസഭയിലെ പ്രകടനം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളുടെ പ്രധാനസ്ഥാനാര്‍ത്ഥികളെ നോക്കാം
എല്‍ഡിഎഫ്
പിണറായി വിജയന്‍
ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് തന്നെയായിരുന്നു പിണറായി വിജയന്‍ മത്സരിച്ചത്. നിപ, കൊവിഡ്, രണ്ട് പ്രളയങ്ങള്‍ എന്നിവയെ അതിജീവിക്കാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത ഭരണാധികാരി എന്ന നിലയില്‍ ക്രൈസിസ് മാനേജര്‍ എന്ന വിശേഷണം കൂടി ചാര്‍ത്തി കിട്ടിയ പിണറായി 50123 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മിന്നുന്ന വിജയം നേടിയ പിണറായി വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ എത്തുകയും ചെയ്തു
കെകെ ശൈലജ
ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിലെ ഏറ്റവും ജനകീയയായ മന്ത്രി എന്ന വിശേഷണത്തോടെയാണ് കെകെ ശൈലജ മട്ടന്നൂരില്‍ ജനവിധി തേടിയത്. നിപ, കൊവിഡ് എന്നീ ആരോഗ്യപ്രതിസന്ധികളെ മുന്നില്‍ നിന്ന് നേരിട്ട ആരോഗ്യമന്ത്രി എന്ന ഖ്യാതി ലോകമെമ്പാടും പരന്നപ്പോള്‍ അത് വോട്ടായും പ്രതിഫലിച്ചു. കേരളം കണ്ട മികച്ച ആരോഗ്യമന്ത്രി എന്ന വിശേഷണവും ശൈലജയ്ക്ക് ലഭിച്ചു. 60963 എന്ന റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ജോസ് കെ മാണി
യുഡിഎഫ് ബാന്ധവം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് എം, എല്‍ഡിഎഫിലേക്ക് എത്തിയ ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. പാലായില്‍ പതിറ്റാണ്ടുകളോളം കെഎം മാണിയെ വിജയിപ്പിച്ച് വിട്ട വോട്ടര്‍മാര്‍ പക്ഷെ മകനെ കൈവിട്ടു. 15738 വോട്ടിനായിരുന്നു ജോസ് കെ മാണിയുടെ തോല്‍വി
യുഡിഎഫ്
രമേശ് ചെന്നിത്തല
അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തെ നയിച്ചത് ചെന്നിത്തലയായിരുന്നു. ഹരിപ്പാട് നിന്ന് ഒരിക്കല്‍ കൂടി ജനവിധി തേടിയ രമേശ് ചെന്നിത്തല 13666 വോട്ടിനാണ് ജയിച്ചത്. യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഒന്നാമത്തെ പേരുമായിരുന്നു അദ്ദേഹത്തിന്റേത്.
ഉമ്മന്‍ചാണ്ടി
കേരള നിയമസഭാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന ഉമ്മന്‍ചാണ്ടി മത്സരിച്ച അവസാന തിരഞ്ഞെടുപ്പ് എന്ന നിലയ്ക്കും 2021 ലെ തിരഞ്ഞെടുപ്പ് പ്രധാനമായിരുന്നു. പുതുപ്പള്ളിയില്‍ 9044 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ചാണ്ടി ജയിച്ചത്. 2023 ല്‍ എംഎല്‍എയായിരിക്കെയാണ് അദ്ദേഹം അന്തരിക്കുന്നത്.
കെകെ രമ
വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കെകെ രമ ആര്‍എംപിഐയുടെ ആദ്യ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 7491 വോട്ടിനായിരുന്നു രമയുടെ വിജയം.
എന്‍ഡിഎ
കെ സുരേന്ദ്രന്‍
ശബരിമല വിഷയത്തിന്റെ സ്വാധീനത്തില്‍ കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ (കോന്നി, മഞ്ചേശ്വരം) ജനവിധി തേടിയ സുരേന്ദ്രന്‍ രണ്ടിടത്തും പരാജയപ്പെട്ടു. കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മഞ്ചേശ്വരത്ത് 345 വോട്ടുകള്‍ക്കായിരുന്നു പരാജയം.
കുമ്മനം രാജശേഖരന്‍
2016 ല്‍ ബിജെപിയുടെ ഒ രാജഗോപാല്‍ ജയിച്ച നേമത്ത് നിന്ന് ജനവിധി തേടിയ കുമ്മനം രാജശേഖരന് വിജയം ആവര്‍ത്തിക്കാനായില്ല. 3949 വോട്ടിനായിരുന്നു കുമ്മനത്തിന്റെ തോല്‍വി.
ഇ ശ്രീധരന്‍
മെട്രോമാന്‍ എന്ന് അറിയപ്പെടുന്ന ഇ ശ്രീധരന്‍ പാലക്കാട് നിന്നാണ് ജനവിധി തേടിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ശ്രീധരന്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പെ ഓഫീസും തുറന്നിരുന്നു. എന്നാല്‍ ഷാഫി പറമ്പിലിനോട് 3949 വോട്ടിന് തോല്‍ക്കാനായിരുന്നു വിധി.












Click it and Unblock the Notifications