റിസ്‌കെടുക്കാനില്ല.. കാശ് കൊടുത്ത് വാങ്ങിയ സീറ്റല്ല; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നെന്ന് ലക്ഷ്മിപ്രിയ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും മേല്‍വിലാസവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മൂലം പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ് ഇതിന് കാരണമെന്നും നടി ലക്ഷ്മിപ്രിയ. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നേരത്തെ ലക്ഷ്മിപ്രിയയെ പെരുമ്പാവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ട്വന്റി-20 പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ വോട്ട് ചെയ്യാത്ത ആളല്ല എന്നും എസ് ഐ ആര്‍ സര്‍ട്ടിഫിക്കറ്റുമായിട്ട് ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മൂലം ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നതിനാലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം എന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അത് പരിഹരിക്കുന്നതിന് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ റിസ്‌കെടുക്കാന്‍ തയ്യാറാല്ലാത്തത് കൊണ്ടാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നത്് എന്നും അവര്‍ പറഞ്ഞു.

'ഞാന്‍ വോട്ട് ഇല്ലാത്ത ആളാണോ, വോട്ട് ഇതുവരെ ചെയ്യാത്ത ആളാണോ, ഇങ്ങനെയുള്ള ഒരാളാണോ മത്സരത്തിന് ഇറങ്ങുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകളും കാര്യങ്ങളും ഒക്കെ കണ്ടിരുന്നു. വോട്ട് ഇല്ല എന്നത് ശരിയാണ്. അത് ഒരു അഡ്രസ്സ് ചേഞ്ചുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒരു ടെക്‌നിക്കല്‍ എറര്‍ കൊണ്ട് സംഭവിച്ചതാണ്. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ തൊട്ട് ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ തൃക്കാക്കരയില്‍ വോട്ട് ചെയ്ത വ്യക്തിയാണ് ഞാന്‍,' ലക്ഷ്മിപ്രിയ വ്യക്തമാക്കി.
എസ് ഐ ആര്‍ സര്‍ട്ടിഫിക്കറ്റുമായിട്ട് ബന്ധപ്പെട്ട് ഒരു അപ്‌ഡേഷന്‍ ഉണ്ടായിരുന്നു. ആ അപ്‌ഡേഷനില്‍ വന്ന ഒരു അഡ്രസ്സിന്റെ എറര്‍ കൊണ്ട് അത് പെന്‍ഡിംഗ് ആയി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആ ഡോക്യുമെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ നിയമസഭ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക, ലക്ഷ്മിപ്രിയ പറഞ്ഞു.
പ്രസ്തുത സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവരെല്ലാം അത് എടുക്കണം എന്നും നടി പറഞ്ഞു. '22-ാം തിയതി മാത്രമെ ആ ഡോക്യുമെന്റ് ഔദ്യോഗിക രേഖയായിട്ട് നമ്മുടെ കയ്യിലേക്ക് ലഭിക്കൂ. 23-ാം തിയതിയാണ് നോമിനേഷന്‍ കൊടുക്കേണ്ട അവസാന തിയതി. എസ്‌ഐആറിന്റെ ഫോമും വോട്ടേഴ്‌സ് ലിസ്റ്റും നോമിനേഷന് ഒപ്പം വെക്കേണ്ടത് അത്യാവശ്യമാണ്. അതുണ്ടെങ്കില്‍ മാത്രമാണ് നമുക്ക് മത്സരിക്കാന്‍ സാധിക്കുക. 22ാം തിയതി അതു കിട്ടും,' ലക്ഷ്മിപ്രിയ പറഞ്ഞു.
പാര്‍ട്ടി ആ റിസ്‌ക് എടുക്കാന്‍ തയാറാണെങ്കിലും അത്തരമൊരു റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ല എന്നും താരം പറഞ്ഞു. 'ഒരു 24 മണിക്കൂറും കൂടി നമ്മുടെ മുന്നില്‍ കിട്ടാത്തതുകൊണ്ട് ഞാനാണ് പാര്‍ട്ടിയോട് പറഞ്ഞത്, ഞാന്‍ ഇതില്‍ നിന്ന് പിന്മാറാം, ധൈര്യപൂര്‍വം വേറൊരാളിനെ നോക്കിക്കൊള്ളൂ, വച്ചുകൊള്ളൂ എന്ന്. ബിജെപി ഒരിക്കലും വ്യക്തി അധിഷ്ഠിതമായിട്ടുള്ള രാഷ്ട്രീയമല്ല. ഞങ്ങള്‍ക്ക് രാഷ്ട്രവും ഞങ്ങളുടെ രാഷ്ട്രീയവുമാണ് വലുത്,' താരം വ്യക്തമാക്കി.
ട്വന്റി-20 ക്കും മുന്നണിക്കും വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. 'മോശം കമന്റുകളില്‍ തളര്‍ന്നു പോകുന്ന, തലകുനിച്ചിരിക്കുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. പിന്നെ പല കമന്റുകളും കാണുന്നുണ്ട്, കാശ് വാങ്ങിച്ചിട്ട് മത്സരിച്ചു. കാശ് കിട്ടിയത് ലാഭമായതുകൊണ്ട് ഇരിക്കുന്നു. അങ്ങനെ ഒരു ഇലക്ഷന് കാശു കൊടുത്ത് വിലയ്ക്ക് വാങ്ങുന്ന ആള്‍ക്കാരൊന്നും ഇല്ല. അങ്ങനെയൊന്നും സാധിക്കില്ല,' നടി പറഞ്ഞു.












Click it and Unblock the Notifications