'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത്
മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തുടനീളം സഞ്ചരിക്കേണ്ടതിനാല്‍ ധര്‍മടം മണ്ഡലത്തിലെ വോട്ടര്‍മാരെയെല്ലാം നേരില്‍ കണ്ട് വോട്ട് ചോദിക്കാന്‍ കഴിയാത്തത് ബാധിക്കാതിരിക്കാന്‍ കത്ത് തയാറാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ വോട്ടര്‍മാരെയും പേരെടുത്ത് അഭിസംബോധന ചെയ്താണ് പിണറായിയുടെ കത്ത്. മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടേയും പേരുകളില്‍ അച്ചടിച്ച കത്തുകളാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും എത്തിക്കുന്നത്.
കത്തിന്റെ അവസാനം ഓരോ വോട്ടറുടേയും പേരും വീട്ടുനമ്പറും വിലാസവും ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞ് തുടങ്ങുന്ന കത്തില്‍ മണ്ഡലത്തില്‍ യാഥാര്‍ഥ്യമാക്കിയ വികസന നേട്ടങ്ങളാണ് പ്രധാനമായും പ്രതിപാദിക്കുന്നത്.

കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്-
'പ്രിയപ്പെട്ട... നന്ദിപൂര്‍വം തുടങ്ങട്ടെ, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വലിയ പരിഗണനയാണ് നമ്മുടെ മണ്ഡലത്തില്‍നിന്ന് എനിക്ക് ലഭിച്ചത്. അര്‍പ്പിച്ച വിശ്വാസം എന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ആ സ്നേഹവിശ്വാസങ്ങള്‍ നന്ദി പറഞ്ഞുതീര്‍ക്കാനാവാത്ത കടപ്പാടായി മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഈ മണ്ഡലവും ഇവിടുത്തെ ജനസമൂഹവും നിങ്ങളുടെയൊക്കെ സ്നേഹവും.
ഈ കാലയളവില്‍ മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി കഴിയുന്നത്ര ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് അറിയാമല്ലോ. റോഡ്, പാലം, പാര്‍പ്പിടം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, ഐടി, ടൂറിസം, കായികം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളിലേക്ക് ആവിഷ്കരിച്ച പദ്ധതികള്‍ നിങ്ങളുടെ സഹകരണവും പിന്തുണയും കൊണ്ടാണ് സാധ്യമായത്.
വീണ്ടും നിയമസഭയിലേക്ക് മത്സരിക്കണമെന്ന് സിപിഐ(എം)ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തീരുമാനിച്ചിരിക്കുകയാണ്. ഇതുവരെ നല്കിയ എല്ലാ സഹായത്തിനും ഹൃദയംനിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, അതേ സ്നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും വിനീതമായി അഭ്യര്‍ഥിക്കട്ടെ. നിങ്ങളുടെ വിശ്വാസം എനിക്ക് ഉത്തരവാദിത്വവും പ്രചോദനവുമാണ്.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ നന്മക്കുമായി നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസത്തോടെ, നിങ്ങളുടെ സ്വന്തം പിണറായി വിജയന്'- എന്നാണ് കത്തിലുള്ളത്.
മുഖ്യമന്ത്രി സംസ്ഥാനം മുഴുവന്‍ പ്രചാരണം നയിക്കുന്നതിനാല്‍ ധര്‍മടത്ത് പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രചാരണം സജീവമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഇവിടെ വികസന സംവാദം നടത്തിയിരുന്നു. പ്രഖ്യാപനത്തിന് ശേഷം ചുരുക്കം പരിപാടികളിലാണ് പങ്കെടുക്കാനായത്. മണ്ഡലത്തിലെ പത്ത് വര്‍ഷത്തെ വികസനം തന്നെയാണ് എല്‍ഡിഎഫ് പ്രധാന പ്രചാരണായുധമാക്കുന്നത്.
പിണറായിയുടെ സ്ഥാനാര്‍ഥിത്വം നേരത്തേ ഉറപ്പായിരുന്നതിനാല്‍ നേരത്തേ പ്രചാരണം തുടങ്ങിയതിന്റെ മുന്‍തൂക്കവും എല്‍ഡിഎഫിനുണ്ട്. 2021 ല്‍ സിപിഎം കോട്ടയായ തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് ശ്രദ്ധേയനായ അബ്ദുല്‍ റഷീദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 2016 ല്‍ ജെയിംസ് മാത്യു നേടിയ 40,617 വോട്ടിന്റെ ഭൂരിപക്ഷം എം.വി. ഗോവിന്ദന് ജയിച്ചപ്പോള്‍ 22,689 വോട്ടായി കുറഞ്ഞിരുന്നു.
തോറ്റ ശേഷവും തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച റഷീദിനെ അവിടെ എം.വി. ഗോവിന്ദന്റെ പിന്‍ഗാമിയായി ഭാര്യ പി.കെ. ശ്യാമളയെത്തിയപ്പോള്‍ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിയാണ് ധര്‍മടത്ത് എത്തിച്ചത്. പാര്‍ട്ടി വിട്ടെത്തി സ്വതന്ത്രനായി നില്ക്കുന്ന ടി.കെ. ഗോവിന്ദനെ യുഡിഎഫ് പിന്തുണക്കുന്നതാണ് പുതിയ നിയോഗം റഷീദിന്റെ ചുമലിലെത്തിയത്. ധര്‍മടം മണ്ഡലം നിലവില്‍വന്ന 2011 ല്‍ 15,162 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ കെ.കെ. നാരായണന് ജയിച്ചത്.
പിണറായി അത് 2016ല്‍ 36,905 ആയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50,123 ആയും ഉയര്‍ത്തി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് കുറച്ചുകൊണ്ടുവരാനായതിലാണ് യുഡിഎഫ് പ്രതീക്ഷ. കെ. സുധാകരനും എം.വി. ജയരാജനും മത്സരിച്ചപ്പോള്‍ 2616 വോട്ട് മാത്രമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് അധികം നേടാനായത്. 2019ല്‍ ഇത് 4099 ആയിരുന്നു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ ഇടതുമുന്നണിക്കുണ്ട്.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14,623 വോട്ടാണ് എന്‍ഡിഎ നേടിയത്. കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ വോട്ടുനേടിയ നാലാമത്തെ മണ്ഡലമാണ് ധര്‍മടം. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത് 16,711 ആയി ഉയര്‍ന്നതിലും എന്‍ഡിഎ പ്രതീക്ഷ വെക്കുന്നുണ്ട്. ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് എന്നിവര്‍ വരും ദിവസങ്ങളില്‍ ഇവിടെ പ്രചാരണത്തിന് എത്തും.
-
'പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല'; ശോഭ സുരേന്ദ്രനോട് രാഹുൽ മാങ്കൂട്ടത്തിൽ -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
'എനിക്കൊപ്പം ശോഭേച്ചിയും സഭയിൽ ഉണ്ടാകണം';ന്യായീകരിച്ച് അഖിൽ മാരാർ...അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ -
വടക്കൻ കേരളത്തിൽ നിർണായകമാവുമോ പ്രവാസി വോട്ടുകൾ? യുദ്ധം മൂലം യാത്ര മുടങ്ങി, ഉറ്റുനോക്കി മുന്നണികൾ -
പാലക്കാട് തിരഞ്ഞെടുപ്പ്: യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേഷ് പിഷാരടി, 'എന്റെ വീഡിയോ പ്രചരിപ്പിച്ചു' -
കള്ളവോട്ട് ചെയ്യാൻ നോക്കേണ്ട, ഒരു വർഷം വരെ അകത്തുകിടക്കും -
ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്... -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും' -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്'












Click it and Unblock the Notifications