മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല; 'ഹൈക്കമാന്‍ഡിന് എന്നെ വിശ്വാസം'
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'തിരഞ്ഞെടുപ്പ് വിജയിക്കുക എന്നതാണ് പ്രധാനം. ഹൈക്കമാന്‍ഡിന് എന്നില്‍ വിശ്വാസമുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിനാണ് മുന്‍ഗണന. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം അതിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം വിളിച്ചു കൂട്ടിയായിരിക്കും തീരുമാനം അറിയിക്കുക,' ചെന്നിത്തല പറഞ്ഞു.

ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് ഇത് നിര്‍ണായക തിരഞ്ഞെടുപ്പാണ് എന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എന്നും തന്നെ വിശ്വാസമാണ് അതിനാലാണ് മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള ചുമതല തന്നെ ഏല്‍പ്പിച്ചത് എന്നും ചെന്നിത്തല വ്യക്തമാക്കി. പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള പ്രചരണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ചേലക്കരയൊഴികെ ബാക്കിയെല്ലായിടത്തും യുഡിഎഫ് ജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നും. ഈ വിധികളെല്ലാം വെളിവാക്കുന്നത് ജനഹിതം സര്‍ക്കാരിന് എതിരാണ് എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഭരണമാറ്റത്തിന് വേണ്ടി തയാറായി കഴിഞ്ഞെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന കിട്ടാത്ത സാഹചര്യമില്ല. മുതിര്‍ന്ന നേതാക്കളേയും ചെറുപ്പക്കാരേയും ഒരുമിച്ച് കൊണ്ടുപോകുന്ന സമീപനമാണുള്ളത് എന്നും പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ കൊടുക്കണമെന്നാണ് തങ്ങളും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയുമായി നന്നായി സഹകരിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹത്തിനുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി വിശദമായി സംസാരിച്ചു എന്നും അതിന് ശേഷം അദ്ദേഹം വളരെ സജീവമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രംഗത്ത് ഇടപെടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ച നടപടിയെ അദ്ദേഹം തള്ളിക്കളഞ്ഞു.
റീത്ത് വെച്ച് പ്രതിഷേധിക്കുന്നത് സിപിഎമ്മിന്റെ സംസ്‌കാരമാണ് എന്നും അത് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications