വാക്ക് പാലിച്ചോ എല്‍ഡിഎഫ്? പ്രകടനപത്രികയില്‍ പറഞ്ഞതും നടപ്പായതും

വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലത്തിലേക്ക് കടന്നിരിക്കുകയാണ് കേരളം. തിരഞ്ഞെടുപ്പ് കാലമെന്നാല്‍ മോഹന വാഗ്ദാനങ്ങളുടെ കൂടി കാലമാണ്. വോട്ടര്‍മാരെ ആകര്‍ഷിക്കാനായി പലവിധ വാഗ്ദാനങ്ങളായിരിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുക. ഈ വാഗ്ദാനങ്ങളെല്ലാം രേഖയാക്കി പുറത്തിറക്കുന്നതാണ് മുന്നണികളുടെ പ്രകടന പത്രിക. ഭരണം കിട്ടിയാല്‍ അതില്‍ ചിലത് നടപ്പിലാകാം, ചിലത് നടപ്പിലാകാതെയിരിക്കാം.

ഏതായാലും പ്രകടന പത്രിക വോട്ടര്‍മാരെ സ്വാധീനിക്കും എന്നതില്‍ സംശയമില്ല. കഴിഞ്ഞ 10 വര്‍ഷമായി കേരളം ഭരിക്കുന്നത് എല്‍ഡിഎഫാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ അന്ന് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാരിനെ മൃഗീയ ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. അഴിമതി ആരോപണങ്ങളാല്‍ വശംകെട്ട യുഡിഎഫിനെതിരെ അന്ന് എല്‍ഡിഎഫ് മികച്ച പ്രകടന പത്രികയായിരുന്നു പുറത്തിറക്കിയത്.

Kerala Election 2026

അന്ന് പ്രകടന പത്രികയില്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 ഉം തങ്ങള്‍ പാലിച്ചു എന്ന് പറഞ്ഞ് കൊണ്ടാണ് എല്‍ഡിഎഫ് 2021 ലും വോട്ടര്‍മാരെ സമീപിച്ചത്. മാത്രമല്ല ഓരോ വര്‍ഷവും പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ പ്രോഗസ് റിപ്പോര്‍ട്ടും എല്‍ഡിഎഫ് പുറത്തിറക്കി. 2021 ല്‍ 99 സീറ്റുമായി എല്‍ഡിഎഫിന് തുടര്‍ഭരണം നേടിക്കൊടുക്കുന്നതില്‍ ഇതും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

900 വാഗ്ദാനങ്ങളായിരുന്നു എല്‍ഡിഎഫ് 2021 ല്‍ മുന്നോട്ട് വെച്ചിരുന്നത്. ഇതില്‍ 850 എണ്ണവും നടപ്പിലാക്കി എന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. ഒരിക്കല്‍ കൂടി ഒരു തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ 2021 ല്‍ എല്‍ഡിഎഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയില്‍ എന്തെല്ലാം നടപ്പിലായി എന്ന് നോക്കാം.

ഭവന നിര്‍മ്മാണവും ലൈഫ് മിഷനും

ഭവനരഹിതര്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിവര്‍ഷം 1.5 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനം. ലൈഫ് മിഷന്റെ ഭാഗമായിട്ടായിരുന്നു ഇത്. എല്‍ഡിഎഫിന്റേയും സിപിഎമ്മിന്റേയും പ്രഖ്യാപിത നയമായ എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനം നടപ്പിലാക്കാനായത് സര്‍ക്കാരിന്റെ നേട്ടമാണ്. 2026 ന്റെ തുടക്കത്തോടെ, ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 5.25 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍

വികസനവും ക്ഷേമവും എന്നതാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്ന പ്രധാന മുദ്രാവാക്യം. അതില്‍ ഏറ്റവും പ്രധാനം ക്ഷേമപെന്‍ഷന്‍ തന്നെയാണ്. എല്ലാ എല്‍ഡിഎഫ് സര്‍ക്കാരുകളും ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. 2021 ലെ പ്രകടന പത്രികയില്‍ ക്ഷേമ പെന്‍ഷന്‍ 1600 ല്‍ നിന്ന് 2500 രൂപയാക്കി ഘട്ടം ഘട്ടമായി ഉയര്‍ത്തും എന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ ക്ഷേമപെന്‍ഷന്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തിയില്ല. അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ച് 2000 രൂപയാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഇത്. ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചില്ല എന്ന് മാത്രമല്ല വാഗ്ദാനം ചെയ്ത 2500 ലേക്ക് പെന്‍ഷന്‍ തുക എത്തിയതുമില്ല. എങ്കിലും 2000 മാക്കി ഉയര്‍ത്തിയതും കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്തതും സര്‍ക്കാര്‍ നേട്ടമായി അവകാശപ്പെടുന്നുണ്ട്.

മറ്റൊരു വാഗ്ദാനം സ്ത്രീകള്‍ക്കുള്ള ധനസഹായമായിരുന്നു. ഒരു പെന്‍ഷനും ലഭിക്കാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം ഒരു തുക നല്‍കും എന്നതായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനവും നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. നിലവില്‍ പ്രതിമാസം 1000 രൂപ സ്ത്രീകള്‍ക്ക് നല്‍കി വരുന്നുണ്ട്.

തൊഴില്‍ & സംരംഭകത്വം: അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തു, പ്രധാനമായും കുടുംബശ്രീയിലൂടെയും 'വിജ്ഞാന സമ്പദ്വ്യവസ്ഥ' മാതൃകയിലൂടെയും. 2025 അവസാനത്തോടെ, കുടുംബശ്രീ 2 ലക്ഷം പ്രാദേശിക ജോലികള്‍ മാപ്പ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത് 20 ലക്ഷം സ്ത്രീകളിലേക്ക് എത്തിച്ചേരാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.

അടിസ്ഥാനവികസനം

എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തി കാട്ടുന്നത് അടിസ്ഥാന സൗകര്യ വികസനമാണ്. റോഡുകളും പാലങ്ങളും നവീകരിക്കപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ദേശീയപാതാ വികസനം 98% വും പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓഫീസ് പൂട്ടിപ്പോയ ദേശീയപാതാ അതോറിറ്റിയെ തിരിച്ചെത്തിച്ച് എല്ലാ എതിര്‍പ്പുകളേയും മറികടന്ന് സ്ഥലമേറ്റെടുത്ത് നല്‍കി.

ദേശീയപാത നിര്‍മാണത്തിലെ വേഗതയും പൂര്‍ത്തീകരണവും ഏറ്റവും പ്രധാനപ്പെട്ട വാക്കുപാലിക്കലുകളിലൊന്നായി. സംസ്ഥാന പാതകളും സമാന്തരമായി വികസിക്കപ്പെട്ടു. പലറോഡുകളും നവീകരിക്കപ്പെട്ടതോടെ ടൂറിസം സാധ്യതകളും മെച്ചപ്പെട്ടു. പെരുമ്പളം പാലം, അമ്പൂരി പാലം തുടങ്ങിയ പാലങ്ങള്‍ പതിറ്റാണ്ടുകളുടെ സ്വപ്‌ന സാക്ഷാത്കരമായി. ചെല്ലാനത്തെ കടലാക്രമണത്തില്‍ നിന്ന് രക്ഷിച്ച ടെട്രോപാഡ് നിര്‍മാണവും സര്‍ക്കാരിന്റെ മികവായി വിലയിരുത്തപ്പെടുന്നു.

തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്‌ക്കൊപ്പം തുരങ്കപാത, ജലപാത എന്നിവയിലെ വേഗത്തിലുള്ള നടപടിക്രമങ്ങളും പ്രകടന പത്രികയിലെ വാഗ്ദാന പൂര്‍ത്തീകരണങ്ങളായി. ഈ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയതും മറ്റൊരു പൊന്‍തൂവലായി. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് കിഫ്ബി വഴി തുടര്‍ച്ചയായി ധനസഹായം വിതരണം ചെയ്തു.

ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി (FHC) പരിവര്‍ത്തനം ചെയ്യുന്നത് തുടര്‍ന്നു. 80% ത്തിലധികം ഹെല്‍ത്ത് സെന്ററുകള്‍ നവീകരിക്കുകയും നിരവധി കുടുംബങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ലഭിച്ചതോടെ രോഗികള്‍ ഇവിടേക്ക് എത്തി തുടങ്ങി.

ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ സംസ്ഥാനത്തെങ്ങും ഉണ്ടായി. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് കൊണ്ട് രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ ആശുപത്രി കോഴിക്കോട് ഒരുങ്ങുകയാണ്. കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കിയ 449 കോടി രൂപ ചെലവിട്ട് എറണാകുളത്ത് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ഥ്യമാക്കിയതും നേട്ടമായി. സ്‌കൂളുകള്‍ ഭൂരിഭാഗവും ഹൈടെക്ക് ആയി മാറി. സ്‌കൂള്‍ പൂട്ടിപ്പോകുന്ന സാഹചര്യം ഇല്ലാതായി.

വിഴിഞ്ഞവും കൊച്ചി മെട്രോയും

മുന്‍സര്‍ക്കാരുകളുടെ കാലത്ത് തന്നെ തുടക്കമിട്ട പദ്ധതികളാണെങ്കിലും വിഴിഞ്ഞത്തിലും കൊച്ചി മെട്രോയിലും വികസന സാധ്യതകള്‍ പരിശോധിച്ച് നടപ്പാക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടു എന്ന് കാണാം. ഏറ്റവും പ്രധാനം വിഴിഞ്ഞം തന്നെയാണ്. അതിവേഗത്തിലാണ് വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്ത് കപ്പല്‍ എത്തിയത്. കൊച്ചി മെട്രോയുടെ അനുബന്ധ വികസനങ്ങള്‍ക്കൊപ്പം വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമായതും നേട്ടമായി.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചുനീക്കം എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. 64,000 കുടുംബങ്ങളെ കണ്ടെത്തി കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം നിശ്ചയിച്ചു. 2025 ആകുമ്പോഴേക്കും ഈ സംരംഭം അതിന്റെ പുരോഗതി കൈവരിച്ചു. ആ വര്‍ഷം നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു.

കൃഷിയും റബ്ബര്‍ വിലയും

റബ്ബറിന്റെ അടിസ്ഥാന വില കിലോഗ്രാമിന് 250 രൂപയായി ഉയര്‍ത്തുക എന്നതായിരുന്നു പ്രകടന പത്രികയുടെ ലക്ഷ്യം. 2025 അവസാനത്തോടെ, താങ്ങുവില കിലോഗ്രാമിന് 150 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തി, കൂടുതല്‍ വര്‍ദ്ധനവിനായി കേന്ദ്ര സര്‍ക്കാരിന് അഭ്യര്‍ത്ഥനകള്‍ അയച്ചു.

ഡിജിറ്റല്‍ ഭരണം

സേവന വിതരണം, ഡിജിറ്റല്‍ വിടവ് കുറയ്ക്കല്‍, ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്കായി ഡിജിറ്റല്‍ ആപ്പുകളില്‍ ഊന്നല്‍ നല്‍കി. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ കൈയിലെത്തുന്നതിനായി കെ-സ്മാര്‍ട്ട് വിജയകരമായി നടപ്പാക്കി.

ഫിഷറീസ് മേഖല

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കി. 2026 ന്റെ തുടക്കത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള തീരദേശ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 3,408 വീടുകള്‍ നല്‍കി.

വ്യാവസായിക വളര്‍ച്ച

പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും 'ഒരു ഉല്‍പ്പന്നം, ഒരു പഞ്ചായത്ത്' ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മിനി-ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചു. കോടികളുടെ നിക്ഷേപവും ആകര്‍ഷിക്കാനായി.

വെല്ലുവിളികളും വിമര്‍ശനങ്ങളും

ഇക്കാലയളവില്‍ സംസ്ഥാനം സാമ്പത്തിക പരിമിതികള്‍ നേരിട്ടു, പ്രധാനമായും കേന്ദ്ര കൈമാറ്റങ്ങളിലെ കുറവും കൊവിഡിന്റെ സാമ്പത്തിക പരിണതഫലങ്ങളും ചില അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ക്ക് കാരണമായി. 40 ലക്ഷം തൊഴില്‍ എന്നതിലേക്ക് എത്താന്‍ സര്‍ക്കാരിനായില്ല

വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയും സര്‍ക്കാരിനെതിരെ 'പിന്‍വാതില്‍ നിയമനങ്ങള്‍' നടത്തുന്നതായി ആരോപിച്ചും സര്‍ക്കാരിന്റെ വികസന അവകാശവാദങ്ങള്‍ അതിശയോക്തിപരമാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+