'ജനങ്ങള്‍ക്ക് എന്നെ വലിയ ഇഷ്ടം ആണ്'; മുഖ്യമന്ത്രിയാകാന്‍ തര്‍ക്കമുണ്ടാക്കില്ലെന്ന് ചെന്നിത്തല
ഹരിപ്പാട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടാക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. യു ഡി എഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നും ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അനുസരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 2021 ല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാത്തതില്‍ വിഷമമില്ല എന്നും ചെന്നിത്തല പറഞ്ഞു.
'കുട്ടികളുടെ പരിപാടിയില്‍ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞിരുന്നു. അത് അവരെ മോട്ടിവേറ്റ് ചെയ്യാനായിട്ട് പറഞ്ഞതാണ്. ഏതായാലും കേരളത്തിലെ ജനങ്ങള്‍ക്ക് എന്നെ വലിയ ഇഷ്ടം ആണ്,' രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കമുണ്ടാകില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. 100 സീറ്റ് നേടി കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും എന്നാണ് സതീശന്‍ പറയുന്നത്.

അതേസമയം കേരളത്തില്‍ കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കണം എന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നേരത്തെ സീറ്റ് വിഭജനത്തില്‍ തര്‍ക്കമുണ്ടായത് പാര്‍ട്ടിക്കുള്ളില്‍ അനൈക്യമുണ്ട് എന്ന സന്ദേശം നല്‍കി എന്ന ആശങ്ക ഹൈക്കമാന്‍ഡ് പങ്ക് വെച്ചിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് ഹൈക്കമാന്‍ഡാണെന്നിരിക്കെ പല എംപിമാരും ഇതിനെതിരെ നിലപാട് എടുത്തത് നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല.
എന്നാല്‍ പല എംപിമാര്‍ക്കും വിജയസാധ്യതയെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും സംസ്ഥാന നേതൃത്വവും എംപിമാര്‍ മത്സരിക്കേണ്ട എന്ന റിപ്പോര്‍ട്ട് നല്‍കി എന്നാണ് വിവരം. കെ സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരെല്ലാം മത്സരത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം തീരുമാനം മാറ്റാന്‍ ഹൈക്കമാന്റ് തയ്യാറായില്ല. അതിനിടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യത്തെ ചൊല്ലി തര്‍ക്കമുടലെടുത്തിട്ടുണ്ട്.
ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമര്‍ശിച്ച് രംഗത്തെത്തി. വിജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നവര്‍ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നായിരുന്നു തരൂര്‍ പറഞ്ഞത്. കഴിവുള്ള സ്ത്രീകളെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ വേണ്ട പരിഗണന നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പോകുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും എന്നും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടത് എന്നും ചെന്നിത്തല പറഞ്ഞു. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ആരും പാര്‍ട്ടി വിടരുത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications