കേരളത്തിൽ എൽഡിഎഫിന് ഞെട്ടൽ; 2019 ആവർത്തിക്കുമോ? ലീഡ് ആലത്തൂരിൽ മാത്രം
തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കേരളത്തിൽ എൻ ഡി എയ്ക്കും പിറകിൽ പോയി എൽ ഡി എഫ്. നിലവിൽ ആലത്തൂരിൽ മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. മന്ത്രി കെ രാധാകൃഷ്ണനാണ് ഇവിടെ മുന്നേറ്റം. 16 ഇടത്ത് യു ഡി എഫ് , രണ്ട് മണ്ഡലങ്ങളിൽ എൻഡിഎ എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 1 സീറ്റിൽ മാത്രമായിരുന്നു എൽ ഡി എഫിന് വിജയിക്കാനായത്. അന്ന് എഎം ആരിഫിലൂടെ ആലപ്പുഴയിലായിരുന്നു ആശ്വാസ വിജയം. എന്നാൽ കഴിഞ്ഞ തവണത്തേത് പ്രത്യേക സാഹചര്യമായിരുന്നുവെന്നും ഇത്തവണ 12 സീറ്റുകൾ വരെ നേടാനാകുമെന്നുമായിരുന്നു എൽ ഡി എഫ് അവകാശപ്പെട്ടത്.

കഴിഞ്ഞ ദിവസം എക്സിറ്റ് പോൾ ഫലങ്ങൾ എൻ ഡി എയ്ക്കും താഴെ എൽ ഡി എഫിന് സീറ്റ് പ്രവചിച്ചപ്പോൾ എൽ ഡി എഫ് നേതാക്കൾ ഇത് പരിഹസിച്ച് തള്ളിയിരുന്നു. കേരളത്തിലാണോ എൻ ഡി എയെക്കാൾ എൽ ഡി എഫ് പുറകിൽ പോകുന്നതെന്നായിരുന്നു നേതാക്കളുടെ ചോദ്യം. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദയനീയ പരാജയത്തിലേക്ക് അടുക്കുകയാണ് എൽ ഡി എഫ്.
കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കാസർഗോഡ്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കനത്ത തോൽവിയേക്ക് പോകുകയാണ് സി പി എം സ്ഥാനാർത്ഥികൾ. സിപിഎമ്മിന്റെ അതികായരായ തോമസ് ഐസകും കെകെ ശൈലജയും ഇറങ്ങിയ പത്തനംതിട്ട, വടകര പോലുള്ള മണ്ഡലങ്ങളിലും കനത്ത തിരിച്ചടിയാണ് എൽ ഡി എഫിന് ഉണ്ടായത്. ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴയിലും തോൽവിയിലേക്ക് അടുക്കുകയാണ് പാർട്ടി. ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ വമ്പൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നതാണ് കാഴ്ച.
തൃശൂരിൽ കുതിച്ച് സുരേഷ് ഗോപി, തിരുവനന്തപുരത്തും കനത്ത മത്സരം
ഒടുവിൽ സുരേഷ് ഗോപി തൃശൂർ എടുക്കുന്നു? മണ്ഡലത്തിൽ 30,000ത്തിന് വോട്ടിന് മുകളിലാണ് സുരേഷ് ഗോപിയുടെ നിലവിലെ ലീഡ്. ഇതോടെ സുരേഷ് ഗോപിയിലൂടെ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് ഏറെകുറെ ഉറപ്പായിരിക്കുകയാണ്. ഇതിനോടകം തന്നെ തൃശൂരിൽ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്തും ശക്തമായ മത്സരമാണ് നടക്കുന്നത്. നിലവിൽ രാജീവ് ചന്ദ്രശേഖറാണ് ഇവിടെ മുന്നേറുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെക്കാൾ രണ്ടായിരത്തോളം വോട്ടുകൾക്ക് മുകളിലാണ് രാജീവ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications