Kerala Election Result 2024: 'കേരളത്തിൽ മോദി തരംഗം,ബിജെപി 5-6 സീറ്റുകളിൽ വിജയിക്കും'; കെ സുരേന്ദ്രൻ
തിരുവനനന്തപുരം: കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ആവർത്തിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്രമോദിയ്ക്ക് ശക്തമായ ജനപിന്തുണ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. 5-6 സീറ്റുകൾ വരെ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ ജനപിന്തുണ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കൂടുതൽ സീറ്റുകളോടെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ 5-6 സീറ്റിലെങ്കിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ടുള്ള ഫലമായിരിക്കും ഉണ്ടാകുക', സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് പ്രതീക്ഷയിലാണെന്ന് ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. 'തിരുവനന്തപുരത്ത് ഒരു മാറ്റം കൊണ്ടുവരാൻ ലക്ഷ്യം വെച്ചാണ് ഞാൻ ഇവിടേക്ക് വന്നത്. എന്റെ പ്രചരണവും അതിലൂന്നിയായിരുന്നു. വലിയ ഭൂരിപക്ഷത്തോടെ മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുന്നുവെന്നതാണ് വ്യക്തിപരമായി എന്നെ സന്തോഷിപ്പിക്കുന്നത്. അവസാന നിമിഷത്തിലും ആവേശത്തിലാണ്. വികസനം, പുരോഗതി എന്നത് തന്നെയാണ് ജനങ്ങളുടെ ആവശ്യം. ആര് അത് ഉറപ്പ് നൽകുന്നോ, ജനങ്ങൾക്കൊപ്പം അവർ നിൽക്കും', രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്ത് ഇക്കുറി ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ അമിത പ്രതീക്ഷയിലാണ് ബി ജെ പി നേതൃത്വം. ബി ജെ പിക്ക് 4 വരെ സീറ്റുകൾ ചില സർവ്വെകൾ പ്രവചിച്ചിരുന്നു. തൃശൂരും തിരുവനന്തപുരവുമാണ് ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഇത്തവണ കഠിന പരിശ്രമമായിരുന്നു ബി ജെ പി നടത്തിയത്. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചരണത്തിനായി സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എത്തിയിരുന്നു. ഇതെല്ലാം വോട്ടായി മാറിയെന്ന വിലയിരുത്തലിലാണ് നേതൃത്വം. കുറഞ്ഞത് 20,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും സുരേഷ് ഗോപി നേടുമെന്നാണ് വോട്ടെടുപ്പിന് പിന്നാലെ ബി ജെ പി വിലയിരുത്തിയത്.
ഇതിനോടകം തന്നെ ബിജെപിയുടെ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നേതൃത്വം തുടങ്ങിയിട്ടുണ്ട്. തൃശൂരും തിരുവനന്തപുരത്തും കാവി ലഡുവിന് ഓർഡർ നൽകിയിട്ടുണ്ടെന്നാണ് നേതാക്കൾ അറിയിച്ചത്. ഇനി വിജയിക്കാനായില്ലെങ്കിൽ കേന്ദ്രത്തിലെ ബിജെപിയുടെ തുടർഭരണത്തിന് ലഡു വിതരണം ചെയ്യുമെന്ന ആത്മവിശ്വാസമാണ് നേതാക്കൾ പങ്കുവെയ്ക്കുന്നത്. അതേസമയം കേരളത്തിലെ ബിജെപിയുടെ അവകാശവാദങ്ങളെല്ലാം തള്ളുകയാണ് ഇടത്-വലത് മുന്നണികൾ . ഇത്തവണ യാതൊരു അത്ഭുതവും നടക്കില്ലെന്നും കേരളത്തിൽ താമര വിരിയില്ലെന്നും നേതാക്കൾ പറയുന്നു.












Click it and Unblock the Notifications