• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോന്നിയും വട്ടിയൂര്‍ക്കാവും പിടിച്ചെടുത്ത് എല്‍ഡിഎഫ്; തിരിച്ചടിച്ച് ഷാനിമോള്‍, ബിജെപി നിഷ്പ്രഭം

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയുമാണ് ഏറെ ശ്രദ്ധേയമായത്. രണ്ടു മണ്ഡലങ്ങളും യുഡിഎഫില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു. എറണാകുളത്ത് തിളക്കം നഷ്ടപ്പെട്ട വിജയമാണ് യുഡിഎഫിനുണ്ടായത്. എന്നാല്‍ അരൂര്‍ പിടിച്ചെടുത്തത് ഷാനിമോള്‍ക്കും യുഡിഎഫിനും നേട്ടമാണ്. അവസാന നിമിഷം വരെ മുള്‍മുനയില്‍ നിന്ന മണ്ഡലമായി അരൂര്‍.

മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ മുന്നില്‍ തന്നെയായിരുന്നു. ബിജെപി വീണ്ടും അക്കൗണ്ട് തുറന്നേക്കുമെന്ന സാധ്യതകള്‍ പൂര്‍ണണായും തകര്‍ന്നു. ദയനീയമായ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. സാധ്യതയുണ്ടെന്ന് ബിജെപി അവകാശപ്പെട്ട മൂന്ന് മണ്ഡലങ്ങളിലും വളരെ പിന്നാക്കംപോയി.....

പൊതു ചിത്രം ഇങ്ങനെ

പൊതു ചിത്രം ഇങ്ങനെ

വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ വികെ പ്രശാന്ത് തുടക്കം മുതലേ മുന്നേറ്റം കാണിച്ചു. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എംസി കമറുദ്ദീന്‍ ലീഗ് കേന്ദ്രങ്ങളെ പോലും ഞെട്ടിക്കുന്ന പ്രകടനം വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ കാഴ്ചവച്ചു. പിന്നീട് തിരിച്ചിറങ്ങിയതുമില്ല. എറണാകുളത്ത് ആദ്യ വേളയില്‍ ഇഴഞ്ഞുനീങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദ് പിന്നീട് വേഗത കൂട്ടി. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍ ആദ്യത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് ഇടിച്ചുകയറുന്നതായിരുന്നു കാഴ്ച. അരൂര്‍ ഷാനിമോള്‍ ഉസ്മാന് ഇത്തവണ ആശ്വാസം നല്‍കുമെന്ന മട്ടിലായിരുന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള തുടക്കം മുതലുള്ള സൂചനകള്‍.

മേയര്‍ ബ്രോ കലക്കി

മേയര്‍ ബ്രോ കലക്കി

എന്‍എസ്എസ് പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ജാതി സമവാക്യത്തിന് വന്‍ പ്രാധാന്യമുള്ള മണ്ഡലം. എന്നാല്‍ എല്ലാം തകിടംമറിച്ചാണ് വികെ പ്രശാന്ത് മുന്നേറിയത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ അദ്ദേഹത്തെ മണ്ഡലവാസികള്‍ ഏറ്റെടുത്തുവെന്നാണ് വ്യക്തമാകുന്നത്. ബിജെപി വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് മറിക്കുമെന്ന കെ മുരളീധരന്റെ ആരോപണം ഇനി കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുക്കാനാണ് സാധ്യത. എന്‍എസ്എസിനെ ഇകഴ്ത്തി കാണിക്കാന്‍ ബിജെപി നീക്കം നടത്തുന്നുണ്ടെന്നായിരുന്നു മുരളീധരന്റെ ആരോപണം. കഴിഞ്ഞതവണ കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലത്തില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥി സുരേഷ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 കോന്നിയില്‍ 23 വര്‍ഷത്തിന് ശേഷം

കോന്നിയില്‍ 23 വര്‍ഷത്തിന് ശേഷം

കോന്നിയില്‍ ഞെട്ടിപ്പിക്കുന്ന മുന്നേറ്റമാണ് ഇടതുസ്ഥാനാര്‍ഥി ജനീഷ് കുമാര്‍ കാഴ്ചവച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും കോണ്‍ഗ്രസിലുണ്ടായിരുന്ന പാളിച്ചകള്‍ ഇടതുപക്ഷത്തിന് നേട്ടമായി. ഇവിടെ എടുത്തുപറയേണ്ട കാര്യം കെ സുരേന്ദ്രന്റെ പരാജയമാണ്. പ്രചാരണത്തില്‍ തിളങ്ങിനിന്ന അദ്ദേഹത്തിന് വോട്ട് കൂടിയെങ്കിലും തോറ്റു. പക്ഷേ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി മോഹന്‍രാജിനേക്കാള്‍ പിന്നിലാണ് സുരേന്ദ്രന്‍. 23 വര്‍ഷങ്ങളായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലം നിലനിര്‍ത്താന്‍ മോഹന്‍രാജിന് സാധിച്ചില്ല.

അരൂര്‍ പിടിച്ചെടുത്ത് ഷാനിമോള്‍

അരൂര്‍ പിടിച്ചെടുത്ത് ഷാനിമോള്‍

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ തുടക്കം മുതല്‍ മുന്നേറ്റം കാഴ്ചവച്ചു. പിന്നീട് അവരുടെ യാത്ര ഇടയ്ക്ക് മന്ദഗതിയിലായെങ്കിലും വീണ്ടും മുന്നേറി. എല്ലാ മണ്ഡലങ്ങളിലും ചിത്രം തെളിഞ്ഞപ്പോഴും കലങ്ങി നിന്നത് അരൂര്‍ ആയിരുന്നു. ഷാനിമോള്‍ ഇത്തവണ ജയിച്ചുകയറുമെന്ന് ഉറപ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു. ചില ഇടതുകേന്ദ്രങ്ങളില്‍ പോലും ഷാനിമോളുടെ ജൈത്രയാത്ര പ്രകടമായിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലം ഷാനിമോളിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുന്നു. മനു സി പുളിക്കല്‍ ഷാനിമോള്‍ക്ക് തൊട്ടുപിന്നിലെത്തിയെങ്കിലും ഏറ്റവും ഒടുവില്‍ മുന്നേറ്റം സാധ്യമായില്ല. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ചിത്രത്തിലുണ്ടായിരുന്നില്ല.

എറണാകുളത്ത് മങ്ങിയ ജയം

എറണാകുളത്ത് മങ്ങിയ ജയം

യുഡിഎഫിന്റെ ശക്തി കേന്ദ്രമായ എറണാകുളത്ത് പ്രതീക്ഷിച്ച മുന്നേറ്റം ടിജെ വിനോദിന് കാഴ്ചവയ്ക്കാന്‍ തുടക്കം മുതല്‍ സാധിച്ചില്ലെങ്കിലും വിജയം ഉറപ്പായിരുന്നു. കോര്‍പറേഷനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന സമയം കൂടിയാണിത്. കനത്ത മഴ വോട്ടെടുപ്പിനെ ബാധിച്ചത് യുഡിഎഫിന് വോട്ടുകുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍. വിനോദിന്റെ വിമതന്‍ രണ്ടായിരത്തിലധികം വോട്ട് നേടിയത് യുഡിഫിന് വോട്ടുകുറച്ചു. യുഡിഎഫിന് വോട്ട് ചോര്‍ച്ചയുണ്ടായി എന്നത് സത്യമാണ്. ഇക്കാര്യം പരിശോധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇടതുപക്ഷ സ്വതന്ത്രനായി മല്‍സരിച്ച പുതുമുഖം മനുറോയ് ആണ് രണ്ടാംസ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥി രാജഗോപാലിന് കാര്യമായ ഇളക്കമുണ്ടാക്കാന്‍ സാധിച്ചില്ല.

 മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് തന്നെ

മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് തന്നെ

മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എംസി കമറുദ്ദീന്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചു. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയ വേളയില്‍ പൂര്‍ണഫലം വന്ന ശേഷം മതി പ്രകടനമെന്ന് നേതൃത്വം ഇടപെടുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മികച്ച വിജയമാണ് നേടിയത്. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ പതിവ് പോലെ രണ്ടാംസ്ഥാനത്ത്. ഇടതുപക്ഷ സ്ഥാനാര്‍ഥി ശങ്കര്‍ റെ മൂന്നാംസ്ഥാനത്താണ്.

ഹരിയാണയില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപി കോട്ടകള്‍ തകര്‍ന്നു, എക്‌സിറ്റ് പോള്‍ ഫലം തെറ്റി

English summary
Haryana Election Results 2019: Congress Reaches Out To Dushyant Chautala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X