തൃശൂർ എടുക്കാൻ പറ്റിയില്ല! എന്നാലും നന്ദി പറഞ്ഞ് സുരേഷ് ഗോപി... വോട്ട് ചെയ്യാത്തവർക്കും! പൊങ്കാലയും...
തൃശൂര്‍: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് സുരേഷ് ഗോപി മത്സരിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ലീഡ് ചെയ്ത് മുന്നോട്ട് വന്നെങ്കിലും ഫലം വന്നപ്പോള്‍ സുരേഷ് ഗോപി തോറ്റു.
തിരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസം, വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. വോട്ട് ചെയ്യാത്തവര്‍ക്കും ഉണ്ട് നന്ദി. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ 'പൊങ്കാലയും' അരങ്ങേറുന്നുണ്ട്. പരിശോധിക്കാം...

തൃശൂരിന് നന്ദി
'തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! വോട്ട് നല്‍കാത്തവര്‍ക്കും നന്ദി!'- ഇങ്ങനെയാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്തായാലും സുദീര്‍ഘമായ ഒരു കുറിപ്പല്ല സുരേഷ് ഗോപി ഈ വൈകിയ വേളയില്‍ എഴുതിയിരിക്കുന്നത്.

സ്‌നേഹം മാത്രം
'ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോനോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!' - ഇങ്ങനെയാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

മൂന്നാം സ്ഥാനത്ത്
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ തരക്കേടില്ലാത്ത ലീഡ് ഉണ്ടായിരുന്നു സുരേഷ് ഗോപിയ്ക്ക്. തൃശൂരില്‍ താമര വിരിയും എന്ന പ്രതീക്ഷ പലരിലും അത് ഉണര്‍ത്തുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 40457 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായിപ്പോയി. സിപിഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ആണ് വിജയിച്ചത്.

പൊങ്കാല
സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിറകെ തന്നെ കമന്റുകളുടെ 'പൊങ്കാലയും' തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്ത് വരുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എങ്കില്‍ പോലും അല്‍പം സ്‌നേഹം കലര്‍ന്നതാണ് ഈ പൊങ്കാല എന്ന് പറയാതെ വയ്യ!

തൃശൂര്‍ അവിടെ വച്ചതിന്
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ ആ വിഖ്യാത ഡയലോഗ് ഉണ്ടായത്. 'തൃശൂര്‍ ഞാനങ്ങ് എടുക്കുവാ' എന്നായിരുന്നു അത്. അതിനെ പിന്‍പറ്റി 'തൃശൂര്‍ അവിടെ തന്നെ വച്ചതിന് നന്ദി' എന്നതാണ് കമന്റുകളില്‍ അധികവും!

ബിജെപി ആയതുകൊണ്ട്
സുരേഷ് ഗോപിയെ കുറിച്ച് പലരും മോശമായി ഒന്നും പറയുന്നില്ല. സുരേഷ് ഗോപിയെ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാണ് ഇവരുടെ അഭിപ്രായം. ബിജെപി സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് മാത്രമാണ് സുരേഷ് ഗോപി പരാജയപ്പെട്ടത് എന്നും ഇവര്‍ പറയുന്നു. സ്വതന്ത്രനായി മത്സരിച്ചാല്‍ സുരേഷ് ഗോപി ജയിച്ചേനെ എന്നും ചിലര്‍ പറയുന്നുണ്ട്.

അവിടെ നിന്ന് രക്ഷപ്പെടൂ
ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നതാണ് സുരേഷ് ഗോപിയുടെ പരാജയത്തിന് കാരണം എന്നാണ് ഭൂരിപക്ഷം പേരുടേയും വിലയിരുത്തല്‍. പുതിയ പാഠങ്ങളില്‍ അത് കൂടി ഉള്‍പ്പെടുത്തി ബിജെപിയില്‍നിന്ന് പുറത്ത് വരൂ എന്ന് പറയുന്നവരും ഏറെയാണ്.

ഇനി അരുത്
സുരേഷ് ഗോപി മാത്രമല്ല, ഇ ശ്രീധരനും പരാജയപ്പെട്ടത് ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചതുകൊണ്ടാണെന്ന് ചിലര്‍ പറയുന്നുണ്ട്. അതുകൊണ്ട്, ഇനി ഒരിക്കലും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ച് പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കല്ലേ എന്നാണ് ഇവരുടെ ഉപദേശം. ബിജെപിക്ക് വേണ്ടി മത്സരിച്ചാല്‍ ഒരിക്കലും ജയിക്കില്ലെന്നും ചിലര്‍ പറയുന്നു.

കേരളത്തിന് വേണ്ടി ചെയ്യരുത്
സുരേഷ് ഗോപി പരാജയപ്പെട്ടതിന് കേരളത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന ചില കമന്റുകളും പോസ്റ്റിന് താഴെ കാണാം. കേരളത്തിന് വേണ്ടി ഇനി ഒന്നും ചെയ്യരുത് എന്നാണ് ഒരാളുടെ കമന്റ്. പിന്നാക്കം നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പോയി ആളുകളെ സഹായിക്കണം എന്നാണ് പറയുന്നത്. വിശ്വാസി ആയതുകൊണ്ട് മാത്രമാണ് സുരേഷ് ഗോപി പരാജയപ്പെട്ടത് എന്ന് കണ്ടെത്തുന്ന ചിലരും ഉണ്ട്.

ഒമര്‍ ലുലു
സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ സംവിധായകന്‍ ഒമര്‍ ലുലുവും കമന്റ് ചെയ്തിട്ടുണ്ട്. സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മത്സരിക്കൂ, തൃശൂര്‍ ഞങ്ങള്‍ തരും എന്നാണ് ഒമര്‍ ലുലുവിന്റെ കമന്റ്. ആറായിരത്തിലധികം പേരാണ് ഈ കമന്‌റ് മാത്രം ലൈക്ക് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications