രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’
പാലക്കാടിന് പുറമേ പത്ത് മണ്ഡലങ്ങളിൽ ബിജെപി-സിപിഎം അവിശുദ്ധ ബന്ധമുണ്ടെന്ന് കോൺഗ്രസും 1991ലെ 'കോലീബി സഖ്യം’ (കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം) ഇന്നും നിലനിൽക്കുന്നെന്ന് സിപിഎമ്മും ആരോപിച്ച് 'ഡീൽ’ വാക്പോര് തുടരുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും സജീവ ചർച്ചാവിഷയമാകുകയാണ് രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ആ കൂട്ടുകെട്ടിന്റെ ചരിത്രം. കേരളത്തിൽ ലക്ഷണമൊത്തൊരു മുന്നണി സംവിധാനം രൂപപ്പെടുന്നത് 1980ൽ എൽഡിഎഫും യുഡിഎഫും വന്നതോടെയാണ്. അന്നുമുതലുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് വലിയൊരു മാറ്റം സംഭവിക്കുന്നത് 1991ലാണെന്ന് പറയാം. പക്ഷേ, അത് പെട്ടെന്നുണ്ടായ ഒന്നായിരുന്നില്ല. 1980കൾ മുതൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സാഹചര്യങ്ങളിലെ ആന്തരികമായ ഉരുൾപൊട്ടലുകളുടെ അനുരണനമായിരുന്നു അത്.
45 വർഷത്തെ മുന്നണി ചരിത്രം പരിശോധിച്ചാൽ ജനാധിപത്യത്തിലെ നൈതികതയുടെ ആവിഷ്കാരമല്ല, മറിച്ച് അധികാരത്തിലേക്കുള്ള പരകായ പ്രവേശമാണ് മുന്നണി സംവിധാനത്തിലൂടെ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച് വന്നിരുന്നതെന്ന് കാണാം. ഈ നാലര പതിറ്റാണ്ടിനിടെ മുന്നണി സംവിധാനത്തിലുണ്ടായ നിർണായക വഴിത്തിരിവാണ് 1991ലെ 'കോലീബി സഖ്യം’ എന്ന കോൺഗ്രസ്-ബിജെപി-ലീഗ് ചേർന്ന രഹസ്യ തെരഞ്ഞെടുപ്പ് സഖ്യം.

ഈ മുക്കൂട്ട് സഖ്യത്തിലെ പൊതു സ്വതന്ത്രരാണ് വടകര ലോക്സഭ മണ്ഡലത്തിലും ബേപ്പൂർ നിയമസഭ മണ്ഡലത്തിലും 1991ൽ മത്സരിച്ചത്. വടകരയിൽ മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ എം. രത്‌നസിങ്ങും ബേപ്പൂരിൽ ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റായിരുന്ന ഡോ. കെ. മാധവന്‍കുട്ടിയുമായിരുന്നു പൊതു സ്വതന്ത്രർ. ഇരുവരും ബിജെപി നോമിനികളായിരുന്നു. 1971 മുതൽ തുടർച്ചയായി വടകര മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന കെ.പി. ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്തുകയായിരുന്നു സഖ്യത്തിന്റെ ലക്ഷ്യം.
'കോലീബി സഖ്യം വടകരയിലെ പ്രാദേശിക ധാരണ അല്ലായിരുന്നു. രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് സഖ്യമുണ്ടാക്കിയത്. അന്ന് കോൺഗ്രസ് (എസ്)ലായിരുന്ന ഞാൻ വടകരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ എന്ത് വിലകൊടുത്തും എന്നെ തോൽപിക്കേക്കണ്ടതുണ്ടെന്ന് ഇവിടത്തെ ചില കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രാജീവ് ഗാന്ധിയും ചില ലീഗ് നേതാക്കളും ഇക്കാര്യത്തിൽ എന്നോട് സോറി പറയുകയും ചെയ്തു’- അടുത്തിടെ അന്തരിച്ച കെ.പി. ഉണ്ണികൃഷ്ണൻ അന്നത്തെ മുക്കൂട്ട് സഖ്യത്തെ കുറിച്ച് പിന്നീട് ഓർത്തെടുത്തത് ഇങ്ങനെ.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗമുണ്ടായിട്ടും 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് കോലീബി സഖ്യത്തെ തകർക്കാനും ഉണ്ണികൃഷ്ണന് കഴിഞ്ഞു. ബേപ്പൂരിൽ ജയിച്ചത് സിപിഎമ്മിന്റെ ടി.കെ. ഹംസയാണ്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ഘടനയക്ക് പോലും പോറേൽപ്പിക്കാൻ തക്ക കരുത്തുണ്ടായിരുന്ന കോലീബി സഖ്യം സംബന്ധിച്ച ആരോപണം അന്നുതന്നെ ഉയർന്നിരുന്നെങ്കിലും അക്കാര്യം ഔദ്യോഗികമായി പുറത്തു വരുന്നത് സംഭവം നടന്ന ഏകദേശം ഏഴ് വർഷം പിന്നിട്ടപ്പോളാണ്.
1998ൽ ആർഎസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച 'കെ.ജി. മാരാർ-രാഷ്ട്രീയത്തിലെ സ്നേഹ സാഗരം' എന്ന പുസ്തകത്തിലൂടെ. ബിജെപി സംസ്ഥാന നേതാവും ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ.ജി. മാരാരുമായി അടുപ്പമുണ്ടായിരുന്ന കെ. കുഞ്ഞിക്കണ്ണൻ എഴുതിയതായിരുന്നു ആ പുസ്തകം. അഡ്വ. എം. രത്‌നസിങിന്റെ, 2014ൽ പ്രസിദ്ധീകരിച്ച 'എപ്പിലോഗ്’ എന്ന ആത്മകഥയിലും ഈ സംഭവത്തിലെ വസ്തുത കുറേക്കൂടി വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് തുടർച്ചയായി, ഇതേ കാര്യം അന്ന് ബേപ്പൂരിൽ മത്സരിച്ച ഡോ. കെ. മാധവന്‍കുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി.
വടകരയിലും ബേപ്പൂരിലും ഔദ്യോഗികമായും പരസ്യമായും ധാരണയുണ്ടായപ്പോള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഒ. രാജഗോപാലിനെയും തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍പിള്ളയെയും മഞ്ചേശ്വരത്ത് കെ.ജി.മാരാരെയും സഹായിക്കാമെന്നും പകരം സഹായിക്കേണ്ട മണ്ഡലങ്ങളുടെയും ലിസ്റ്റ് കൈമാറപ്പെടുകയും ചെയ്തുവെന്ന് കെ.ജി. മാരാരെ കുറിച്ചുള്ള പുസ്തകത്തിൽ പറയുന്നു. കേരളത്തിൽ ബിജെപിയുടെ ആദ്യ എംഎൽഎയായ ഒ. രാജഗോപാലിന്റെ ആത്മകഥയായ 'ജീവിതാമൃതം' എന്ന പുസ്തകത്തിലും കോലീബി സഖ്യത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്.












Click it and Unblock the Notifications